Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightമലയാളസിനിമ:...

മലയാളസിനിമ: അർധവാർഷികാവലോകനം

text_fields
bookmark_border
Halfyearly-report-of-malayalam-2018
cancel

സിനിമാമേഖല പ്രതിസന്ധിയിൽ എന്ന മട്ടിലുള്ള,  ഓർമ്മയെത്തുന്ന കാലം മുതലുള്ള,  രോദനങ്ങൾ തെല്ലൊന്ന് അടങ്ങി നിൽക്കുന്ന  സാഹചര്യമാണെന്ന് തോന്നുന്നു കുറച്ചുകാലമായി കേരളത്തിൽ കണ്ടുവരുന്നത്. ഏതെങ്കിലും വിധത്തിലുള്ള ഫ്രെഷായ ആശയങ്ങൾ കൈയിൽ ഉള്ളവന് അത് താരങ്ങളുടെ പിന്തുണയൊന്നും കൂടാതെ സിനിമയാക്കാനുള്ള അവസരങ്ങൾ ഉണ്ട്. സിനിമയായിക്കഴിഞ്ഞാൽ  അത് പ്രേക്ഷകരിലെത്തിക്കാൻ ഗ്രാമങ്ങളിൽ പോലും എക്സ്ക്ലൂസീവ് നിലവാരമുള്ള തിയേറ്ററുകൾ ഉണ്ട്. എന്തെങ്കിലും രീതിയിൽ പുതുമയുള്ളതെന്ന് തോന്നുന്നതോ കാശ് മുതലാകുന്നതോ ആയ സിനിമകൾ പ്രേക്ഷകർ ഉദാരമായി വിജയിപ്പിച്ചുകൊടുക്കുന്നുമുണ്ട്. തിയേറ്ററുകളുടെ നിലവാരം കൂട്ടിയതനുസരിച്ച് ടിക്കറ്റ് നിരക്ക് 120-150-200₹ റേഞ്ചിൽ എത്തിയെന്നതിനാൽ ആളുകൾ നന്നായി സെലക്റ്റീവ് ആയി എന്നതാണ്  എടുത്തുപറയേണ്ട മറ്റൊരു കാര്യം. അതുകൊണ്ടുതന്നെ 2018ലെ ആദ്യത്തെ ആറുമാസം പിന്നിടുമ്പോൾ തിയേറ്ററിൽ എത്തിയ 91മലയാളസിനിമകളിൽ പാതിയെണ്ണത്തിലധികത്തിലധികത്തിന്‍റെയും പേരുപോലും (ഏറ്റവും നന്നായി സിനിമയെ പിന്തുടരുന്നവനുപോലും ) പൂർണാപരിചിതമായി വിക്കിപീഡിയയിൽ മാത്രം അവശേഷിക്കുന്നത്.

ആറുമാസത്തെ സംബന്ധിച്ച് 91 എന്ന സംഖ്യ ഭീമമായ ഒന്നാണ്. മലയാള സിനിമയുടെ ഇതുവരെയുള്ള എല്ലാ വർഷങ്ങളുടെയും റെക്കോർഡ് തകർക്കുന്ന ഒന്ന്. മാസത്തിൽ ആവറേജ്​ 15 സിനിമ വച്ച് ഇറങ്ങി എന്നുപറയുമ്പോൾ ആഴ്ചയിൽ നാലെണ്ണം ആയി. പ്രേക്ഷകൻ തെരഞ്ഞെടുപ്പ് കാര്യക്ഷമമാക്കുന്നതിൽ അദ്ഭുതമില്ലല്ലോ.. മേൽപറഞ്ഞ 91ൽ എന്തെങ്കിലും വിധത്തിൽ കൊള്ളാവുന്നതെന്ന് തോന്നിയ 47എണ്ണം തിയേറ്ററിൽ പോയി കണ്ട ഒരാളാണ് ഞാൻ. പല പടങ്ങൾക്കും, ചുമരായ  ചുമരിൽ മുഴുവൻ പോസ്റ്ററുമൊട്ടിച്ച് പത്രപരസ്യവും നൽകി രണ്ടുമൂന്നും ദിവസം കാത്തിരുന്നിട്ടും ഒറ്റപ്രേക്ഷകൻ പോലും എത്തിയില്ല എന്ന് തിയേറ്ററുകാർ ദുരന്തസാക്ഷ്യം പറയുന്നത് കേട്ട് തിരിച്ച് പോരേണ്ടിവന്ന അനുഭവവും ഉണ്ടായിട്ടുണ്ട്.

