Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2016 3:35 PM IST Updated On
date_range 23 Jan 2016 3:35 PM ISTഅമ്പലവയല്‍ കാര്‍ഷിക കോളജ് അടുത്ത അധ്യയന വര്‍ഷം മുതല്‍ –മുഖ്യമന്ത്രി
text_fieldsbookmark_border
അമ്പലവയല്‍: അമ്പലവയലില്‍ പ്രഖ്യാപിച്ച പുതിയ കാര്‍ഷിക കോളജ് അടുത്ത അധ്യയന വര്‍ഷം ജൂണ്‍-ജൂലൈ മാസത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ മൂന്നാമത് അന്താരാഷ്ട്ര പുഷ്പമേള ‘പൂപ്പൊലി’യുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക കോളജ് സ്ഥാപിക്കാനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണം കൃഷിക്കാരിലേക്ക് ഇറങ്ങിച്ചെല്ലണം. കൃഷിഭൂമിയില്‍ അതിന്‍െറ പ്രതിഫലനം ഉണ്ടാവണം. കാര്‍ഷിക മേഖല വെല്ലുവിളി നേരിടുമ്പോള്‍ കര്‍ഷകനെ സഹായിക്കാന്‍ സര്‍വകലാശാലക്ക് കഴിയണം. വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ കൃഷിയോട് ആഭിമുഖ്യം വളര്‍ത്താന്‍ പൂപ്പൊലി പോലുള്ള പ്രദര്‍ശനങ്ങള്‍കൊണ്ട് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിലത്തകര്‍ച്ചയില്‍നിന്ന് കര്‍ഷകനെ രക്ഷിക്കാന്‍ നിരവധി കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്തത്. റബറിന് ചെറുകിട കര്‍ഷകന് കിലോക്ക് 150 രൂപ ഉറപ്പുവരുത്താനുള്ള നടപടിയാണ് സര്‍ക്കാര്‍ എടുത്തത്. ഒരു കിലോ റബറിന് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി 55 രൂപയാണ്. നാളികേരത്തിനും വിലത്തകര്‍ച്ചയാണ്. കൃഷിഭവന്‍ മുഖേന കിലോക്ക് 25 രൂപക്ക് പച്ചത്തേങ്ങ ശേഖരിക്കുകയാണ്. നെല്‍കൃഷിക്കും കനത്ത പ്രതിസന്ധിയാണ്. നെല്ല് ഒരു കിലോ 21.5 രൂപക്കാണ് സംഭരിക്കുന്നത്. 13 രൂപ 10 പൈസക്കാണ് ഇത് കേന്ദ്രത്തിന് വില്‍ക്കുന്നത്. ഒരു കിലോക്ക് 8.40 രൂപ സംസ്ഥാനം സബ്സിഡിയായി നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പട്ടികവര്‍ഗ ക്ഷേമ-യുവജനകാര്യ മന്ത്രി പി.കെ. ജയലക്ഷ്മി എക്സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിന്‍െറ റെഡി ടു യൂസ് ഫോര്‍മുലേഷനുകളുടെ പ്രകാശനം നിര്‍വഹിച്ചു. കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, മലയോര വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ എന്‍.ഡി. അപ്പച്ചന്‍, വനിതാ കമീഷന്‍ ചെയര്‍പേഴ്സന്‍ കെ.സി. റോസക്കുട്ടി ടീച്ചര്‍, കല്‍പറ്റ നഗരസഭ ചെയര്‍പേഴ്സന്‍ ബിന്ദു ജോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത്, അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. പി. രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൂപ്പൊലി ഫെബ്രുവരി നാലിന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story