ഇലക്ഷന്‍ കാലത്തെ കരിഓയില്‍ ക്ഷാമം
text_fieldsഇഷ്ടമില്ലാത്ത സ്ഥാനാര്‍ഥികളുടെ പ്രചാരണ പോസ്റ്ററുകളില്‍ ഇഷ്ടംപോലെ പുരളുന്ന കരിഓയിലിന് മുംബൈയില്‍ മാത്രമല്ല നമ്മുടെ നാട്ടിലും ആവശ്യക്കാര്‍ ഏറെയുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് ഈ ദ്രാവകത്തിന് ക്ഷാമം തന്നെയോ എന്നും സംശയമുയരും.
സ്ഥാനാര്‍ഥിയെ വെറുക്കുന്ന വോട്ടര്‍മാര്‍ തന്നെ സഹികെട്ട് കരുതിക്കൂട്ടി എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ചിലപ്പോള്‍ കരിഓയിലിനെ കൂട്ടുപിടിക്കും. ചിലപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥികള്‍ ആളെ വെച്ചും പോസ്റ്ററുകളില്‍ അഭിഷേകം ചെയ്യിക്കും. കോലം കത്തിക്കലിന് തൊട്ടുമുമ്പുള്ള ഏറ്റവും വലിയ ശത്രുസംഹാര മാര്‍ഗങ്ങളില്‍ ഇത് പെടുന്നുവെന്നാണ് നാട്ടിന്‍ പുറത്തെ അവലോകരുടെ അഭിപ്രായം.
കരിഓയില്‍ പ്രയോഗത്തില്‍ സാക്ഷരകേരളം കുറച്ച് മുന്നിലാണ്. ദേഷ്യമുള്ള ആരുടെ നേരെയും അത് ഒഴിക്കാന്‍ നമുക്ക് മടിയില്ല. അതില്‍ ഇടതെന്നോ വലതെന്നോ വ്യത്യാസവുമില്ല. കുറച്ചുകാലം മുമ്പ് കെ.എസ്.യു അനിയന്മാര്‍ തലസ്ഥാനത്തൊരു കരിഓയില്‍ പ്രയോഗം നടത്തിയത് ആരും മറന്നിട്ടുണ്ടാകില്ല. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന യുവ ഐ.എ.എസുകാരന്‍ കേശവേന്ദ്ര കുമാറിന് നേരെയായിരുന്നു യുവതുര്‍ക്കികളുടെ പരാക്രമം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വടകര റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ആകാശവാണി സ്റ്റേഷന്‍ ഡയറക്ടറായിരുന്ന സി.പി. രാജശേഖരനും കരിഓയില്‍ പ്രയോഗത്തിന് ഇരയായിരുന്നു. അച്യുതാനന്ദനെതിരെ പരസ്യപ്രസ്താവന നടത്തിയതാണ് അദ്ദേഹത്തിന് വിനയായത്. വി.എസ് ഫാന്‍സ് അസോസിയേഷന്‍െറ സജീവപ്രവര്‍ത്തകരായിരിക്കണം അവര്‍. ഏതായാലും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സാക്ഷര കേരളത്തില്‍ ഏറ്റവുമധികം ഡിമാന്‍ഡ് വരുന്ന ഒരു വസ്തുവത്രേ കരി ഓയില്‍. ഓട്ടോ മൊബൈല്‍ വര്‍ക്ക്ഷോപ്പുകളിലെ വേസ്റ്റ് എന്ന നിലയില്‍ എഴുതിത്തള്ളേണ്ട ഒന്നല്ല ഈ ലായനി.
ഇതുകൊണ്ടുള്ള ക്ഷുദ്രപ്രവര്‍ത്തനങ്ങളിലിടാന്‍ വലിയ കുടിപ്പകയൊന്നും വേണമെന്നില്ല. വെറും കുനിഷ്ടോ കുന്നായ്മയോ മാത്രം മതി. നല്ല മെറ്റാലിക് പെയിന്‍റടിച്ച് തിളങ്ങിവരുന്ന കാറുകളില്‍ കല്ലും പൈസയും വെച്ച് വരച്ച് പോറലേല്‍പിക്കുന്നതുപോലെ ക്രൂരമായ ഒരു വിനോദം. ചുരുക്കി പറഞ്ഞാല്‍ സീറ്റ് നഷ്ടപ്പെട്ടവരും കരിഓയിലിന്‍െറ ഉപഭോക്താക്കളായി മാറാനിടയുണ്ട്. എതായാലും ഫ്ളക്സും ബാനറുമെല്ലാം അല്‍പം പൊക്കി കെട്ടുന്നതാണ് നല്ലതെന്ന കാര്യം പൊതുവെ സ്ഥാനാര്‍ഥികള്‍ക്ക് ബോധ്യമുണ്ട്.
പ്രൈമറിന് നല്ല വില കൊടുക്കണമെന്നതിനാല്‍ പകരമായി പലരും പണ്ട് മുതല്‍ക്കേ കരിഓയില്‍ ഉപയോഗിക്കാറുണ്ട്. പരസ്യമായി വര്‍ക്ക്ഷോപ്പുകളില്‍നിന്ന് കരിഓയില്‍ സംഘടിപ്പിക്കാന്‍ യഥാര്‍ഥ ആവശ്യക്കാര്‍പോലും മടിച്ചുനില്‍ക്കയാണ്. വെറുതെ മാനം കെടണോയെന്നാണ് ചിന്ത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