 

ജനുവരി 1 മുതൽ ജൂൺ 30വരെയുള്ള റിലീസിങ് ഡേറ്റുകളുടെ ക്രമം വച്ച് പരിശോധിക്കുമ്പോൾ ഈട, ക്വീൻ, ശിക്കാരിശംഭു, ഹേയ് ജൂഡ് , ക്യാപ്റ്റൻ, സുഡാനി ഫ്രം നൈജീരിയ, പൂമരം, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ആളൊരുക്കം,  കമ്മാരസംഭവം, അരവിന്ദന്റെ അതിഥികൾ, ഈ.മ.യൗ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഞാൻ മേരിക്കുട്ടി, അബ്രാഹാമിന്റെ സന്തതികൾ എന്നിവയായിരുന്നു ഏതെങ്കിലും നിലയിൽ ശ്രദ്ധേയമെന്ന് തോന്നിയ സിനിമകൾ. ഇവയിൽ ഈട, ആളൊരുക്കം,  പൂമരം, ഹേയ് ജൂഡ് എന്നീ സിനിമകൾ തിയേറ്ററിൽ വിജയങ്ങളായിരുന്നില്ല എന്നതും ഇതിൽ പെടുത്തിയിട്ടില്ലാത്ത ആദി, മോഹൻലാൽ, പഞ്ചവർണത്തത്ത, കുട്ടനാടൻ മാർപ്പാപ്പ, ബി ടെക് എന്നിവ തിയേറ്ററിൽ ആളുകേറിയ പടങ്ങളായിരുന്നു എന്നതും എടുത്ത് പറയണം. ക്വീൻ, ശിക്കാരിശംഭു, അരവിന്ദന്റെ അതിഥികൾ എന്നിവ സർപ്രൈസ് ഹിറ്റുകളായിരുന്നു എങ്കിൽ ക്യാപ്റ്റനും സുഡാനി ഫ്രം നൈജീരിയയും മലയാളിയുടെ മനസ് നിറച്ച വൻ വിജയങ്ങളായിരുന്നു.

മേൽപറഞ്ഞ 91സിനിമകളിൽ 80ശതമാനത്തിലധികവും നവാഗതസംവിധായകരുടെ സൃഷ്ടികളായിരുന്നു എന്നത് ഒരു പ്രത്യേകത ആണ്. ഈ 80ശതമാനത്തിൽ ഭൂരിഭാഗം പേരും രണ്ടാമതൊരു സിനിമ അർഹിക്കാത്തത്രക്കും വികലമായ സൃഷ്ടികളാണ് മുന്നോട്ടുവച്ചത് എന്നത് ദയനീയതയുമാണ്. അതിനിടയിലും സുഡാനി ഫ്രം നൈജീരിയ ചെയ്ത സക്കറിയയുടേയും ക്യാപ്റ്റൻ ഒരുക്കിയ പ്രജേഷ് സെന്നിന്‍റെയും  വിജയം/പ്രതിഭ തിളക്കത്തോടെ തന്നെ പ്രകാശിച്ചുനിൽക്കുന്നു.  സൗബിൻ എന്ന താരമൂല്യമുള്ള ഒരേ ഒരു നടനെ മാത്രം വച്ചു സ്വതന്ത്രസിനിമയെന്ന നിലയിൽ ചെറിയ ബഡ്ജറ്റിൽ തയ്യാറാക്കിയ സുഡാനി തിയേറ്ററുകളെ ജനനിബിഡമാക്കി 25കോടിയോളം കളക്റ്റ് ചെയ്തു എന്നത് മലയാളി പ്രേക്ഷകന്‍റെ ആസ്വാദനനിലവാരത്തിനുകൂടിയുള്ള അംഗീകാരമായി. സാങ്കേതികത കൊണ്ട് വിസ്മയം തീർത്ത് കമ്മാരസംഭവത്തിലൂടെ പുതിയൊരു ഴോണർ(genre) തന്നെ പരിചയപ്പെടുത്തിയ രതീഷ് അമ്പാട്ട് ആണ് മറ്റൊരു പ്രതിഭാധനൻ. വി സി അഭിലാഷ് (ആളൊരുക്കം) അജിത്കുമാർ(ഈട) എന്നിവരിൽ നിന്നും വരും നാളുകളിൽ കൂടുതൽ പ്രതീക്ഷിക്കാം. 

