ഒല്ലൂര്‍ സ്വദേശിയായ മേച്ചേരി ലൂയിസ് ഒൗസേപ്പച്ചന് എന്തു പറയുമ്പോഴും ഒരു തൃശൂര്ക്കാരന്െറ ലാഘവത്വമുണ്ട്. ഓ, അതങ്ങനെ സംഭവിച്ചു എന്നൊരു മട്ട്. അര ഡസന്‍ സിനിമ തികയുമ്പോഴേക്കും ‘തത്വജ്ഞാനികളാ’യി മാറുന്നവരുടെ ലാഞ്ജനയേ ഒൗസേപ്പച്ചന്‍െറ ഭാഷയിലില്ല. മൂന്ന് ദശാബ്ദക്കാലമായി മലയാളികള്‍ നെഞ്ചിലേറ്റുന്ന അപാരസൗന്ദര്യമുള്ള അസംഖ്യം ഗാനങ്ങളൊരുക്കിയ ഈ മനുഷ്യന് കാര്യങ്ങളെ അങ്ങനെ കാണാനാണിഷ്ടം. എന്നാല്‍ അദ്ദേഹത്തിന്‍െറ ഈണങ്ങളില്‍ ഈ സമീപനത്തിന്‍െറ നിഴല്‍പോലും കാണാനാകില്ല. സൂക്ഷ്മതയുടെ സംഗീതജ്ഞനാണ് ഒൗസേപ്പച്ചന്. ഈ പരിഗണന കൂടിയാകാം, ഒൗസേപ്പച്ചനെ മലയാളികളുടെ പ്രിയ സംഗീത സംവിധാനകനാക്കി മാറ്റിയത്. സിനിമാസംഗീത രംഗത്ത് ചുവടുവച്ച നാള് മുതല്‍ തികച്ചും വ്യത്യസ്തമായ ഈണങ്ങള്‍ കണ്ടത്തെിയ ഒൗസേപ്പച്ചന്, 1985ല്‍ പുറത്തിറങ്ങിയ ഭരതന്‍െറ ‘കാതോട് കാതോരം’ എന്ന സിനിമയിലെ പാട്ടുകള്‍ മലയാള ആസ്വാദക ലോകത്തേക്കുള്ള പാസ്പോര്‍ട്ട് ആയി മാറുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
പാട്ടുകള്‍ക്ക് ഈണമിട്ടും, പശ്ചാത്തല സംഗീതമൊരുക്കിയും ഈ 30ാം വര്‍ഷത്തിലും അദ്ദേഹം സജീവമാണ്. മലയാള സിനിമ ശുദ്ധസംഗീതപശ്ചാത്തലത്തില് നിന്ന് സാങ്കേതികതയിലേക്ക് ചുവടുമാറുന്ന ഒരു കാലത്താണ് ഒൗസേപ്പച്ചന് ഈണങ്ങള്‍ ചിട്ടപ്പെടുത്തി തുടങ്ങുന്നത്. സാങ്കേതികതയുടെ നവീന ഭാഷകണ്ട് അമ്പരന്നുപോയവരെ വകഞ്ഞുമാറ്റി അതിനെ പുഷ്പം പോലെ കയ്യിലെടുക്കാനും അദ്ദേഹത്തിനായി. ഈ പരിണാമം അനിവാര്യമായിരുന്നു എന്ന് ഒൗസേപ്പച്ചന് പറഞ്ഞു.
‘സംഗീതത്തിന്‍െറ മറ്റൊരു സാങ്കേതിക വിദ്യയിലേക്കുള്ള മാറ്റം യാത്രയിലെ കാഴ്ചകള്‍ മാറുന്നതുപോലെയാണ്. അതൊരു അദ്ഭുതം സമ്മാനിക്കുന്നുണ്ട്. അത് ഞാന്‍ നന്നായി ആസ്വദിച്ചു എന്നതാണ് സത്യം. മാറ്റം ഉള്‍ക്കൊള്ളാനാകണം. സംഗീതത്തില്‍ മാത്രമല്ല. ഭക്ഷണത്തിലും വസ്ത്രത്തിലുമെല്ലാം ഇതുണ്ട്. മാറ്റം ഒരു വിപ്ളവം തന്നെയാണ്. മാറ്റങ്ങള്‍ക്കനുസരിച്ച് സ്വയം മാറാനാകുന്നുണ്ടോ എന്നതിനാണ് പ്രസക്തി.
ഇന്ന് ബഹ്റൈനിലെ ഹോട്ടല്‍മുറിയിലിരുന്നാണ് ഞാന്‍ നാട്ടിലെ ഫൈനല്‍ റെക്കോഡിങ് റീ-ഫിക്സ് ചെയ്യുന്നത്. അത് സാധ്യമാക്കിയത് പുതിയ സാങ്കേതിക വിദ്യ തന്നെയാണ്. എന്തെങ്കിലും സംഗീത രംഗത്ത് ചെയ്തവരെല്ലാം മാറ്റങ്ങള്‍ കൊണ്ടുവന്നവരാണ്. ദേവരാജന്‍മാഷും ദക്ഷിണാമൂര്‍ത്തിയുമെല്ലാം അങ്ങനെയുള്ളവരാണ്. ചെയ്തുവന്ന ഒരു കാര്യം വീണ്ടും വീണ്ടും അവതരിപ്പിക്കുന്നതില്‍ എന്തുകാര്യം?
