റിയാദ്: ജോലിക്കിടെ ഫാക്ടറിയിലെ യന്ത്രത്തിൽ കുടുങ്ങി കൈ നഷ്ടപ്പെട്ട മലയാളി യുവാവിന് കൃത്രിമ കൈ വെച്ചുപിടിപ്പിക്കാൻ പ്രമുഖ പ്രവാസി വ്യവസായിയും നോ൪ക്ക ഡയറക്ടറുമായ സി.കെ. മേനോൻ 50,000 റിയാൽ വാഗ്ദാനം ചെയ്തു. പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫിൻെറ നേതൃത്വത്തിൽ റിയാദിലെത്തിയ അദ്ദേഹം ബത്ഹയിലെ ശിഫ അൽ ജസീറ ഓഡിറ്റോറിയത്തിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിക്കിടെ തന്നെ വന്നുകണ്ട കോട്ടയം, ചങ്ങനാശേരി താഴത്ത് വടകര സ്വദേശി കണ്ണമ്പള്ളി ബിജു സിറിയക്കിൻെറ കദന കഥ കേട്ട് മനസലിഞ്ഞാണ് സഹായവാഗ്ദാനം ചെയ്തത്.
റിയാദിലെ ഒരു ടൈൽസ് ഫാക്ടറിയിൽ വെച്ച് ഇക്കഴിഞ്ഞ ജൂണിലാണ് ബിജുവിന് കൈ നഷ്ടമായത്. വാട്ട൪ ട്രീറ്റ്മെൻറ് പ്ളാൻറിൽ ആട്ടോമാറ്റിക് ഫിൽട്ടറിങ് പ്രസ് മെഷീനിനുള്ളിൽ അറിയാതെ കൈ പെട്ടുപോവുകയായിരുന്നു. കടുത്ത ചൂടിൽ പ്രവ൪ത്തിക്കുന്ന യന്ത്രത്തിനുള്ളിൽനിന്ന് രക്ഷപ്പെടുത്തി എടുക്കുമ്പോഴേക്കും വലതു കൈ മുഴുവൻ വെന്തുപോയിരുന്നു. ഉടൻ ശുമേസി ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിൽസ നൽകിയെങ്കിലും അസ്ഥിയുൾപ്പെടെ വെന്തുപോയ കൈ തോളറ്റം വരെയുള്ള ഭാഗം മുറിച്ചുനീക്കുകയായിരുന്നു. ബത്ഹയിലെ സഫാമക്ക ക്ളിനിക്കിൽ സ്റ്റാഫ് നഴ്സായ ഭാര്യ മിനിയുടെ പരിചരണത്തിൽ സുഖപ്പെട്ട ബിജുവിന് മറ്റു ജോലികൾക്കൊന്നും പോകാനാവാതെ വന്നപ്പോൾ ശിഫ അൽ ജസീറ ക്ളിനിക്കിൽ റിസപ്ഷണിസ്റ്റ് ജോലി നൽകുകയായിരുന്നു. ബിജു-മിനി ദമ്പതികൾക്ക് അമൽ എന്ന മകനുണ്ട്.
സാമൂഹിക പ്രവ൪ത്തകരായ ശിഹാബ് കൊട്ടുകാടും ഷാജി സോണയുമാണ് ബിജുവിനെ സി.കെ. മേനോൻെറ മുന്നിലെത്തിച്ചത്. കൈവെക്കാനാവശ്യമായ ചെലവുൾപ്പെടെ 50,000 റിയാൽ നൽകാമെന്ന് ബിജുവിൻെറ കഥ കേട്ടയുടനെ അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. വൃക്കരോഗത്തെ തുട൪ന്ന് അഞ്ചുമാസമായി ശിഫ അൽ ജസീറ ക്ളിനിക്കിൽ കഴിയുന്ന നി൪ധനനും നിരാലംബനുമായ കൊല്ലം കടക്കൽ സ്വദേശി ഖാദ൪ അലിക്കും സി.കെ. മേനോൻ സഹായം വാഗ്ദാനം ചെയ്തു. ഖാദ൪ അലിയെ സന്ദ൪ശിച്ച അദ്ദേഹം ചികിൽസാ സഹായമായി രണ്ടുലക്ഷം രൂപ നൽകാമെന്ന് അറിയിച്ചു. അലിയുടെ നാട്ടിലുള്ള ഭാര്യക്ക് ഖത്തറിലെ തൻെറ സ്കൂളിൽ മേനോൻ ജോലിയും വാഗ്ദാനം ചെയ്തു. അപ്രതീക്ഷിതമായി തങ്ങളെ പുൽകിയ കാരുണ്യ സ്പ൪ശത്താൽ പ്രതീക്ഷയും സാന്ത്വനവും പക൪ന്നുകിട്ടിയ സന്തോഷത്തിലാണ് ബിജുവും ഖാദ൪ അലിയും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2011 9:36 AM GMT Updated On
date_range 2011-12-17T15:06:22+05:30ജോലിക്കിടെ കൈ നഷ്ടപ്പെട്ട ബിജുവിന് പകരം കൈവെക്കാന്‍ സി.കെ. മേനോന്‍െറ 50,000 റിയാല്‍
text_fieldsNext Story