ലബ്ധപ്രതിഷ്ഠരിൽ ലിജോ ജോസ് പെല്ലിശ്ശേരി, ശ്യാമപ്രസാദ് എന്നിവർ തങ്ങളുടെ ജീനിയസ് നിലനിർത്തി. ആദ്യദിനം പി.വി.ആറിൽ ഹൗസ്ഫുൾ ഓഡിയൻസിനൊപ്പമിരുന്നു കണ്ട ‘ഈ മ യൗ’വിന് നാൽപതാം നാൾ സവിതയിൽ നിന്ന് രണ്ടാംവട്ടം കാണുമ്പോഴും അത്യാവശ്യം ആളുണ്ടായിരുന്നു എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. (മലയാളിപ്രേക്ഷകൻ ഇതിൽ കൂടുതൽ എങ്ങോട്ടാണ് വളരേണ്ടത്..) മേരിക്കുട്ടിയിലൂടെ ട്രാൻസ്ജെൻഡർ പ്രശ്നങ്ങൾ രാഷ്ട്രീയ നൈതികതയോടെ കൈകാര്യം ചെയ്ത രഞ്ജിത്ത് ശങ്കറിനും അഭിമാനിക്കാം. പക്ഷേ, മാധവിക്കുട്ടിയെപ്പോലൊരു വിശ്വസാഹിത്യകാരിയുടെ ജീവിതം സദാചാരമേലങ്കിയിട്ട് ‘ആമി’യാക്കിയ കമൽ എല്ലാ അർത്ഥത്തിലും ദുരന്തനാവുകയും ചെയ്തു.

jayasurya

നായകനടന്മാരിൽ സൂപ്പർ സീനിയറായ മമ്മൂട്ടിക്ക് തന്നെയായിരുന്നു എണ്ണമെടുത്താൽ ലീഡ്. ഇക്കയുടെ നാലുസിനിമകളിൽ ആദ്യ മൂന്നെണ്ണം പരാമർശമർഹിക്കാത്തവയാണെങ്കിലും ‘അബ്രഹാമി​​​​​െൻറ സന്തതികൾ’ ക്ലീൻ ഹിറ്റ് ആയി. അങ്കിൾ സാമ്പത്തിക വിജയമായി. താരമെന്ന നിലയിലും നടനെന്ന നിലയിലും തൊട്ടതെല്ലാം പൊന്നാക്കിയത് ജയസൂര്യയാണ്. ഡിസംബർ അവസനമെത്തിയ ആടിന്‍റെ ആഘോഷാാരവവുമായി 2018ലേക്ക് കടന്ന ജയസൂര്യ ക്യാപ്റ്റനിലും മേരിക്കുട്ടിയിലും വിജയമാവർത്തിക്കുകയും കഥാപാത്രങ്ങളായി ജീവിച്ച് അമ്പരപ്പിക്കുകയും ചെയ്തു. ഇന്ത്യൻ ഫുട്ബോളിലെ ദുരന്തനായക​​​​​െൻറ കഥ പറഞ്ഞ ‘ക്യാപ്റ്റനി’ൽ ജയസൂര്യ എന്ന താരത്തെയോ നടനെയോ മഷിയിട്ട് നോക്കിയാൽ കാണാത്ത വിധമാണ് അദ്ദേഹം വി.പി. സത്യന്‍റെ വൈകാരികസംഘർഷങ്ങൾ സ്ക്രീനിൽ എത്തിച്ചത്. ‘ഹേയ്​ ജൂഡി’ലെ നിവിൻ പോളിയുടെ പ്രകടനവ​ും എടുത്തു പറയേണ്ടതാണ്​.