ദക്ഷിണേന്ത്യന്‍ സിനിമാസംഗീതത്തില്‍ ട്രെന്‍ഡുകള്‍ മാറ്റിപ്പണിയുന്നത് തമിഴ്നാട്ടിലാണ്. കേരളത്തില്‍ ഒരു ട്രെന്‍ഡ് സെറ്റര്‍ എന്ന നിലക്ക് ആരും വന്നിട്ടില്ല. തമിഴ്നാട്ടില്‍ ഒരുകാലത്ത് എം.എസ്.വിശ്വനാഥനായിരുന്നു എല്ലാം. അദ്ദേഹത്തിന്‍െറ ശൈലിക്കപ്പുറമൊരു പാട്ടിനെക്കുറിച്ച് ചിന്തിക്കാനേ സാധിക്കില്ലായിരുന്നു. ഇത് തകിടം മറിച്ചാണ് ഇളയരാജ വരുന്നത്. അതിനെയും അഴിച്ചുപണിതാണ് എ.ആര്.റഹ്മാന് എത്തുന്നത്. കേരളത്തില്‍ ദേവരാജന്‍ ഉള്ളപ്പോള്‍ ഒപ്പത്തിനൊപ്പം എന്നു പറയാവുന്ന തരത്തില്‍ ബാബുരാജും ദക്ഷിണാമൂര്‍ത്തിയും ഉണ്ട്. ഇവിടെ അങ്ങനെ ഒരു ഏകാധിപത്യം ഉണ്ടായിട്ടില്ല.
തമിഴിന് ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. അത് സീമകളെ ലംഘിക്കുന്ന ഭാഷയാണ്. വഴക്കമാണ് അതിന്‍െറ പ്രത്യേകത. മലയാളികള്‍ക്ക് ഒരു തമിഴ് പാട്ടില്ലാതെ ഗാനമേള പോലും പൂര്‍ണമാകില്ല. നേരെ മറിച്ച് തമിഴ്നാട്ടില്‍ ആരെങ്കിലും മലയാളം പാട്ട് പാടി നടക്കുന്നത് നാം കാണില്ല. മെലഡിയാണ് എന്നും എന്‍െറ സംഗീതത്തില്‍ നിറഞ്ഞുനിന്നിട്ടുള്ളത്. അത് സ്വാഭാവികമായി വന്നതാണ്. അതിനുവേണ്ടി ഏതെങ്കിലും പരിശ്രമം നടത്തിയിട്ടില്ല. ഏത് ടെമ്പോയിലുള്ള പാട്ട് ഒരുക്കുമ്പോഴും മെലഡിയുടെ ഒരംശം അതിലേക്ക് ചേരാറാണ് പതിവ്.
ഓര്‍മ്മയുടെ അടിത്തട്ടില്‍പോലും ഇല്ലാത്ത ഒരു സംഗീതം ഉണ്ടാക്കിയെടുക്കാനാകില്ല.ഒട്ടും പരിചയമില്ലാത്ത ചില രാഗങ്ങള്‍ ഉപയോഗിച്ചാല്‍ പോലും ആരും സ്വീകരിക്കണമെന്നില്ല. ഈയിടെ ‘രഘുപ്രിയ’ രാഗത്തിലൊരു പാട്ടുചെയ്തു. വളരെ അപൂര്‍വമായ രാഗമാണ്. കീര്‍ത്തനങ്ങള്‍ പോലും കുറവാണ് ഈ രാഗത്തില്‍. അതുകൊണ്ടായിരിക്കാം, ജനം അത് ശ്രദ്ധിച്ചുപോലുമില്ല. പക്ഷേ, ഇതുകേട്ട് ഡോ.ബാലമുരളീകൃഷ്ണ വിളിച്ചു. അദ്ദേഹം അത് തിരിച്ചറിഞ്ഞു.
ഞാന്‍ കേട്ടതും അറിഞ്ഞതുമായ എല്ലാ പാട്ടുകളും ഈണങ്ങളും എനിക്ക് ഊര്‍ജ്ജമായി തീര്‍ന്നിട്ടുണ്ട്. ഈണമിട്ടുകൊണ്ടിരിക്കുമ്പോള്‍, റോഡിലൂടെ പച്ചക്കറി വണ്ടിയുമായി പോയ ആള് നീട്ടിവിളിച്ചുപറഞ്ഞ ഈണം പോലും ഉപയോഗിക്കാനായിട്ടുണ്ട്. പല ഈണങ്ങളും അബോധമായി വരുന്നതാണ്. പക്ഷേ, അതിനെ സൂക്ഷ്മമായി വിലയിരുത്തിയാല്‍, അടിത്തട്ടില്‍ മറ്റെന്തെങ്കിലുമൊക്കെ കാണാനാകും. മുന്‍ തലമുറയിലെ ആചാര്യന്മാരുടെ ശൈലി ആവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.
