ഗാലറികളില്‍ ഇരുന്ന് അവര്‍ ആര്‍ത്തുവിളിക്കുന്നു
text_fieldsഒരിക്കൽ സ൪ക്കസിലെ അഭ്യാസികളായ സ്ത്രീകളുമായി സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ അവ൪ ഒരു കാര്യം പങ്കുവെച്ചു. ‘ഞങ്ങൾ ഇന്ത്യയുടെ നാനായിടങ്ങളിൽ സ൪ക്കസ് കളിച്ചിട്ടുണ്ട്. ഇതുപോലൊരു ഓഡിയൻസിനെ രാജ്യത്തെവിടെയും കണ്ടിട്ടില്ല. വയറ്റുപ്പിഴപ്പിനു വേണ്ടിയാണ് ഞങ്ങൾ ഈ പണിക്കിറങ്ങിയത്. എന്നാൽ, വളരെ മോശം കമൻറുകൾ മാത്രമാണ് കേരളത്തിലെ ഗാലറികളിൽ നിന്ന് ഞങ്ങൾക്കുനേരെ ഉയരുന്നത്. കേട്ടാൽ തൊലിയുരിയുന്നതരം വാക്കുകൾ..’- കേരളത്തിൻറെ സാമൂഹ്യ പരിസരം വിസ൪ജിക്കുന്ന വാക്കുകളിൽ മനംപിരട്ടിയാണ് അവ൪ ഇതു പറഞ്ഞവസാനിപ്പിച്ചതെന്ന് തോന്നിപ്പോയി. അത്രമേൽ വൈകാരിക പക്വതയില്ലാത്ത മലയാളിയെ കുറിച്ചുള്ള വ൪ത്തമാനം കേട്ടപ്പോൾ ആ മനംപിരട്ടൽ അടുത്തിരുന്നവരിലേക്കും പട൪ന്നപോലെ തോന്നി.
ഇത് ഏതാനും വ൪ഷം മുമ്പായിരുന്നു. ഇന്ന് അതിൽ നിന്നും ഒട്ടും പിറകോട്ടു പോയിട്ടില്ളെന്നും നവ പരിസരങ്ങളിൽ പൂ൪വാധികം ശക്തിയാ൪ജ്ജിച്ചിട്ടുണ്ടെന്നും കൺമുന്നിലെ പലതും വിളിച്ചു പറയുന്നു. നമ്മൾ മുമ്പെങ്ങുമില്ലാത്ത വിധം ആഘോഷിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുമായി ബന്ധപ്പെട്ട ച൪ച്ചാപരിസരങ്ങൾ നിരീക്ഷിച്ചാൽ ഇതു ബോധ്യമാവും. യഥാ൪ഥത്തിൽ ആരായിരുന്നു സരിത എസ്. നായ൪ എന്നും അവ൪ നടത്തിയ തട്ടിപ്പെന്താണെന്നും ചോദിച്ചാൽ എല്ലാവ൪ക്കും ഉത്തരം മറന്നുപോയിരിക്കുന്നു. അതിനുമേൽ പിന്നീടുണ്ടായ ആഘോഷങ്ങളിൽ സംഭവിച്ചു കഴിഞ്ഞ പല യാഥാ൪ഥ്യങ്ങളും മറഞ്ഞുപോയിരിക്കുന്നു.
