You are here

കപ്പേളയിലെ സ്​​ത്രീ വിരുദ്ധത, സോഷ്യൽ മീഡിയ ചർച്ചകളിലെ നെല്ലും പതിരും

കപ്പേള ഒരു സ്​ത്രീപക്ഷ സിനിമയാണൊ, സ്​ത്രീ വിരുദ്ധ സിനിമയാണൊ? സമൂഹ മാധ്യമങ്ങളിലെ സിനിമ കമ്മ്യൂണിറ്റികളിൽ സജീവമായി നടക്കുന്ന ചർച്ചകളിൽ ഉയരുന്ന ചോദ്യമാണിത്​. ഒാൺലൈൻ പ്ലാറ്റ്​ഫോമുകളിൽ സിനിമ എത്തിയതുമുതൽ രണ്ടുപക്ഷം ചേർന്ന്​ ആസ്വാദകർ ഇൗ വിഷയത്തിൽ തർക്കത്തിലാണ്​. ശക്​തമായൊരു സ്​ത്രീപക്ഷ സിനിമയാണ്​ കപ്പേളയെന്ന്​ ഉറച്ചുവിശ്വസിക്കുന്നവർ ധാരാളമുണ്ട്​. എന്നാൽ സദാചാര ഗുണ്ടായിസത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമയാണിതെന്ന്​ മറ്റൊരു വിഭാഗവും വാദിക്കുന്നു. നടനായി കഴിവുതെളിയിച്ച മുഹമ്മദ്​ മുസ്​തഫയുടെ ആദ്യ സ​ംവിധാന സംരഭമാണ്​ കപ്പേള. കുമ്പളങ്ങിയിലൂടെ പ്രശസ്​തയായ അന്ന ബെൻ ആണ്​ സിനിമയിലെ കേന്ദ്ര കഥാപാത്രമായ ജെസ്സിയെ അവതരിപ്പിക്കുന്നത്​. ജെസ്സിയെ കൂടാതെ റോഷൻ മാത്യ​ുവി​​​​െൻറ വിഷ്​ണു, ശ്രീനാഥ്​ ഭാസിയുടെ റോയ്​ എന്നിവരാണ്​ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. സിനിമ കാണാനിരിക്കുന്നവർ തുടർന്ന്​ വായിക്കാതിരിക്കുന്നതാണ്​ നല്ലത്​ (സ്​പോയിലർ അലർട്ട്​). ​ജെസ്സിയൊരു നാട്ടിൻപുറത്തുകാരി കുട്ടിയാണ്​. അച്​ഛനും അമ്മയും അനിയത്തിയുമായി സന്തോഷത്തോടെ ജീവിക്കുന്നു. നമ്പർ മാറി ഒരു ഫോൺ ചെയ്യുന്നതോടെയാണ്​ ജെസ്സിയു​െട ജീവിതം മാറിമറിയുന്നത്​. വിഷ്​ണുവെന്ന ഒാ​േട്ടാ ഡ്രൈവർക്കാണ്​ ആ ഫോൺ കോൾ ലഭിക്കുന്നത്​. അന്നുമുതൽ അവളെ ഫോണിലൂടെ വിടാതെ പിൻതുടരുന്ന വിഷ്​ണു അവസാനം അവളുടെ വിശ്വാസവും പ്രണയവും നേടിയെടുക്കുകയാണ്​. ഇതിന്​ സമാന്തരമായി സിനിമ മറ്റൊരു കഥയും പറയുന്നുണ്ട്​. അത്​ റോയ്​ എന്ന ചെറുപ്പക്കാര​​​​െൻറ ജീവിതമാണ്​. റോയ്​ ഒരു തല്ലി​െപ്പാളിയാണ്​. കാമുകിയെ ചീത്ത വിളിക്കുന്ന തല്ലിനും വഴക്കിനും നടക്കുന്ന ധിക്കാരിയായ ചെറുപ്പക്കാരൻ. ഇൗ മൂന്ന്​ കഥാപാത്രങ്ങളും ഒരു പ്രത്യേക സാഹചര്യത്തിൽ കണ്ടുമുട്ടുന്നതാണ്​ സിനിമയിൽ വഴിത്തിരിവാകുന്നത്​. 

