HOME MOVIES MOVIES SPECIAL

നമ്മൾ മാറിയേ തീരൂ...
രഞ്ജിത്​ ശങ്കർ\ പി.ആർ. സുമേരൻ - 25, JUN 2018 - 15:13 PM

രഞ്ജിത് ശങ്കർ, ‘ഞാൻ മേരിക്കുട്ടി’യിൽ ജയസൂര്യ

പ്രമേയത്തിലെ വ്യത്യസ്​തതയും അവതരണത്തിലെ പുതുമയുമാണ്​ സംവിധായകൻ രഞ്ജിത്ത് ശങ്കറിനെ വേറിട്ടുനിർത്തുന്നത്. അദ്ദേഹത്തിെ​ൻറ മിക്ക സിനിമകളും ഒന്നിനൊന്ന് മെച്ചപ്പെട്ടതുമാണ്. മലയാള സിനിമയുടെ കീഴ്വഴക്കങ്ങളെ ഭേദിക്കുന്ന ചലച്ചിത്രകാരൻകൂടിയാണ് രഞ്ജിത്ത് ശങ്കർ. അദ്ദേഹത്തി​െൻറ ആദ്യ ചിത്രമായ ‘പാസഞ്ചർ’ അവതരണത്തിലും പ്രമേയത്തിലും പുതുമ പുലർത്തുന്നതായിരുന്നു. പാസഞ്ചർ മലയാള സിനിമയെ പുതിയൊരു വഴിയിലേക്ക് വഴിതിരിച്ചുവിട്ടു. പിന്നാലെ വന്ന ‘പുണ്യാളൻ അഗർബത്തീസ്​’, ‘സു സു സുധി വാൽമീകം’, ‘രാമ​​െൻറ ഏദൻതോട്ടം’, ‘പുണ്യാളൻ പ്രൈവറ്റ്​ ലിമിറ്റഡ്​’​ എന്നിവയുടെ നിരയിലേക്ക്​ ഒരു സിനിമകൂടി പിറവികൊണ്ടിരിക്കുന്നു -‘ഞാൻ മേരിക്കുട്ടി’.

എന്നും സിനിമയിൽ പരീക്ഷണങ്ങൾക്ക് മുതിരുന്ന രഞ്ജിത്ത് ശങ്കറി​െൻറ പുതിയൊരു പരീക്ഷണമാണ്​ ‘ഞാൻ മേരിക്കുട്ടി’. മലയാള സിനിമക്ക്​ അപരിചിതമായ ​പ്രമേയ പരീക്ഷണവും സാമൂഹിക വിമർശനവുമാണ്​ ഞാൻ മേരിക്കുട്ടിയുടെ കാതൽ. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത ട്രാൻസ്​ ജെൻഡർ സിനിമയെന്ന വിശേഷണമുള്ള ‘ഞാൻ മേരിക്കുട്ടി’യുടെ വിശേഷങ്ങളും ത​​െൻറ സിനിമ-ജീവിത നിലപാടുകളും രഞ്ജിത്ത് ശങ്കർ പങ്കുവെക്കുന്നു...