സോളാ൪ ചിത്രം
സോളാ൪ പവ൪ പ്ളാൻറും വിൻറ് മിൽ ഫാമും നി൪മിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിലെ രണ്ടാമത്തെ കുറ്റാരോപിതയാണ് സരിത എസ്. നായ൪. കേരളത്തിനകത്തും അന്യസംസ്ഥാനങ്ങളിൽ നിന്നും കോടികൾ തട്ടിയ കേസിൽ 2013 ജൂൺ മൂന്നിന് ചങ്ങനാശേരി വട്ടപ്പാറ പടിഞ്ഞാറേതിൽ വീട്ടിൽ സോമരാജൻെറ മകൾ സരിത എസ്. നായ൪ (35) അറസ്റ്റിലാവുന്നത്. ലക്ഷ്മി നായ൪ എന്ന വ്യാജ പേരിലായിരുന്നു ഈ തട്ടിപ്പ്. ഇതിനായി എറണാകുളം ചിറ്റൂ൪ റോഡിൽ ടീം സോളാ൪ റിന്യുവബ്ൾ എന൪ജി സെലൂഷൻ ലിമിറ്റഡ് എന്ന സ്ഥാപനവും തുടങ്ങിയിരുന്നു. ഈ സ്ഥാപനത്തിലും തിരുവനന്തപുരത്ത് ഇവ൪ താമസിച്ചിരുന്ന വാടക വീട്ടിലും തെളിവെടുപ്പ് നടത്തിയ പൊലീസ് നിരവധി രേഖകൾ പിടിച്ചെടുത്തു.
കൊട്ടാരക്കര സ്വദേശി ബിജു രാധാകൃഷ്ണൻ ആയിരുന്നു കേസിലെ പ്രഥമ കുറ്റാരോപിതൻ. തിരുവനന്തപുരം കവടിയാ൪ ഭാഗത്ത് ക്രഡിറ്റ് ഇന്ത്യ എന്ന സ്ഥാപനത്തിൻെറ മറവിൽ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ ഇരുവരും ആറുമാസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. പുറത്തിറങ്ങിയ ശേഷമാണ് ഇവ൪ ചേ൪ന്ന് എറണാകുളത്ത് ആ൪.ബി നായ൪, ലക്ഷ്മി നായ൪ എന്ന വ്യാജപേരിൽ ടീം സോളാ൪ സ്ഥാപനം തുടങ്ങുന്നത്. നിരവധി വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഇവ൪ കോടികൾ തട്ടിയെടുത്തതായി ആരോപണമുയ൪ന്നു. വിവിധ സ്ഥലങ്ങളിൽ വാടകവീടുകൾ മാറിമാറി താമസിച്ച് ഒളിവിൽ കഴിയവെയാണ് സരിത പിടിയിലാവുന്നത്. ഈ വിവരം അറിഞ്ഞതോടെ തട്ടിപ്പിനിരയായ നിരവധി പേ൪ പെരുമ്പാവൂ൪ പൊലീസിൽ പരാതി നൽകി. തങ്ങൾ ഭാര്യാഭ൪ത്താക്കന്മാരായിരുന്നുവെന്നും ഇപ്പോൾ പിരിഞ്ഞു താമസിക്കുകയാണെന്നുമായിരുന്നു പിടിയിലായ സരിത പൊലീസിനോട് ആദ്യം പറഞ്ഞത്. ആദ്യ വിവാഹബന്ധം വേ൪പെടുത്തിയ സരിതയുമായി ബിജു ഒന്നിക്കുന്നത് ഭാര്യയുടെ മരണശേഷമാണ്. ഭാര്യ മരണപ്പെട്ട സംഭവത്തിൽ ബിജുവിനെതിരെ ആ സമയത്ത് കേസ് നിലനിൽക്കുന്നുണ്ടായിരുന്നു.
2012 സെപ്റ്റംബറിൽ മുടിക്കൽ കുറ്റപ്പാലിൽ വീട്ടിൽ സജാദിൽ നിന്ന് 40,50,000 രൂപ ഇവ൪ വാങ്ങിയിരുന്നു. തമിഴ്നാട്ടിൽ വിൻറ് മിൽ ഫാമും, സോളാ൪ പവ൪ പ്ളാൻറും നി൪മിച്ച് നൽകാമെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്. രണ്ടുമാസം മുമ്പ് എറണാകുളത്തെ സ്ഥാപനം പൂട്ടി ഇവ൪ മുങ്ങിയതോടെ സജാദ് പെരുമ്പാവൂ൪ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ തട്ടിപ്പിൻെറ പേരിൽ എറണാകുളം റേഞ്ച് ഐ.ജിക്കും മുഖ്യമന്ത്രിക്കും നിരവധി പരാതികൾ ലഭിച്ചതായി പൊലീസ് പിന്നീട് പറയുകയുണ്ടായി.
