Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightക്ഷീര പുരുഷന്‍...

ക്ഷീര പുരുഷന്‍ വിടവാങ്ങി

text_fields
bookmark_border
ക്ഷീര പുരുഷന്‍ വിടവാങ്ങി
cancel

അഹ്മദാബാദ്: ഗുജറാത്തിലെ ആനന്ദിലൂടെ രാജ്യത്ത് ധവള വിപ്ളവത്തിൻെറ പാലാഴി തീ൪ത്ത മലയാളി അമുൽ കുര്യൻ എന്ന വ൪ഗീസ് കുര്യൻ (90) വിടവാങ്ങി. ഞായറാഴ്ച പുല൪ച്ചെ ഗുജറാത്തിലെ നന്ദിയാഡിൽ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്ത്യൻ സാമ്പത്തിക രംഗത്തെ മാറ്റിമറിച്ച വ൪ഗീസ് കുര്യൻെറ മരണം. കഴിഞ്ഞ നവംബ൪ 26ന് നവതി ആഘോഷിച്ച ക്ഷീര പുരുഷൻ വാ൪ധക്യ സംബന്ധമായ അസുഖങ്ങളെ തുട൪ന്ന് ചികിത്സയിലായിരുന്നു. മരണസമയത്ത് ഭാര്യ സൂസൻ മോളിയും ഏകമകൾ നി൪മല കുര്യനും സമീപത്തുണ്ടായിരുന്നു. അരനൂറ്റാണ്ടിലേറെ തൻെറ പ്രവ൪ത്തന കേന്ദ്രമായിരുന്ന ആനന്ദിൽ ഞായറാഴ്ച വൈകീട്ടോടെ സംസ്കാരം നടന്നു.
യൗവനത്തിൻെറ ചുറുചുറുക്കിൽ 1948ൽ ഗുജറാത്തിലെ ആനന്ദിലേക്ക് നിയോഗിക്കപ്പെട്ട കുര്യനാണ് 25 ലക്ഷം ക്ഷീരക൪ഷകരുമായി ലോകത്തിനു മുന്നിൽ ഇന്ത്യയുടെ ധവള വിപ്ളവത്തിന് നേതൃത്വം നൽകിയത്. കോട്ടയം സ്വദേശിയായ ഡോ. കുര്യൻെറ മകനായി 1921ൽ കോഴിക്കോട്ട് പുത്തൻ പാറയ്ക്കൽ കുടുംബത്തിലായിരുന്നു വ൪ഗീസ് കുര്യൻെറ ജനനം. ചെന്നെയിലെ ലയോള കോളജിൽ നിന്ന് ഫിസിക്സിൽ ബിരുദവും കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് മെക്കാനിക്കൽ ബിരുദവും നേടിയശേഷം ജാംഷഡ്പുരിലെ ടാറ്റ സ്റ്റീലിൽ ചേ൪ന്നാണ് ഔദ്യാഗിക ജീവിതം ആരംഭിക്കുന്നത്. 1946ൽ അമേരിക്കയിലെ മിഷിഗൻ സ൪വകലാശാലയിൽ നിന്നും ഡെയറി എൻജിനീയറിങ്ങിൽ ഉപരിപഠനവും കഴിഞ്ഞ് തിരിച്ചെത്തിയാണ് സ്വതന്ത്ര ഇന്ത്യയുടെ വികസനത്തിലേക്ക് നി൪ണായക ചുവടുവെപ്പ് നടത്തിയ ധവള വിപ്ളവത്തിൻെറ നായകനായി മാറിയത്. 1949ൽ ഗുജറാത്തിലെ കെയ്റ ജില്ലയിലെ കുഗ്രാമമായ ആനന്ദിൽ ക്ഷീരക൪ഷക൪ക്കിടയിലേക്ക് നിയോഗിക്കപ്പെട്ടു. സ൪ക്കാ൪ ജോലി ഉപേക്ഷിച്ച് ക്ഷീര ക൪ഷകരുടെ ചെറുകിട സഹകരണ സംഘത്തിലേക്ക് കൂടുമാറിയതോടെയാണ് കുര്യനും ആനന്ദിലെ പാൽ പെരുമയും ഇന്ത്യയെമ്പാടും പടരുന്നത്. നൂറോളം ലിറ്റ൪ മാത്രമുണ്ടായിരുന്ന പാൽ ഉൽപാദനം 40 വ൪ഷം കൊണ്ട് 90 ലക്ഷം ലിറ്ററിലേക്ക് ഉയ൪ന്നപ്പോൾ ഡെയറി ഫാമുകളുടെ എണ്ണവും വരുമാനവും വ൪ധിച്ചു. ഗുജറാത്ത് കോഓപറേറ്റിവ് മിൽക് മാ൪ക്കറ്റിങ് ഫെഡറേഷൻെറ സ്ഥാപക ചെയ൪മാനായി 1973ൽ സ്ഥാനമേറ്റ വ൪ഗീസ് കുര്യൻ 33 വ൪ഷത്തെ പ്രവ൪ത്തനത്തിനൊടുവിൽ 2006ലാണ് ഇന്ത്യയെ ലോകത്തെ മുൻനിര പാലുൽപാദക രാഷ്ട്രമാക്കി മാറ്റി പടിയിറങ്ങിയത്. പാലും അനുബന്ധ ഉൽപന്നങ്ങളുമായി ഇന്ത്യക്കാ൪ക്ക് സുപരിചിതമായ ‘അമുൽ’ എന്ന ബ്രാൻഡിനൊപ്പം വ൪ഗീസ് കുര്യനും പരിചിതനായി. മുൻ പ്രധാനമന്ത്രി ലാൽബഹദൂ൪ ശാസ്ത്രിയാണ് കുര്യനെ ദേശീയ ക്ഷീര വികസന ബോ൪ഡിൻെറ ചെയ൪മാനായി 1965ൽ നിയമിച്ചത്.
പാൽ പെരുമയിലൂടെ വിപ്ളവത്തിന് നേതൃത്വം നൽകിയ ക്ഷീര പുരുഷനെ രാജ്യം പത്മവിഭൂഷനും പത്മശ്രീയും നൽകി ആദരിച്ചു. ലോക ഫുഡ് പ്രൈസ്, മഗ്സാസെ പുരസ്കാരം എന്നിവയടക്കം ഡസൻ കണക്കിന് അംഗീകാരങ്ങൾ അമുൽ കുര്യനെ തേടിയെത്തി.

രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു

ന്യൂദൽഹി: ക്ഷീര വിപ്ളവത്തിൻെറ പിതാവ് വ൪ഗീസ് കുര്യൻെറ വേ൪പാടിൽ രാഷ്ട്രപതി പ്രണബ് മുഖ൪ജി, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, യു.പി.എ അധ്യക്ഷ സോണിയഗാന്ധി, കേന്ദ്രമന്ത്രിമാ൪, സംസ്ഥാന മുഖ്യമന്ത്രിമാ൪ എന്നിവ൪ അനുശോചിച്ചു. ധവള വിപ്ളവത്തെ മുന്നിൽ നയിച്ച കുര്യൻ ക൪ഷകരുടെ ക്ഷേമത്തിനും വികസനത്തിനും ഊന്നൽ നൽകിയ മനുഷ്യ സ്നേഹിയായിരുന്നുവെന്ന് പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞു.

തിരുവനന്തപുരം: ഇന്ത്യയിലെ ധവളവിപ്ളവത്തിൻെറ പിതാവ് ഡോ. വ൪ഗീസ് കുര്യൻെറ നിര്യാണത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുശോചിച്ചു. ഡോ.വ൪ഗീസ് കുര്യൻെറ നിര്യാണത്തിൽ സ്പീക്ക൪ ജി.കാ൪ത്തികേയൻ ,മന്ത്രിമാരായ കെ.എം.മാണി , പി.കെ. കുഞ്ഞാലിക്കുട്ടി ,തിരുവഞ്ചൂ൪ രാധാകൃഷ്ണൻ , കെ.സി.ജോസഫ് ,പി.ജെ.ജോസഫ് ,എ.പി.അനിൽകുമാ൪ എന്നിവ൪ അനുശോചിച്ചു.

Show Full Article
TAGS:
Next Story