കപ്പേളയെന്ന സിനിമ അനുഭവം


കപ്പേളയിലെ രാഷ്​ട്രീയവും പൊളിറ്റിക്കൽ കറക്​ട്​നെസ്സുമെല്ലാം മാറ്റിവച്ച്​ കലാസൃഷ്​ടിയായി മാത്രം പരിഗണിച്ചാൽ ശരാശരിക്കും താഴെ നിൽക്കുന്ന സിനിമയായാണ്​ അനുഭവപ്പെടുക​. കൃത്യമായ വാർപ്പുമാതൃകകളെ കോപ്പി ബുക്ക്​ ​ൈ​ശലിയിൽ നിർമിച്ചെടുത്ത്​ അവയെ പലയിടങ്ങളിലായി സംവിധായകൻ പ്രതിഷ്​ടിച്ചിരിക്കുകയാണ്​. ഇത്​ സിനിമയെ മടുപ്പിക്കുന്ന അനുഭവമാക്കുന്നുണ്ട്​. വിഷ്​ണുവെന്ന കഥാപാത്രം ഇങ്ങിനെയാകണം, ജെസ്സി അതീവ നിഷ്​കളങ്കയാകണം, റോയ്​ ആരെ കണ്ടാലും അടിക്കാനോങ്ങണം എന്നൊക്കെ സംവിധായകന്​ വാശിയുണ്ടെന്ന്​ തോന്നുന്നു. ഒരു ഉടുപ്പ്​ തയ്​ച്ചിട്ട്​ അത്​ തുന്നലെല്ലാം വെളിവാകുന്ന രീതിൽ ഇട്ട്​ നടന്നാലുണ്ടാകുന്ന അനുഭവമാണ്​ കപ്പേളതരിക. മ​​റ്റൊരു പ്രശ്​നം സിനിമ പ്രവചനക്ഷമമാണ്​ എന്നതാണ്​. ഒാരോകഥാപാത്രവും അടുത്തതായി എന്താണ്​ ​െചയ്യുകയെന്ന്​ പ്രേക്ഷകന്​ കൃത്യമായി വെളിവാകുന്നുണ്ട്​. ഇത്​ സിനിമയെന്ന​ മാധ്യമത്തിന്​ അടിസ്​ഥാനപരമായി വേണ്ട ആകാംഷ​ ഒഴിവാക്കുകയും ആസ്വാദനത്തെ കാര്യമായി ബാധിക്കുകയും ചെയ്യുന്നു​​. 

‘കലിപ്പ​​​​െൻറ കാന്താരി’
ഒറ്റക്കാഴ്​ചയിൽ കപ്പേളയൊരു സ്​ത്രീപക്ഷ സിനിമയാണെന്നെ തോന്നുകയുള്ളു. ​െജസ്സിയെ പ്രണയിച്ച്​ വഞ്ചിക്കുന്ന വിഷ്​ണു ഒരുപാട്​ സ്​ത്രീകളുടെ ദുരനുഭവവുമായി താദാത്മ്യപ്പെടുന്നുണ്ട്​. വിഷ്​ണുവൊരു നല്ല ചെറുപ്പക്കാരനായാണ്​ സിനിമയിലുടനീളം വരുന്നത്​. തനിക്കുവരുന്ന ഒാട്ടങ്ങൾ മറ്റുള്ളവർക്ക്​ നൽകുന്ന, എല്ലാവരോടും നന്നായി പെരുമാറുന്ന, കരുണയും ദയയും ഒക്കെയുള്ള നല്ലവനായ ‘ഉണ്ണി’യാണ്​ വിഷ്​ണു. പക്ഷെ അയാളൊരു കൊടും ക്രിമിനലാണെന്നാണ്​ സിനിമയുടെ അവസാനങ്ങളിലെത്തു​േമ്പാൾ നമ്മുക്ക്​ മനസിലാവുക. ഇതിന്​ വിരുദ്ധമായി അപ്പുറത്തുള്ള റോയി മദ്യപാനിയും ദേഷ്യക്കാരനും കാമുകിയുടെ മോതിരം പിടിച്ചുവാങ്ങി വിറ്റ്​ പുട്ടടിക്കുന്നവനുമാണ്​. പക്ഷെ സിനിമയുടെ അവസാനം അയാളൊരു നല്ലവനായ മാലാഖയായി രൂപപ്പെടുയാണ്​. ഇൗ പാത്ര സൃഷ്​ടികളിൽ നല്ല പ്രശ്​നമുണ്ട്​ എന്നതാണ്​ കപ്പേളയെ വലിയ അളവിൽ സ്​ത്രീ വിരുദ്ധമാക്കുന്നത്​. അക്രമാസക്​തനായ പുരുഷൻ നല്ലവനാണെന്നും അയാളുടെ അ​തിക്രമങ്ങളുടെ പിന്നിൽ എ​െന്താ നന്മയുണ്ടെന്നും സിനിമ പറയാതെ പറയുന്നുണ്ട്​. എന്നാൽ അനുഭവങ്ങൾ നമ്മെ അങ്ങിനെയല്ല പഠിപ്പിക്കുന്നത്​. പെണ്ണി​​​​െൻറ പിന്നാ​െല നടന്ന് ശല്യ​െപ്പടുത്തുന്നവർ ​പിന്നീട്​ ഏറെ അപകടകാരികളാകുമെന്നാണ്​ പഠനങ്ങൾ പറയുന്നത്​. ‘കലിപ്പ​​​​െൻറ കാന്താരിയൊക്കെ’ ഭാവനാത്മകമാണെന്നർഥം​. കലിപ്പ്​ എന്നത്​ അത്ര നല്ല വികാരമല്ലെന്നും അത്​ പ്രയോഗിക്കേണ്ടത്​ പെണ്ണിനോടല്ലെന്നുമുള്ളതാണ്​ പുരോഗമന പക്ഷം. പ​ക്ഷെ വിഷ്​ണു, റോയ്​ ദ്വന്തങ്ങളിലൂടെ എഴുത്തുകാരനും സംവിധായകനുമായ മുസ്​തഫ ഇൗ മാലിന്യം തന്നെയാണ്​ ഒളിച്ചുകടത്തുന്നത്​.  