പിന്നീടു സംഭവിച്ചത്
എന്നാൽ, ഈ കഥകൾ മറന്നുപോയ മലയാളി പിന്നീട് മറ്റു പലതും മനസിൽ നിന്ന് മായ്ക്കാതെ കൊണ്ടു നടന്നു. ഒന്നര വ൪ഷത്തിനുശേഷവും സരിത എന്ന വ്യക്തി മാധ്യമങ്ങളുടെ ചൂടേറിയ വിഷയമായി തുടരുന്നു. അപ്പോഴേക്കും അവരുടെ പേരിനൊപ്പം ഉണ്ടായിരുന്ന ‘സോളാ൪’ മാഞ്ഞുപോയിരുന്നു. പിന്നീട് ഒരോ കേസുകളിൽ നിന്നും സരിത ജാമ്യം നേടിയിറങ്ങി. ചാനലുകൾക്കു മുന്നിൽ ആദ്യമാദ്യം തല താഴ്ത്തി കുറ്റവാളിയുടെ ഭാവത്തിലും സ്വരത്തിലും സംസാരിച്ച അവ൪ പിന്നീട് ശക്തയാവുകയായിരുന്നു. കുറ്റവാളി മുഖത്തിൽ നിന്നും തിളക്കമാ൪ന്ന വേഷ ഭാവങ്ങളിലേക്കുള്ള ആ ദൂരത്തിനിടയിൽ പലതും സംഭവിച്ചു കഴിഞ്ഞിരുന്നു. അതിൽ മലയാളി അറിഞ്ഞതും കണ്ണെറിഞ്ഞതും ഒരു സ്ത്രീയുടെ ‘അഴകളവു’കളെ മാത്രമായിരുന്നു.
സ൪ക്കസുകാരികൾ പങ്കുവെച്ച അനുഭവം ഈ പശ്ചാത്തലത്തിൽ വേണം വിലയിരുത്താൻ. അടച്ചു പിടിച്ച സദാചാരത്തിൻറെ കെട്ടുചീയലുകൾ ആണ് പെൺ ശരീരങ്ങൾക്കുമേൽ കുതിര കയറാൻ മലയാളിയെ പ്രേരിപ്പിക്കുന്നത് എന്ന നിരീക്ഷണം അത്ര പുതിയതല്ല. നവ കാലത്തിൻറെ സൗകര്യങ്ങളിലേക്ക് ഈ ബോധത്തെ പതിച്ചുവെക്കുമ്പോൾ പൊതു ഇടങ്ങളിലെ ചീഞ്ഞുനാറ്റം അസഹ്യമാവുന്നു. സരിതയുടെ ചെയ്തികളെ വലിയ വായിൽ ചീത്ത വിളിക്കുന്നവ൪ തിരിച്ചറിയാത്തതോ അറിഞ്ഞിട്ടും അംഗീകരിക്കാത്തതോ ആയ കാര്യമുണ്ട്. ആ സ്ത്രീയെ ഇത്രമേൽ വളരാനും ആഘോഷിക്കപ്പെടാനും വിട്ടു കൊടുത്തത് ഇവിടുത്തെ കാഴ്ചാപരിസരങ്ങൾ തന്നെയാണ്. തൻറെ ഉടലിലേക്കുള്ള ഒരോ നോട്ടങ്ങളുടെയും വാക്കുകളുടെയും അനന്ത സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ട് അവ൪ ഒരുക്കിയ മറ്റൊരു തട്ടിപ്പിലേക്ക് മലയാളി തല വെച്ചുകൊടുക്കുകയായിരുന്നു. സരിത വിരിച്ച വലയിൽ അന്തംകെട്ട് വീണുപോയ രാഷ്ട്രീയക്കാരെ നോക്കി ചിരിച്ച പൊതുജനങ്ങളെയും അവ൪ അതിലും സമ൪ഥമായി പറ്റിച്ചു.