mahanati

മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവർക്ക് പോയ ആറുമാസം സിനിമകളൊന്നുമില്ലായിരുന്നു. ഔട്ടായിപ്പോയതൊന്നുമല്ല. വരാനുള്ള നല്ല സിനിമകളുടെ ഒരുക്കങ്ങളിൽ ആണവർ. ദുൽഖറിന്‍റെ മഹാനടി തെലുങ്കിൽ നിന്ന് ഡബ്ബ് ചെയ്തെത്തി എന്ന ബോണസ് പോയിന്റ് ഉണ്ട്. ഉണ്ണി മുകുന്ദനും ബാഗമതിയിലൂടെ തെലുങ്കിൽ തകർത്തുവാരി. പക്ഷേ, മലയാളത്തിലെ രണ്ടുസിനിമകൾ ഒട്ടും ശ്രദ്ധേയമായതുമില്ല.

കുഞ്ചാക്കോ ബോബന്‍റെ ശിക്കാരി ശംഭുവും കുട്ടനാടൻ മാർപ്പാപ്പയും വിജയമാവുകയും ദിവാൻ ജി മൂല കൂപ്പുകുത്തുകയും ചെയ്തു. ആസിഫ് അലിക്ക് ബി ടെക് മാത്രേ ഉണ്ടായിരുന്നുള്ളൂ എങ്കിലും മോശമായില്ല. ബിജു മേനോൻ അമ്പേ പാളിപ്പോയി.‘ഈ മ യൗ’വിലെ ചെമ്പന്‍റെയും വിനായകന്‍റെയും പ്രകടന മികവുകളും സ്വാതന്ത്ര്യം അർധരാത്രിയിലെ ആന്‍റണി വർഗീസിന്റെ പൊളിച്ചടുക്കലുകളും 2018ന്‍റെ മുതൽക്കൂട്ടുകളാണ്. താരപുത്രന്മാരായ പ്രണവും കാളിദാാസനും അരങ്ങേറിയെങ്കിലും ഓർത്തുവെക്കാൻ ഒന്നും ബാക്കിയാക്കിയില്ല.

നായികമാരിൽ സൂപ്പർസ്റ്റാർ എന്ന് വിശേഷണമുള്ള മഞ്ജുവാര്യർക്ക് ‘ആമി’ സമ്പൂർണ്ണ വിമർശനപദ്ധതിയായെങ്കിൽ ‘മോഹൻലാൽ’ തിയറ്റർ വിജയം സമ്മാനിച്ചു. നടിയെന്ന നിലയിലും മഞ്ജു തിളങ്ങിയത് മോഹൻലാലിൽ ആയിരുന്നു. അനു സിതാര (ക്യാപ്റ്റൻ) നിമിഷ സജയൻ (ഈട) എന്നിവർ അഭിനയത്തികവിലൂടെ ശ്രദ്ധേയരായപ്പോൾ സുഡാനിയിലെ ഉമ്മമാരായി വന്ന സാവിത്രി ശ്രീധരനും സരസ ബാലുശ്ശേരിയും ആളുകളുടെ മനസ്സുകവരുകയും സിനിമയുടെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.

സാങ്കേതികമേഖലയെക്കുറിച്ച് ഒരു അവലോകനത്തിന് ഈ പാതിവർഷക്കണക്കുമായി മുതിരുന്നില്ല. നിരാശ പകരുന്ന കാഴ്ചകളല്ല പോയ ആറുമാസം മുന്നോട്ടുവെച്ചത് എന്ന ആശ്വാസത്തോടെ, വരാനുള്ള ഗംഭീരൻ പ്രൊജക്റ്റുകളിൽ വിശ്വാസമർപ്പിച്ച് പ്രതീക്ഷയോടെ/ ആഹ്ലാദത്തോടെ സിനിമകാണൽ തുടരുന്നു..those unheard are sweeter എന്നാണല്ലോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMalayalam Movies 2018Malayalam MpoviesHalf Year Report
News Summary - Half yearly Analysis Of Malayalam Movie News-Movie News
Next Story