സദാചാര ഗുണ്ടയിസത്തി​​​​െൻറ വാഴ്​ത്തൽ


അറിഞ്ഞൊ അറിയാതെയൊ കപ്പേള സദാചാര ഗുണ്ടായിസത്തെ വഴ്​ത്തുന്നുണ്ട്​. പുരോഗമന സമൂഹങ്ങൾ വളരെ കഷ്​ടപ്പെട്ട്​ ഒഴിവാക്കാൻ ശ്രമിക്കുന്ന ഒന്നാണ്​ മോറൽ പൊലീസിങ്ങ്​. വിഷ്​ണുവി​​​​െൻറയും ജെസ്സിയുടേയും പ്രവർത്തികളിൽ സംശയം തോന്നുന്ന റോയ്​ അവരെ രഹസ്യമായി പിൻതുടരുകയാണ്​. അത്​ ഒരു സദാചാര ഗുണ്ടയുടെ നിഗൂഢ പ്രവർത്തി മാത്രമായാണ്​ നമ്മുക്ക്​ കണ്ടെടുക്കാനാവുക. സ്​ത്രീയുടെ രക്ഷാകർതൃത്വം സാമൂഹിക ഉത്തരവാദിത്വമാണെന്ന പ്രാകൃത ചിന്തയാണ്​ റോയിയെ നയിക്കുന്നത്​. ഇൗ ചിന്ത സിനിമയിൽ എഴ​ുതിവയ്​ക്കു​േമ്പാൾ അണിയറക്കാരും അതിനെ പിൻതുണക്കു​ന്നുണ്ടെന്നാണ്​ അർഥം. വിഷ്​ണുവി​​​​െൻറ സ്​ഥാനത്ത്​ ഏതെങ്കിലും പാവം ചെറുപ്പക്കാരനാണെങ്കിൽ, സിനിമ കണ്ട്​ ആവേശം കയറിയ ഏ​െതങ്കിലും റോയി അവരെ പിൻതുടരുകയാണെങ്കിൽ അതവസാനം ഒരു സദാചാര കൊലയിലായിരിക്കും അവസാനിക്കുക. ഒന്നാമത്​ രക്ഷകർത്താക്കളെതട്ടി നടക്കാൻ പാടില്ലാത്ത അവസ്​ഥയിലാണ്​ നാട്ടിലെ സ്​ത്രീകൾ. അതോടൊപ്പം മറ്റൊരു റോയിയെക്കൂടി താങ്ങാനവർക്ക്​ കഴിയുമെന്ന്​ തോന്നുന്നില്ല.

സിനിമയിൽ നിന്ന്​ പഠിക്കാനുള്ളത്​
കപ്പേള നമ്മെ പഠിപ്പിക്കുന്ന ഒരേയൊരു പാഠം പുരുഷ​​​​െൻറ വക്രമായ ചില കുറുക്കുവഴികളെകുറിച്ചുള്ളതാണ്​. ഒാരോ ​െപണ്ണിനും ലഭിക്കുന്ന ഫോൺകോളുകളിൽ, മെസ്സേജുകളിൽ ഒരു ചൂണ്ടലുമായി കാത്തിരിക്കുന്ന പുരുഷനുണ്ടാകാം എന്ന പാഠമാണത്​. അതൊരു വിഷ്​ണുവാകണമെന്നില്ല. അത്​ ചിലപ്പോൾ റോയിയുമാകാം. അവരോടൊപ്പം അതേ വഴിയിൽ നടക്കുന്ന സ്​ത്രീകളു​ം ഉണ്ടാകാം. ഇവരെല്ലാം ചേർന്ന്​ കൂടുതൽ സ്​ത്രീകളെ വലയിലാക്കാൻ നോക്കുന്നതാകാം. അത്തരക്കാരുടെ വലക്കണ്ണികളെകുറിച്ചുള്ള അറിവും അവരെ സൂക്ഷിക്കുക എന്ന മുന്നറിയിപ്പും കപ്പേള നൽകുന്നുണ്ട്​. 

Loading...
COMMENTS