Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightഅദ്രുമാൻ എന്ന ആമിനയുടെ...

അദ്രുമാൻ എന്ന ആമിനയുടെ ഇരട്ടജീവിതം

text_fields
bookmark_border
Irattajeevitham
cancel

ട്രാൻസ്‌ജൻഡർ ജീവിതത്തിലെ ചാന്തുപൊട്ടിസത്തെ തിരയാത്ത, കോമാളി വൽക്കരിക്കാത്ത, വിഷയത്തെ പൂർണ്ണ ഗൗരവത്തോടെ കണ്ട്കൊണ്ട് ചെയ്തെടുത്ത മികവുറ്റ ആദ്യ മലയാള സിനിമയെന്ന് ഇരട്ട ജീവിതത്തെ വിശേഷിപ്പിക്കാനാണ് താൽപര്യപ്പെടുന്നത്. സമാന്തര പ്രദർശനവുമായി തീയേറ്ററിൽ എത്തിയ ഇരട്ടജീവിതം സംവിധാനം ചെയ്തത് സുരേഷ് നാരായണൻ ആണ്. മെയിൽ ടു ഫെമിയിൽ ട്രാൻസിനെ കണ്ടു പരിചയിച്ച മലയാളി സമൂഹത്തിന് മുൻപിൽ ആദ്യമായി ഫീമെയിൽ ടു മെയിൽ ട്രാൻസിന്‍റെ ജീവിതാവസ്ഥകളും അവർക്കു നേരെയുള്ള കുടുംബ-സാമൂഹിക നിലപാടുകളും പരിഹാസങ്ങളോ വലിയ കോലാഹലങ്ങളോ ഇല്ലാതെ തന്മയത്വത്തോടെ പറഞ്ഞു, അവരിലേക്കുള്ള ഒരു പരിചയപ്പെടുത്തൽ കൂടി നടത്തി എന്നുള്ളതാണ് സംവിധായകൻ ചെയ്തെടുത്ത സാമൂഹിക പ്രതിബദ്ധത എന്ന് ഈ ചിത്രം എടുത്തു പറയുന്നു.

സൈനു-ആമിന എന്ന രണ്ടു പെൺകുട്ടികൾ തമ്മിലുള്ള ബന്ധം, ആമിനയുടെ സ്വതബോധം ഉൾക്കൊണ്ട തിരിച്ചറിവ്, ഒടുവിൽ നാടുവിട്ട് പലായനം നടത്തി ഒടുക്കം പെണ്ണിൽ നിന്നും ആണായി മാറി തിരിച്ചു വരുന്ന ആമിന, അതിനെ പൊതുബോധം സ്വീകരിക്കുന്ന രീതികൾ എന്നിങ്ങനെ പല ലെയറുകളായാണ് കഥ പറഞ്ഞു പോകുന്നത്. ആമിനയിൽ നിന്നും അദ്രുമാനിലേക്ക് ഉള്ള മാറ്റം അത്രവേഗത്തിൽ ഉൾക്കൊള്ളാനാകാതെ സമൂഹത്തിൽ ആമിന പാർശ്വവൽക്കരിക്കപെട്ടു പോകുകയാണ്. അതുകൊണ്ട് തന്നെ മുസ് ലിം പോപ്പുലേഷന് കൂടുതലുള്ള ഒരു മത്സ്യബന്ധന ഗ്രാമത്തിൽ ആമിനയെന്ന അദൃമാന് ലഭിക്കാതെ പോകുന്ന സ്വീകാര്യതയിൽ നിന്നു കൊണ്ട് തന്നെയാണ് കഥ പറയുന്നത്.

Irattajeevitham

അദ്രുമാൻ എന്ന ആമിന പിന്നീട് നേരിടേണ്ടി വരുന്ന കുടുംബ-സാമൂഹിക പ്രശ്നങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത വിഷയമാണ് ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന മലയാളികളുടെ കാഴ്ചപ്പാടുകൾ. അത് ഹാജിയാരിലൂടെയും ഫൈസലിലൂടെയും കടപ്പുറം നിവാസികളിലൂടെയും എല്ലാം പലവുരു അടിവരയിടാനായി സംവിധായകൻ ശ്രമിക്കുന്നു. ആൺ അധീശത്വബോധത്തിലൂന്നിയ സ്ത്രീക്ക് നേരെയുള്ള ലൈംഗീകാവകാശ പ്രഖ്യാപനങ്ങൾ പോലും അത്കൊണ്ട് ഒക്കെ തന്നെ സംവിധായകൻ പലപ്പോഴും കഥാപാത്രങ്ങളെ കൊണ്ട് പറയിപ്പിക്കുന്നുണ്ട്. ആമിനയുടെ ജീവിതത്തെക്കാൾ കൂടുതൽ പ്രതിസന്ധി ആമിനയിൽ നിന്നും അദ്രുമാനിലേക്ക് ഉള്ള പരിവർത്തത്തിനു ശേഷമുള്ള ജീവിതത്തിലാണ് നേരിടേണ്ടി വരുന്നത്. അത് ആമിനയിൽ മാത്രമല്ല കൂട്ടുക്കാരി സൈനുവിലും ആമിനയുടെ ഉമ്മയിലുമെല്ലാം പ്രകടമാണ്‌.