വരികള്‍ പാട്ടില്‍ വളരെ പ്രധാനമാണ്. സാഹിത്യത്തെ ഒരിക്കലും അവഗണിക്കാനാകില്ല. എന്നാല്‍ നേരത്തെ നിര്‍മ്മിച്ചെടുത്ത ഒരു വഴിയിലൂടെ അളവുതെറ്റാതെയുള്ള സഞ്ചാരം സംഗീതത്തിലും സാഹിത്യത്തിലും പ്രയാസമാണ്. അങ്ങനെയല്ലാത്ത പല കൂട്ടുകെട്ടുകളും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. സലീല്‍ചൗധരിയുടെ ഈണവും ഒ.എന്‍.വിയുടെ വരികളും ചേര്‍ന്നപ്പോള്‍ സംഭവിച്ചത് അതാണ്. മലയാളികള്‍ അന്നുവരെ കേള്‍ക്കാത്ത ഒരു ഓര്‍കസ്ട്രേഷന്‍ ആണ് സലീല്‍ ചൗധരി അവതരിപ്പിക്കുന്നത്. അതില്‍ വാക്കുകള്‍ മുറിഞ്ഞപ്പോള്‍ പോലും മറ്റൊരു അനുഭവതലമുണ്ടായി.
ഹിന്ദിയില്‍ അങ്ങിനെ പറയേണ്ട ഒരു പേര് എസ്.ഡി.ബര്മന്േറതാണ്. അപാര റെയ്ഞ്ചുള്ള സംഗീതസംവിധായകനാണ് അദ്ദേഹം. നാടോടി ശൈലിയും വെസ്റ്റേണ്‍ ഓര്കസ്ട്രേഷനും ഒരേ പോലെ വഴങ്ങുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
ലൈവ് ഓര്‍കസ്ട്രേഷന്‍ എന്ന രീതി മാറിയതോടെ, ക്രിയാത്മകതയുടെ ശൂന്യത എല്ലാവരും അനുഭവിക്കുന്നുണ്ട്. ലൈവ് ഓര്കസ്ട്രേഷനുമായി നടന്ന റെക്കോഡിങ് എല്ലാ അര്‍ഥത്തിലും കലാപ്രവര്‍ത്തനമാണ്.
നല്ല ആര്ടിസ്റ്റുകള് ഉണ്ടെങ്കില്‍ കമ്പോസ് ചെയ്തത് അതുപോലത്തെന്നെ പകര്‍ത്തണമെന്നില്ല. പലപ്പോഴും മനോധര്മ്മങ്ങള്ക്കനുസരിച്ച് പാട്ട് മെച്ചപ്പെടും.
മൈക്ക് സിസ്റ്റത്തില്‍ തന്നെ വലിയ മാറ്റങ്ങളാണ് വന്നത്. മുമ്പൊക്കെ അലറി വിളിച്ച് പാടണമായിരുന്നു. എങ്കില്‍ മാത്രമേ ശബ്ദം മൈക്ക് എടുക്കുകയുള്ളൂ. ഇന്ന് സ്വകാര്യം പറയുന്ന തരത്തില്‍ പറഞ്ഞാലും അതൊരു അട്ടഹാസമാക്കാം.
കേട്ട ശബ്ദങ്ങളില്‍ വച്ച് ഏറ്റവും സവിശേഷമായ ശബ്ദം യേശുദാസിന്േറതാണ്. എല്ലാ ഫ്രീക്വന്‍സിയിലും നിറഞ്ഞു നില്‍ക്കാനുള്ള ഒരു കഴിവ് ആ ശബ്ദത്തിനുണ്ട്. നമ്മള് സൂക്ഷ്മമായി പറയുന്ന വാക്കുകളുടെ പോലും വിശദാംശങ്ങളും ഭാവവും ആവാഹിക്കുന്ന ഒരു ശബ്ദമാണത്. ചിലയാളുകള്‍ ‘നഷ്ടം’ എന്ന് പാടുമ്പോള്‍ അതില്‍ നാം ‘നട്ടം’ എന്ന് മാത്രമേ കേള്‍ക്കാറുള്ളൂ. പക്ഷേ, യേശുദാസിന്‍െറ ശബ്ദത്തില്‍ അത് ഒരു സമ്പൂര്‍ണ പദമായി തന്നെ അവതരിക്കപ്പെടും. പ്രായത്തിന്െ ചില മാറ്റങ്ങള്‍ മാത്രമേ അദ്ദേഹത്തിന്‍െറ ശബ്ദത്തിന് വന്നിട്ടുള്ളൂ. പക്ഷേ, ഗുണം അതേപോലെ നിലനില്‍ക്കുകയാണ്.