‘ഞാൻ മേരിക്കുട്ടി’ സിനിമയിൽ ജയസൂര്യ
 


‘ഞാൻ മേരിക്കുട്ടി’. എന്തുകൊണ്ട്​ ഇങ്ങനെയൊരു സിനിമ?
ഇത് എെ​ൻറ ഒരു പരീക്ഷണ ചിത്രംതന്നെയാണ്. പല തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടായെങ്കിലും ചിത്രം ഉദ്ദേശിച്ചതിലും മികച്ചതായി പൂർത്തീകരിക്കാൻ കഴിഞ്ഞു. േപ്രക്ഷകർ സിനിമയെ സ്വീകരിക്കുന്നത്​ കാണുമ്പോൾ വളരെ സന്തോഷമുണ്ട്. കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഞാൻ മേരിക്കുട്ടിയെ കാണാൻ തിയറ്ററിലേക്ക് വരുന്നു. അത് വലിയൊരു മാറ്റംതന്നെയാണ്.
മലയാളത്തിലെ ആദ്യ ട്രാൻസ്​ജെൻഡർ സിനിമയെന്ന് വിശേഷിപ്പിച്ചേക്കാവുന്ന ഈ ചിത്രത്തിലേക്ക് എങ്ങനെയാണ്​ താങ്കളെത്തുന്നത്?
വളരെ യാദൃച്ഛികമായാണ്​ ഈയൊരു വിഷയം ഞാൻ തിരഞ്ഞെടുക്കുന്നത്. എ​െൻറ ‘േപ്രതം’ സിനിമയുടെ സെറ്റിൽ വെച്ചാണ് ഇങ്ങനെയൊരു ആശയം ഉണ്ടാകുന്നത്. അവിടെവെച്ച് നടിയും അവതാരകയുമായ പേളി മാണിയുടെ മേക്കപ്​ ആർട്ടിസ്​റ്റായി ഒരുപാട് ട്രാൻസ്​ജെൻഡറുകൾ വന്നിരുന്നു. അവരെ പരിചയപ്പെട്ടപ്പോഴാണ് ഇവരുടെ ജീവിതം വെച്ച് ഒരു സിനിമ ചെയ്യണമെന്ന് കരുതിയത്. 
എന്ത് പ്രത്യേകതയാണ് അവരിൽ താങ്കൾ കണ്ടത്?
എനിക്ക് ട്രാൻസ്​ജെൻഡർ സമൂഹാംഗങ്ങളുമായി വലിയ പരിചയമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, അവരുടെ സ്​നേഹം, സൗഹൃദം അതെല്ലാം എന്നെ വിസ്​മയിപ്പിച്ചു. അവരെപ്പോഴും ചിരിക്കുന്ന മുഖത്തോടെയാണ് നടക്കുന്നത്. എപ്പോഴും ഹാപ്പിയാണ്. പക്ഷേ, അവരുടെ ഒറ്റപ്പെടൽ, ഏകാന്തത അതെല്ലാം ഞാൻ ശ്രദ്ധിച്ചു. സമൂഹം അവരോട് പ്രകടിപ്പിക്കുന്ന വിവേചനവും മനസ്സിലുണ്ടായിരുന്നു. 