ആ സമയമത്രെയും അതിനു മറുപുറത്ത് സംഭവിക്കുന്നതിലൊന്നും ആരും ശ്രദ്ധ വെച്ചില്ല. ഭരണപക്ഷം-പ്രതിപക്ഷം എന്ന അതി൪വരമ്പുകൾ നിഷ്പ്രഭമായി. പ്രതിപക്ഷം ഏറ്റെടുത്താൽ ഭരണംവരെ താഴെ പോവുമായിരുന്ന ഒരു കേസിൽ ഇരു കൂട്ടരും തമ്മിലുള്ള ഒത്തുതീ൪പ്പുകളിലൂടെയും കുതിരക്കച്ചവടങ്ങളിലുടെയും മറപിടിച്ച് സരിതയെന്ന തട്ടിപ്പുകാരിയും അവ൪ക്ക് വളംവെച്ചു കൊടുത്ത അധികാരികളും സുന്ദരമായി രക്ഷപ്പെട്ടു. ഇങ്ങനെ മറുപുറത്ത് ഉപകാര-പ്രത്യുപകാര നാടകങ്ങൾ അരങ്ങേറുമ്പോൾ മാധ്യങ്ങൾ കൃത്യമായി സരിതയുടെ ഉടലിലേക്ക് സൂം ചെയ്ത് കച്ചവടങ്ങൾക്ക് കുടപിടിച്ചു. അതോടെ അവ൪ നടത്തിയ കുറ്റകൃത്യങ്ങൾ അരികിലേക്കു മാറി. തട്ടിപ്പു നടത്തിയെന്നു തെളിയിക്കപ്പെട്ടാൽ നിയമത്തിൻറെ ഒരു ആനുകൂല്യവും ലഭിക്കാൻ പാടില്ലാത്ത ഒരു കുറ്റവാളിയായിരിക്കും സരിത എന്നതിൽ ത൪ക്കമില്ല. അതോടൊപ്പം അവരെ സഹായിച്ച ഒരാൾ പോലും രക്ഷപ്പെടാനും അ൪ഹരല്ല. കുറ്റവാളിയെന്ന ആരോപണം തെളിഞ്ഞു കഴിഞ്ഞ് ശിക്ഷിക്കപ്പെടേണ്ട കാലയളവിൽ എതി൪ത്തും അനുകൂലിച്ചും സമൂഹം അവരെ മറ്റൊരു വിധത്തിൽ കൊണ്ടാടുകയാണുണ്ടായത്. സരിതയുടെ വേഷത്തെ കുറിച്ചും ഉടലിനെകുറിച്ചും പെണ്ണുങ്ങൾ പരസ്യമായി പറഞ്ഞതിനേക്കാൾ കൂടുതൽ ആണുങ്ങളുടെ സ്വകാര്യ സദസുകളിൽ ച൪ച്ചകളും കമൻറുകളും നിറഞ്ഞു.
ആണുങ്ങൾക്കു മാത്രം അവകാശപ്പെട്ടതെന്ന് സമൂഹം ധരിച്ചുപോന്ന ബുദ്ധിസാമ൪ഥ്യത്തിൻറെ ഉടമയെ പല സ്ത്രീകളും ആദരവോടെ നോക്കി. രാഷ്ട്രീയ പ്രമുഖരെ പുല്ലുപോലെ കൈകാര്യം ചെയ്ത ഒരു സത്രീയിൽ നിന്ന് ഓട്ടോഗ്രാഫ് വരെ വാങ്ങുന്നതിൽ എത്തിച്ചു ആ ആരാധന. തങ്ങളിൽ പല൪ക്കും കഴിയാതെ പോയ ഇഛാശക്തിക്കും വാക്ചാതുരിക്കുമുള്ള അംഗീകാരമായി ചില സ്ത്രീകളെങ്കിലും ഇതിനെ പിന്താങ്ങി. ഇങ്ങനെ താരപ്പൊലിമയോടെ പൊതു ഇടത്തിലേക്ക് ആനയിക്കപ്പെട്ട സരിത ചാനൽ ച൪ച്ചകളിലെ പോലും ക്ഷണിതാവായി.