ആശങ്കളിലൂടെയാണ് അവരുടെ പ്രതിസന്ധികൾ മുൻപോട്ട് പോകുന്നത്. ആമിന ആണാണോ എന്ന സംശയവും, ആമിനയെ ഇനി മുതൽ എന്ത് വിളിക്കണം എന്നറിയാതെയുള്ള ഉമ്മയുടെ ആശങ്കയും എല്ലാം തന്നെ അവരെ കൂടുതൽ പ്രതിസന്ധികളിലെത്തിക്കുന്നു. നാട്ടിലെ എല്ലാ പുരുഷന്മാരുടെയും രോമാഞ്ചമായ, അവരുടെ ബോധ്യങ്ങളെ പോലും മാറ്റിമറിക്കാൻ കഴിയുന്ന ഒരു സ്ത്രീയുടെ കാഴ്ചപ്പാടിൽ നിൽകുന്ന പുഷ്പ, ലൈംഗീക ദാരിദ്ര്യത്തിനപ്പുറത്ത് പുരുഷമേൽകോയ്മയിൽ നിൽകുന്ന ഹാജ്യാർ എന്നിങ്ങനെ പലരിലൂടെയായി കഥ വികസിക്കുന്നു. എന്നാൽ പല കാലങ്ങളിൽ പല സ്റ്റേജുകളിൽ സംഭവിച്ചു പോകുന്ന കഥയായതിനാൽ തന്നെ കേരളത്തിലെ മാറി വരുന്ന സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങളെ സസൂക്ഷ്മം അടയാളപ്പെടുത്താനുള്ള ശ്രമം സംവിധായകൻ പലപ്പോഴായി നടത്തി പോരുന്നുണ്ട്.

Irattajeevitham

മെയിൽ ടു ഫീമെയിൽ എന്നതിന് അപ്പുറത്തുള്ള ജൻഡറുകളെ പറ്റി ഗൗരവമായി ചർച്ച ചെയ്ത സിനിമകൾ മലയാളത്തിൽ അപൂർവമാണ്. ഇത്തരം ഒരു സാഹചര്യത്തിൽ ആണ് ഇരട്ടജീവിതം ശ്രദ്ധേയമാകുന്നതും കഥാപാത്രത്തിന്‍റെ ആന്തരിക സംഘർഷങ്ങൾക്ക് മൂല്യം കൽപിക്കുകയും ചെയുന്നത്. അതൊരു തരത്തിൽ സംവിധായകൻ സമൂഹത്തോടും സമൂഹ ജീവികളോടും പുലർത്തിയ നീതിയാണെന്നു പറയേണ്ടി വരും. ഇല്ലായിരുന്നെങ്കിൽ ഇവിടെ ഒരു പക്ഷെ മറ്റൊരു ചാന്തുപൊട്ട് കൂടി പ്രേക്ഷകന് കാണേണ്ടി വന്നേനെ.

ചിത്രത്തിന്‍റെ പ്രധാന കൗതുകം എന്നു പറയുന്നത് ഇൻഡസ്ട്രി സിനിമകളുടെ ഒരു സ്ഥിരം സ്ട്രക്ചറായ തുടക്കം, ഫോളോ ചെയ്യുന്ന ജംങ്ഷനുകൾ, അതിലെ ഏറ്റക്കുറച്ചിലുകൾ, കഥാന്ത്യം എന്നിങ്ങനെയുള്ള പിന്തുടരലുകൾ ഒന്നുമില്ല എന്നത് തന്നെയാണ്. അതായത് കൃത്യമായൊരു ക്ലൈമാക്സ് ഇല്ലായെന്നത് തന്നെ. ട്രാജഡി കഥ പറഞ്ഞവസാനിപ്പിക്കാൻ ഉപയോഗിക്കാതിരുന്നു എന്നതാണ് ട്രാൻസ് വിഭാഗങ്ങളോട് സംവിധായകൻ കാണിച്ച നീതി എന്നത് അഭിനന്ദനാർഹമാണ്. ദിവ്യാ ഗോപിനാഥിന്‍റെ സൈനു എന്ന കഥാപാത്രം അവരുടെ കൈകളിൽ സുരക്ഷിതമായിരുന്നു.

Irattajeevitham

ചിത്രത്തിൽ ഉടനീളം മികവുറ്റു നിന്നത് ഷഹനാദ് ജലാലിന്‍റെ ഛായാഗ്രഹണമാണ്. ജൻഡർ ഇഷ്യൂ ഇത്രയേറെ ഗൗരവത്തിൽ കൈകാര്യം ചെയ്ത മറ്റൊരു സിനിമ മലയാളത്തിൽ ഇല്ല എന്നതാണ് ഇരട്ടജീവിതത്തെ തീർത്തും വ്യത്യസ്തമാക്കുന്നത്. ട്രാൻസ് കമ്മ്യൂണിറ്റിയെ ഏറ്റവും അടുത്തറിഞ്ഞ ഒരാളെന്ന നിലയിൽ സംവിധായകൻ തന്‍റെ സൃഷ്ടിയിൽ നീതി പുലർത്താൻ ശ്രമിച്ചിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie reviewmalayalam newsIrattajeevitham MovieSuresh Narayanan
News Summary - Irattajeevitham Movie Review Suresh Narayanan -Movie Review
Next Story