‘ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട്...’; കുഞ്ഞു ക്വാഡ​​​​​​നെ സ്വാന്തനിപ്പിച്ച് ഗിന്നസ് പക്രു

23:45 PM
21/02/2020
Guinnes-Pakru-Quaden

കോഴിക്കോട്: ഉയരക്കുറവ് കാരണം കൂട്ടുകാരുടെ കളിയാക്കൽ സഹിക്കവയ്യാതെ വിതുമ്പുന്ന ഒമ്പത്​ വയസ്സുകാരൻ ക്വാഡ​​​​​​ന് പിന്തുണയുമായി സിനിമ നടൻ ഗിന്നസ് പക്രു. ഉയരക്കുറവിനെ തുടർന്ന് ചെറുപ്പത്തിൽ നേരിട്ട അനുഭവങ്ങൾ താരം ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. 

'മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട്... ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്... നീ കരയുമ്പോൾ... നിന്‍റെ അമ്മ തോൽക്കും...'- ഗിന്നസ് പക്രു എഫ്.ബിയിൽ കുറിച്ചു. കൂടാതെ, ഇളയരാജയുടെ രണ്ടു വരികളും സ്വാന്തനിപ്പിക്കാനായി എഴുതിയ താരം, ക്വാഡ​​​​​​ന്‍റെ വിഡിയോയും ഷെയർ ചെയ്തിട്ടുണ്ട്. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

'മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട് .....
ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത് ...
നീ കരയുമ്പോൾ ...നിന്‍റെ 'അമ്മ തോൽക്കും .........
ഈ വരികൾ ഓർമ്മ വച്ചോളു .

"ഊതിയാൽ അണയില്ല
ഉലയിലെ തീ
ഉള്ളാകെ ആളുന്നു ഉയിരിലെ തീ "
- ഇളയ രാജ -
ഇത്തരത്തിൽ വേദനിക്കുന്നവർക്കായി എന്‍റെ ഈ കുറിപ്പ്

ക്വാഡ​​​​​​ന്‍റെ അമ്മയുടെ വാക്കുകൾ:

കൂട്ടുകാരുടെ കളിയാക്കൽ സഹിക്കവയ്യാതെ വിതുമ്പുന്ന, ഉയരക്കുറവുള്ള മക​​​​​​ൻ ക്വാഡ​​​​​​ന്‍റെ വിഡിയോ ആസ്​ട്രേലിയക്കാരിയായ വീട്ടമ്മ യരാക ബെയിലീയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ​മക​​​​​​​െൻറ ഉയരക്കുറവിനെ സഹപാഠികൾ നിരന്തരം കളിയാക്കുന്നതിനെ തുടർന്ന്​ കുഞ്ഞു ക്വാഡൻ ആത്മഹത്യാ ഭീഷണി മുഴക്കിയിരിക്കുകയാണെന്ന് ഫേസ്​ബുക്​ ലൈവിൽ അമ്മ വ്യക്തമാക്കുന്നു.

‘‘മകനെ സ്​കൂളിൽ നിന്ന്​ കൂട്ടിക്കൊണ്ടുവരാൻ ചെന്നതായിരുന്നു ഞാൻ. എന്നാൽ സഹപാഠി മക​​​​​​​െൻറ തലക്ക്​ തട്ടി കളിയാക്കുന്നതിന് നിസ്സഹായയായി​ സാക്ഷിയാവേണ്ടി വന്നു. വികാരഭരിതയായി ഞാൻ എന്തെങ്കിലും ചെയ്യുമെന്ന ഭയത്താൽ മകൻ ഓടി കാറിനകത്ത്​ കയറുകയായിരുന്നു’’. -യരാക പറഞ്ഞു.

‘മറ്റുകുട്ടികളെ പോലെ എല്ലാ ദിവസവും സ്​കൂളിൽ പോകാനും പഠിക്കാനും ആസ്വദിക്കാനുമാണ്​ എ​​​​​​​െൻറ മകനും പോകുന്നത്​. എന്നാൽ ഓരോ ദിവസവും ത​​​​​​​െൻറ ഉയരക്കുറവിനെ പരിഹസിക്കുന്നുവെന്ന പരാതിയുമായാണ്​ മകൻ വരുന്നത്​. പുതിയ പേരുകൾ വിളിച്ചു കളിയാക്കൽ, ഉപദ്രവം, ഇങ്ങനെ പോകുന്നു. മാതാവെന്ന നിലക്ക്​ ഞാൻ ഒരു പരാജയമാണെന്നും നമ്മുടെ വിദ്യാഭ്യാസ വ്യവസ്​ഥ തന്നെ ഒരു പരാജയമാണെന്നും ആ സാഹചര്യത്തിൽ തോന്നിയതായും അവർ കൂട്ടിച്ചേർത്തു.

‘എനിക്ക്​ ഒരു കയർ തരൂ.. ഞാൻ എ​​​​​​​െൻറ ജീവിതം അവസാനിപ്പിക്കുകയാണ്​... ഹൃദയത്തിൽ കത്തി കുത്തിയിറക്കാനാണ്​ തോന്നുന്നത്​... എന്നെ ആരെങ്കിലുമൊന്ന്​ കൊന്ന്​ തന്നിരുന്നുവെങ്കിൽ... ഒമ്പത്​ വയസുകാരനായ ക്വാഡൻ വിഡിയോയിൽ പറയുന്നത്​ ഇത്തരം അപകടകരമായ കാര്യങ്ങളാണ്​.

പരിഹാസവും അധിക്ഷേപവും കുട്ടികളിൽ എത്രത്തോളം പ്രത്യാഘാതമുണ്ടാക്കുമെന്നത്​ വിഡിയോയിലൂടെ ബോധ്യമാകുമെന്ന പ്രത്യാശ അവർ പ്രകടിപ്പിച്ചു. ഭിന്നശേഷി ബോധവൽക്കരണം ഈ സമൂഹത്തിന്​ അത്യാവശ്യമാണ്​ വിദ്യർഥികൾക്ക്​ രക്ഷിതാക്കൾ തന്നെ അതിനെ കുറിച്ച്​ പറഞ്ഞുകൊടുക്കണമെന്നും യരാക ബെയ്​ലി പറയുന്നുണ്ട്​. 

ക്വാഡ​​​​​െൻറ വിഡിയോ വൈറലായതിനെ തുടർന്ന്​ രാജ്യത്തെ വിവിധ മേഖലകളിലെ പ്രമുഖരുടെയടക്കം പിന്തുണ ലഭിച്ചതി​​​​​െൻറ സന്തോഷത്തിലാണ്​ അവ​​​​​െൻറ കുടുംബം. ടീം ക്വാഡൻ #TeamQuaden എന്ന ഹാഷ്​ടാഗും പ്രചരിക്കാൻ തുടങ്ങിയിരിക്കുകയാണ്​.

Loading...
COMMENTS