തിരുവനന്തപുരം: തലസ്ഥാനത്തെ മതസാംസ്കാരിക കേന്ദ്രമായ ഇസ്ലാമിക് സെൻററിന് നേരെ സാമൂഹികവിരുദ്ധ൪ നടത്തിയ പെട്രോൾ ബോംബ് ആക്രമണത്തിൽ വ്യാപക പ്രതിഷേധം. ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ ജില്ലാ ഓഫിസുകൾ പ്രവ൪ത്തിക്കുന്ന പാളയം മാ൪ക്കറ്റിന് സമീപത്തെ ഇസ്ലാമിക് സെൻററിന് നേരെ ചൊവ്വാഴ്ച അ൪ധരാത്രിക്ക് ശേഷമാണ് ബൈക്കിലെത്തിയ സംഘം പെട്രോൾ ബോംബെറിഞ്ഞത്. സംഭവത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ ബഹുജന മാ൪ച്ചും പാളയം മാ൪ക്കറ്റിന് മുന്നിൽ ബഹുജനകൂട്ടായ്മയും നടന്നു.
ചൊവ്വാഴ്ച യൂനിവേഴ്സിറ്റി കോളജിൽ എസ്.ഐ.ഒ പ്രവ൪ത്തകനെ എസ്.എഫ്.ഐക്കാ൪ മ൪ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്ലാമിക് സെൻററിന് നേരെ രണ്ടംഗ സംഘം മൂന്ന് പെട്രോൾ ബോംബുകൾ എറിഞ്ഞത്. ബോംബേറിൽ സെൻററിലെ ബോ൪ഡുകൾ നശിച്ചു. പാളയത്തുനിന്നാരംഭിച്ച മാ൪ച്ചിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
ബഹുജനകൂട്ടായ്മ കേരള മത്സ്യത്തൊഴിലാളി യൂനിയൻ സംസ്ഥാന പ്രസിഡൻറ് ടി.പീറ്റ൪ ഉദ്ഘാടനം ചെയ്തു. ജനകീയ വിഷയങ്ങളിൽ ഇടപെട്ട് കരുത്ത് കാട്ടേണ്ടവ൪ സാമൂഹിക വിരുദ്ധ പ്രവ൪ത്തനം നടത്തുന്നത് പരിഹാസ്യമാണെന്നും ബോംബേറിന് പിന്നിൽ പ്രവ൪ത്തിച്ചവരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ.ഒ സംസ്ഥാന പ്രസിഡൻറ് എസ്. ഇ൪ഷാദ് മുഖ്യ പ്രഭാഷണം നടത്തി. യൂനിവേഴ്സിറ്റി കോളജിൽ എസ്.ഐ.ഒ നടത്തുന്ന പ്രവ൪ത്തനങ്ങളിലെ അസഹിഷ്ണുതയാണ് ബോംബാക്രമണത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
വെൽഫെയ൪ പാ൪ട്ടി ജില്ലാ വൈസ് പ്രസിഡൻറ് മധു കല്ലറ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് ടി.മുഹമ്മദ് വേളം ,അബ്ദുൽ മജീദ് നദ്വി (മൈനോറിറ്റി റൈറ്റ് വാച്ച്), ഷാജ൪ഖാൻ (എസ്.യു.സി.ഐ), സൈജു (എ.ഐ.ഡി.എസ്.ഒ സെക്രട്ടറി) ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി എച്ച്.ഷഹീ൪ മൗലവി തുടങ്ങിയവ൪ പങ്കെടുത്തു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻറ് എൻ.എം. അൻസാരി അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ ജില്ലാ പ്രസിഡൻറ് സക്കീ൪ നേമം സ്വാഗതവും ഹംസാ മൗലവി ഫാറൂഖി സമാപന പ്രസംഗവും നടത്തി