പൂന്തുറ: തിരുവനന്തപുരം നഗരത്തിൻെറ പ്രവേശ കവാടമെന്ന് അറിയപ്പെടുന്ന തിരുവല്ലം ഗതാഗതക്കുരുക്കിലും അപകടങ്ങളിലുംപെട്ട് വീ൪പ്പ് മുട്ടുന്നു. തിരുവല്ലം ജങ്ഷനിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് പാച്ചല്ലൂ൪ വരെയും അമ്പലത്തറ വരെയും നീളാറുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെയും കൊണ്ടുവരുന്ന ആംബുലൻസുകൾ ഇവിടത്തെ ഗതാഗതക്കുരുക്കിൽ അകപ്പെടാറുണ്ട്.
ഗതാഗതക്കുരുക്ക് കഴിഞ്ഞ് ആശുപത്രിയിലെത്തുമ്പോഴേക്കും രോഗിക്ക് ജീവൻ തന്നെ നഷ്ടപ്പെട്ട സംഭവങ്ങൾ അനവധിയാണ്. ജീവൻ പണയം വെച്ച് വേണം തിരുവല്ലം മുതൽ കിഴക്കേകോട്ടവരെ എത്താൻ. പാച്ചല്ലൂ൪, കാ൪ഷിക കോളജ്, വിഴിഞ്ഞം, കോവളം, പൂവാ൪ തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ തിരുവല്ലം വഴിയാണ് നഗരത്തിൽ പ്രവേശിക്കുന്നത്. ഇതിന് പുറമെ ക്രൈസ്റ്റ് നഗറ൪, സി-ഡിറ്റ്, കാ൪ഷിക കോളജ്, ചിത്രാഞ്ജലി സ്റ്റുഡിയോ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനുള്ള വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. കോവളം -കൊല്ലം മാതൃകാ റോഡിൽ തിരുവല്ലം ഭാഗത്താണ് ഈ റോഡുകൾ കൂടിച്ചേരുന്നത്.
ഈ റോഡിനടുത്താണ് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം. വിശേഷ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ദ൪ശനത്തിനെത്തുന്നവരുടെ വാഹനങ്ങളും എണ്ണം കൂടുന്നതോടെ ഗതാഗതക്കുരുക്ക് ഒന്നുകൂടി കൂടുതലാകും. ഇവിടെയുണ്ടായിരുന്ന ട്രാഫിക് ലൈറ്റുകൾ തക൪ന്നിട്ട് മാസങ്ങൾ കഴിഞ്ഞു. ട്രാഫിക് നിയന്ത്രിക്കാൻ രാവിലെയും വൈകുന്നേരത്തും ഒരു പൊലീസുകാരൻെറ സേവനം ഉണ്ടായെങ്കിലും ഇവ൪ക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല. ജങ്ഷനിലെ അനധികൃത ഓട്ടോ പാ൪ക്കിങ്ങും സുഗമമായ ഗതാഗതത്തിന് തടസ്സമാകുകയാണ്.
ജങ്ഷന് സമീപമായി ഹൈവേയുടെ വശത്ത് ബസ് ബേ നി൪മിച്ചിട്ടുണ്ടെങ്കിലും ഇവിടെ സ്വകാര്യ വാഹനങ്ങൾ പാ൪ക്ക് ചെയ്യുന്നതിനാൽ ബസുകൾ നടുറോഡിൽ നി൪ത്തിയാണ് ആളുകളെ കയറ്റുന്നതും ഇറക്കുന്നതും.
നാല്ദിശകളിൽ നിന്നും വാഹനങ്ങൾ എത്തുന്ന തിരുവല്ലം ജങ്ഷനിൽ ഗതാഗതനിയന്ത്രണം സങ്കീ൪ണമായ ജോലിയാണ്. ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ നിരവധിയാണ്. ചരക്ക് ലോറികളെയും ടിപ്പറുകളെയും നിയന്ത്രിക്കാൻ സംവിധാനങ്ങളില്ല. ഗതാഗതം നിയന്ത്രിക്കാൻ ആവശ്യമായ പൊലീസുകാരില്ലെന്നാണ് അധികൃതരുടെ മറുപടി.
ഹൈവേയിൽ സ്ഥിതിചെയ്യുന്ന കാറുളുടെ ഷോറൂമുകളിൽ വാഹനങ്ങൾ ഇറക്കാൻ വരുന്ന കണ്ടെയ്ന൪ ലോറികൾ തിരിക്കാനും പാ൪ക്ക് ചെയ്യാനും ഇവിടെയെത്തുന്നത് വൻ ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നത്.
കോടികൾ മുടക്കി കൊല്ലം -കോവളം റോഡിനെ മാതൃകാ റോഡാക്കി പ്രഖ്യാപനം നടത്തിയ അധികൃത൪ തിരുവല്ലത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ട്രാഫിക് സിഗ്നലുകളോ റോഡിന് മധ്യഭാഗത്തായി റൗണ്ട് എബൗട്ടോ സ്ഥാപിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2012 2:43 PM GMT Updated On
date_range 2012-09-09T20:13:06+05:30ഗതാഗതക്കുരുക്കില്‍ തിരുവല്ലം വീര്‍പ്പുമുട്ടുന്നു
text_fieldsNext Story