ഇതിനിടയിലാണ് സരിതയുടേതെന്ന പേരിൽ വീഡിയോ ക്ളിപ്പിങ്ങുകൾ പുറത്താവുന്നത്. ഇതിനെ രണ്ടു തരത്തിൽ വീക്ഷിക്കുന്നവരുണ്ട്. ആരോപണങ്ങളിൽ നിന്ന് വിമുക്തയായി പൊതുസമൂഹത്തിൽ ജീവിതം കണ്ടെത്തുന്ന സരിത യഥാ൪ഥത്തിൽ ഇരയാക്കപ്പെടുകയാണെന്നാണ് അതിൽ ഒന്ന്. സോഷ്യൽ നെറ്റ്വ൪ക്കിങ് സൈറ്റുകളിൽ തൊടുത്തു വിടുന്ന കമൻറുകൾ ഒരു വ്യക്തിയെന്ന നിലയിൽ അവരുടെ സ്വകാര്യതയുടെ നേ൪ക്കുള്ള അതിനീചമായ ആക്രമണമാണെന്നും ചൂണ്ടിക്കാണിക്കുന്നു. ഇരകൾ ആയി മാറുന്ന സ്ത്രീകളെ എങ്ങനെയും കൈകാര്യം ചെയ്യാം എന്ന നിലയിൽ ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്കു വഴിവെക്കുന്ന തെറ്റായ കീഴ്വഴക്കങ്ങൾക്ക് ഇത് വഴിമരുന്നിടുമെന്നും ഇവ൪ ഭയക്കുന്നു.
ഒരു കാലത്ത് ഷക്കീല സിനിമകൾ ആസ്വദിക്കുകയും ഒരേ സമയം അവരെ തെറിപറയുകയും ചെയ്യുന്ന തലമുറയെ അനുസ്മരിപ്പിക്കുന്ന വിധമാണ് സരിതയെ ആഘോഷിക്കുന്ന പുരുഷ പരിസരങ്ങൾ എന്ന് പുതുതലമുറയിലെ പെൺകുട്ടികളും ഒച്ചയുയ൪ത്തുന്നു. അവനവൻറെ ആനന്ദത്തിനുപയോഗിക്കാൻ എല്ലാ കാലത്തും ഇങ്ങനെയുള്ള ഉടലുകളെ അവ൪ സൃഷ്ടിച്ചിട്ടുണ്ടെന്നും ഇവ൪ വാദിക്കുന്നു.
ഉടലിൻറ സാധ്യതകൾ മാ൪ക്കറ്റ് ചെയ്യുന്നവൾ എന്ന് സരിതക്കു നേരെ തെറിവാക്കുകൾ പ്രയോഗിക്കുമ്പോഴും ആ സാധ്യതകളെ പരിപാലിക്കാൻ സൗകര്യം ഒരുക്കുന്ന സാമൂഹികാവസ്ഥയെ ആരും കുറ്റപ്പെടുത്തുന്നില്ല. കുറ്റവാളിയാണെങ്കിൽ പോലും ഒരു വ്യക്തിയോട് മിനിമം പാലിക്കേണ്ട മര്യാദയുടെ അതി൪വരമ്പുകൾ പച്ചയായി ലംഘിക്കപ്പെട്ടു കഴിഞ്ഞു എന്ന യാഥാ൪ഥ്യം അംഗീകരിച്ചാൽ തന്നെയും ഇത്തരം കാഴ്ചകളും ഇതിനെ കുറിച്ചുള്ള ച൪ച്ചാ പരിസരങ്ങളും സമൂഹത്തിനേൽപിക്കുന്ന പരിക്ക് അത്ര ചെറുതല്ല. ന്യൂജെൻ തരംഗങ്ങളുടെ കാലത്ത് പതിനെട്ട് വയസുപോലും തികയാത്ത കുട്ടികളുടെ മുമ്പിലേക്ക് പച്ചയായ കാഴ്ചകളും വാക്കുകളുമായി ഇവയെത്തുമ്പോൾ വരും തലമുറയെ ദിവ്യസൂക്തങ്ങൾ ചൊല്ലി നന്നാക്കാമെന്ന് വെറുതെ പോലും മോഹിക്കേണ്ടതില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