‘ഞാൻ മേരിക്കുട്ടി’ സിനിമയിൽ ജയസൂര്യയും സുരാജ്​ വെഞ്ഞാറമൂടും
 


ഈ ചിത്രം ചെയ്യുമ്പോൾ താങ്കൾ നേരിട്ട വെല്ലുവിളികൾ എന്തായിരുന്നു? 
പലതരത്തിലുള്ള വെല്ലുവിളികൾ നേരിടേണ്ടിവന്നു. കഥാപാത്രത്തി​െൻറ രൂപഭാവങ്ങൾ, മേക്കിങ്​, മേക്കപ്​, മറ്റു സാങ്കേതിക പ്രശ്നങ്ങൾ, കൂടാതെ ഈ സിനിമയെക്കുറിച്ചുള്ള പ്രമേയപരമായ ആശങ്കകൾ, ഭയം. അതെല്ലാം വെല്ലുവിളികളായിരുന്നു. 
ഇടക്ക്​ ഈ സിനിമ ഉപേക്ഷിക്കാൻ കരുതിയതായും കേട്ടിട്ടുണ്ട്. പിന്നീട് എങ്ങനെയാണ് വെല്ലുവിളികളെ അതിജീവിച്ചത്?
വളരെ ശരിയാണ്. നാലു ദിവസത്തെ ചിത്രീകരണത്തിനു ശേഷം സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ചതാണ്​. ഒരുതരത്തിലും ചിത്രീകരണം മുന്നോട്ടു പോകുന്നില്ല എന്ന ഘട്ടം വന്നപ്പോൾ സിനിമ ഉപേക്ഷിക്കാമെന്ന്​ വെച്ചു. പക്ഷേ, ഇപ്പോൾ ഈ സിനിമ ചെയ്തില്ലങ്കിൽ പിന്നീട് ഒരിക്കലും എനിക്ക് സിനിമ ചെയ്യാൻ കഴിയില്ല. ആ തിരിച്ചറിവാണ് എന്നെ വീണ്ടും ഈ ചിത്രത്തിലേക്ക് കൊണ്ടുവന്നത്. ഇതിനിടെ കേന്ദ്ര കഥാപാ​ത്രത്തെ അവതരിപ്പിക്കുന്ന നടൻ ജയസൂര്യയുടെ ഭാര്യ സരിത ലൊക്കേഷനിൽ വന്നതോടെ കാര്യങ്ങൾ അൽപംകൂടി എളുപ്പമായി. ജയ​​െൻറ സ്​ത്രീവേഷത്തിന് കൂടുതൽ ആത്്മവിശ്വാസം കൊടുക്കുന്ന ഒരുപാട് സഹായങ്ങൾ സരിതയുടെ ഭാഗത്തുനിന്നുണ്ടായി. ജയ​​െൻറ കോസ്​റ്റ്യൂം ഡിസൈൻ ചെയ്തതും മറ്റും സരിതയായിരുന്നു. 
ഇത്തരമൊരു സിനിമ ചെയ്യുന്നതിന് ഏതു തരത്തിലുള്ള പഠനങ്ങളും ശ്രമങ്ങളുമാണ് ഉണ്ടായത്?
സിനിമക്കു വേണ്ടി ട്രാൻസ്​ജെൻഡർ വിഭാഗത്തിൽപെട്ട ഒരുപാടു പേരുമായി സംസാരിക്കുകയും അവരുടെ അനുഭവങ്ങൾ നേരിട്ട് അറിയുകയും ചെയ്തു. വിദേശത്തടക്കം ഞാൻ പോയി അവിടെയുള്ള ട്രാൻസ്​ജെൻഡർ സമൂഹത്തി​െൻറ പ്രശ്നങ്ങളും അനുഭവങ്ങളും മനസ്സിലാക്കി. ഇവിടത്തെക്കാളും മാന്യവും സുരക്ഷിതവുമായ ജീവിത സാഹചര്യമാണ് വിദേശരാജ്യങ്ങളിൽ ട്രാൻസ്​ജെൻഡർ സമൂഹത്തിനുള്ളത്. 

