പാട്ട് ഒഴിഞ്ഞിട്ട് വര്‍ഷമേറെയായി, ആരോ പിന്നെയും പിന്നെയും കിനാവിന്‍െറ പടികടന്ന് ഹരിമുരളീ രവം പാടുന്നപോലെ.... അവിടെ ഗാനങ്ങള്‍ പൂനിലാമഴയായ് പെയ്തിറങ്ങുകയാണ്. അതില്‍ മാനവും മനസും നിറയുന്നു. പാട്ട് വീണ്ടും തുടരുകയാണ്. ഗായകനും ഗാനരചയിതാവും ആസ്വാദകരും ഒന്നാകുന്ന അനുഭവം. പാട്ടിന് മരണമില്ലല്ളോ; പാട്ടുകാരനും... ആസ്വാദകരുടെ മനസ് കീഴടക്കിയ രചയിതാവ് ഗിരീഷ് പുത്തഞ്ചേരി ഈ ലോകത്തോട് വിടപറഞ്ഞിട്ട് ആറു വര്‍ഷം തികയുന്നു.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ പുത്തഞ്ചേരിയില്‍ 1959 സെപ്റ്റംബര്‍ 2 ന് ജനിച്ച അദ്ദേഹം കവിതയിലൂടെയാണ് മലയാളസിനിമാ സംഗീതത്തിലേക്ക് പ്രവേശിക്കുന്നത്. കവിതകള്‍ എഴുതിയത്കൊണ്ടു മാത്രം കഞ്ഞികുടിക്കാന്‍ വകയുണ്ടാവില്ളെന്ന തിരിച്ചറിവില്‍ നിന്നാണ് ചലച്ചിത്ര ഗാനത്തിലേക്ക് തിരിഞ്ഞതെന്ന് ‘ഷഡ്ജം’ എന്ന കവിതാ സമാഹാരത്തിന്‍െറ ആമുഖത്തില്‍ അദ്ദേഹം കുറിക്കുന്നുണ്ട്. മലയാളികള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന, വെറുതെ മൂളാന്‍ ഇഷ്ടപ്പെടുന്ന ഒട്ടനേകം ഗാനങ്ങള്‍ ഗിരീഷ് പുത്തഞ്ചേരി മലയാള ചലച്ചിത്ര ലോകത്തിന് സമ്മാനിച്ചു.
ഓരോ ഗാനവും ഓരോ വെളിപാട് പോലെയായിരുന്നു അദ്ദേഹത്തിന്. പ്രകൃതിയും ഗൃഹാതുരത്വവും പ്രണയ നൊമ്പരങ്ങളും ജീവിത മധുരവും കയ്പും അദ്ദേഹത്തിന്‍െറ ഗാനങ്ങളില്‍ നിഴലിക്കുമായിരുന്നു. അതില്‍ കൃതൃമമായി ഭാവന കൂടി ആകുമ്പോള്‍ ഗാനങ്ങള്‍ ആസ്വാദകരുടെ മനസില്‍ നിറയും. കാലഘട്ടത്തിന്‍െറ അഭിരുചിക്കനുസരിച്ച് ഗാനങ്ങള്‍ രചിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അത്കൊണ്ട് തന്നെ അദ്ദേഹത്തിന്‍െറ ഗാനങ്ങള്‍ കേള്‍ക്കുന്ന ഏതൊരാള്‍ക്കും പുതിയ ഓര്‍മകളും അനുഭവങ്ങളും മനസില്‍ നിറയുക തന്നെ ചെയ്യും.

‘പിന്നെയും പിന്നെയും ആരോ കിനാവിന്‍െറ പടി കടന്നത്തെുന്ന പദനിസ്വനം’.. ഈ ഗാനം പിന്നെയും പിന്നെയും മൂളാത്ത മലയാളികളുണ്ടോ? ആറാം തമ്പുരാനിലെ ‘ഹരിമുരളിരവം ഹരിത വൃന്ദാവനം’ എന്ന ഗാനത്തിന്‍െറ കാവ്യമാധുരി ആസ്വാദിക്കാത്തവരുണ്ടോ? താളാത്മകമായ പദങ്ങള്‍ ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങളുടെ പ്രത്യേകതയായിരുന്നു. വാക്കുകള്‍ കൃത്യമായി ഉപയോഗിക്കാനും ഒരു പാട്ടിനു വേണ്ട ചേരുവകള്‍ ചേര്‍ക്കാനും അതുവഴി ആസ്വാദകരുടെ മനസ് കീഴടക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. 1999 ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ നായകനായ ദില്‍സെ എന്ന ബോളിവുഡ് ചിത്രത്തിലെ ‘പുഞ്ചിരി തഞ്ചി കൊഞ്ചിക്കോ’ എന്ന ഗാനം അതിന് ഉദാഹരണമാണ്.
മലയാള അക്ഷരങ്ങള്‍ക്കും വാക്കുകള്‍ക്കും അതുവരെ തിരിച്ചറിയാതിരുന്ന സൗന്ദര്യമുണ്ടെന്ന് പല ഗാനങ്ങളിലും അദ്ദേഹം നമ്മെ ഓര്‍മിപ്പിച്ചു. 320 ലധികം മലയാള ചിത്രങ്ങള്‍ക്ക് വേണ്ടി 1500 ല്‍ പരം ഗാനങ്ങള്‍ രചിച്ചു. മലയാളികള്‍ നെഞ്ചിലേറ്റിയ ഒട്ടനേകം ഗാനങ്ങള്‍ സമ്മാനിച്ച അദ്ദേഹം ഏറ്റവും നല്ല ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം ഏഴു തവണ കരസ്ഥമാക്കി. ബ്രഹ്മരക്ഷസ്സ്, മമ്മുട്ടി നായകനായ പല്ലാവൂര്‍ ദേവ നാരായണന്‍, മോഹന്‍ലാലിന്‍െറ വടക്കുംനാഥന്‍ എന്നിവക്ക് തിരക്കഥ എഴുതിയും കിന്നരിപ്പുഴയോരം, മേലെപറമ്പിലെ ആണ്‍വീട്, കേരള ഹൗസ് ഉടന്‍ വില്‍പനക്ക് എന്നീ ചിത്രങ്ങള്‍ക്ക് കഥകള്‍ എഴുതിയും ബഹുമുഖ പ്രതിഭയാണെന്ന് തെളിയിച്ചു. പാട്ടുകള്‍ക്ക് മരണമില്ല...ഗായകനും, ഒപ്പം മലയാള സംഗീത ലോകത്തേക്ക് ഒരു കൈക്കുടന്ന നിറയെ ഗൃഹാരുതര്വമുണര്‍ത്തുന്ന പാട്ടുകള്‍ക്ക് ജന്മം നല്‍കിയ ഗിരീഷ് പുത്തഞ്ചേരിക്കും.