വൈദ്യുതി ലൈനിലേക്ക് കാട്ടാന കമുക്​ വീഴ്​ത്തി; മരപ്പാലം ഹട്ടിഭാഗം ഇരുട്ടിൽ

05:42 AM
08/10/2017
ഗൂഡല്ലൂർ: ദേവാല റേഞ്ചിലെ മരപാലം ഹട്ടിഭാഗത്തെ വീടുകളിലേക്ക് പോവുന്ന വൈദ്യുതി ലൈനിൽ കമുക് വീണത് പ്രദേശത്തെ ഇരുട്ടിലാക്കി. രാത്രിയെത്തിയ ഒറ്റയാനാണ് കമുക് വീഴ്ത്തിയത്. നാടുകാണി-ഗൂഡല്ലൂർ അന്തർ സംസ്ഥാന പാതയിലൂടെ എത്തിയ ഒറ്റയാനാണ് നാശമുണ്ടാക്കിയത്. മരപ്പാലത്തെ ടാൻ ടീ പഴയ ഡിസ്പെൻസറിക്ക് എതിർവശത്തുള്ള വീടിന് സമീപമെത്തിയ ഒറ്റയാൻ ഹട്ടിഭാഗത്തേക്ക് എത്തുകയായിരുന്നു പ്രദേശവാസികൾ പറഞ്ഞു. ടാൻടീയുടെ പാണ്ഡ്യാർ ഡിവിഷൻ ഭാഗത്തും ഒറ്റയാൻ ഭീതിപരത്തി. പാതയോരത്തെ മരങ്ങൾ അപകടഭീഷണി ഗൂഡല്ലൂർ: ഗൂഡല്ലൂർ-കോഴിക്കോട് അന്തർ സംസ്ഥാന പാതയിൽ മരപാലം- പൂളിയംപാറ ഭാഗത്തേ ജങ്ഷനിൽ പോസ്റ്റ് ഒാഫിസ് കെട്ടിടത്തിന് സമീപവും സ്വകാര്യവ്യക്തിയുടെ വീടിനു സമീപമുള്ള സിൽവറോക്ക് മരവും അപകടഭീഷണി ഉയർത്തുന്നതായി പ്രദേശവാസികൾ പരാതിപ്പെട്ടു. ഈ മരങ്ങൾ റോഡിലേക്കോ വീടിനുമുകളിലേക്കോ വീണാൽ അപകടമുണ്ടാവും. മരംവെട്ടിമാറ്റാൻ ഉടൻ നടപടിയുണ്ടാവണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. റോഹിങ്ക്യൻ വംശഹത്യക്കെതിരെ ധർണ ഗൂഡല്ലൂർ: മ്യാൻമറിലെ റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെ നടക്കുന്ന വംശീയ അതിക്രമത്തിലും കൊലയിലും നാം തമിഴർ കക്ഷി പ്രതിഷേധ ധർണ നടത്തി. ഇവർക്കുനേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനവും മനുഷ്യത്വമില്ലായ്മയും കണ്ടിെല്ലന്ന് നടിക്കുന്ന കേന്ദ്ര സർക്കാറിനെയും വിമർശിച്ചു. റോഹിങ്ക്യൻ അഭയാർഥികളെ സംരക്ഷിക്കണെമന്നും ഇവർക്ക് നേരെയുള്ള അതിക്രമത്തിൽ ഇന്ത്യ അപലപിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. ഗൂഡല്ലൂർ ചുങ്കം ബസ്സ്റ്റാൻഡിനു മുന്നിൽ നടന്ന സമരത്തിൽ നാം തമിഴർ കക്ഷി ജില്ല സെക്രട്ടറി കേദീശ്വരൻ അധ്യക്ഷതവഹിച്ചു. മുസ്ലിംലീഗ്, മനിതനേയ മക്കൾ കക്ഷി തുടങ്ങിയ പാർട്ടി നേതാക്കൾ സംസാരിച്ചു.
COMMENTS