‘ഞാൻ മേരിക്കുട്ടി’ സെറ്റിൽ ജയസൂര്യയും രഞ്ജിത് ശങ്കറും
 


ഈ സിനിമ ട്രാൻസ്ജെൻഡർ സമൂഹത്തെക്കുറിച്ച് പോസിറ്റിവ് ചിന്ത ഉണ്ടാക്കുമെന്ന് പ്രതീക്ഷയുണ്ടോ? 
തീർച്ചയായും ഉണ്ട്. ഈ സിനിമക്ക്​ ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന സ്വീകാര്യത അതാണ് തെളിയിക്കുന്നത്. എനിക്ക് ഇഷ്​ടപ്പെട്ട സിനിമയാണ് ഞാൻ ചെയ്യുന്നത്. ആ ചിത്രങ്ങൾ േപ്രക്ഷകർ സ്വീകരിക്കണമെന്ന് ആഗ്രഹവുമുണ്ട്. എ​െൻറ മുമ്പുള്ള ചിത്രങ്ങൾക്ക് കിട്ടിയിട്ടുള്ള സ്വീകാര്യത ഈ സിനിമക്കും കിട്ടി. അതെല്ലാം നല്ല കാര്യമായി കാണുന്നു.
റിലീസ്​ ചെയ്ത ശേഷം ട്രാൻസ്​ജെൻഡർ സമൂഹത്തി​െൻറ പ്രതികരണം എങ്ങനെയായിരുന്നു? 
നല്ല പ്രതികരണങ്ങളാണ് ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നത്. ദിവസേന പലരും ഫോണിൽ വിളിച്ച് അഭിനന്ദിക്കുന്നു. ഞങ്ങളുടെ പ്രശ്നങ്ങൾ പോസിറ്റിവായി കാണാൻ സമൂഹത്തെ േപ്രരിപ്പിക്കുന്നതാണ് ഈ സിനിമയെന്നാണ് അവർ പറയുന്നത്. നമ്മുടെ മനോഭാവത്തിലാണ് മാറ്റം വരുത്തേണ്ടത്. ട്രാൻസ്​ജെൻഡർ സമൂഹത്തോട് ഇപ്പോഴും നമ്മൾ അകലം പാലിക്കുന്നു. കേരളത്തിൽ ട്രാൻസ്​ജെൻഡർ പോളിസി​ വരെ വന്നു. എന്നിട്ടും നമ്മുടെ സമീപനത്തിലും മനോഭാവത്തിലും ഒരു മാറ്റവും ഉണ്ടാകുന്നില്ല. നമ്മൾ മാറിയേ തീരൂ. 
ഈ ചിത്രം അത്തരത്തിലുള്ള മാറ്റത്തി​െൻറ സൂചനകൾ നൽകുന്നതിൽ എത്രത്തോളം വിജയിച്ചിട്ടുണ്ടെന്നാണ് താങ്കളുടെ അഭിപ്രായം?
 അത് േപ്രക്ഷകരാണ് തീരുമാനിക്കേണ്ടത്. ട്രാൻസ്​ജെൻഡർ സമൂഹത്തോട് മലയാള സിനിമയും എപ്പോഴും അകലം പാലിച്ചിട്ടുണ്ടല്ലോ? സിനിമ മാത്രമല്ല. പൊതുസമൂഹവും എപ്പോഴും അകന്നുതന്നെ നിൽക്കുകയാണ്. 
ജയസൂര്യ-രഞ്​ജിത്​ ശങ്കർ കൂട്ടുകെട്ടിലുള്ള അഞ്ചാമത്തെ ചിത്രമാണ് ‘ഞാൻ മേരിക്കുട്ടി’?
അതിന് പ്രത്യേക കെമിസ്​ട്രിയൊന്നുമില്ല. ജയൻ എന്‍റെ അടുത്ത സുഹൃത്താണ്. സിനിമയാണ് ഞങ്ങളെ അടുപ്പിക്കുന്നത്. സിനിമതന്നെയാണ് ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തി​െൻറ അടിത്തറ.
ഒരു സംവിധായകരുടെയും കീഴിൽ താങ്കൾ അസിസ്​റ്റൻറായി വർക്ക് ചെയ്തിട്ടില്ല. എന്നിട്ടും കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്നു...?
ഞാൻ സിനിമയെ ഇഷ്​ടപ്പെടുന്നു. ഞാൻ കാണാൻ ആഗ്രഹിക്കുന്ന സിനിമകളാണ് ഞാൻ ചെയ്യുന്നത്. ടെലിഫിലിമുകൾക്ക് തിരക്കഥയെഴുതിയാണ്​ ഞാൻ തുടങ്ങുന്നത്​. സംവിധായകരുടെ കൂടെ അസിസ്​റ്റൻറായി ജോലി ചെയ്തിട്ടുമില്ല. സംവിധായകൻ ലാൽജോസി​െൻറ അറബിക്കഥയുടെ ലൊക്കേഷനിൽ ഞാൻ പോയിട്ടുണ്ട്. കുറച്ചു ദിവസം ഷൂട്ട് കണ്ടു. അതല്ലാതെ സിനിമയുമായി മുൻപരിചയമൊന്നും ഉണ്ടായിരുന്നില്ല.