അറസ്​റ്റിലായ വ്യാപാരിക്ക് കോവിഡ്; 15 പൊലീസുകാർ നിരീക്ഷണത്തിൽ

05:03 AM
24/06/2020
പുനലൂർ: പുകയില ഉൽപന്നം വിറ്റതിന് അറസ്റ്റിലായ വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പുനലൂർ സ്റ്റേഷനിലെ എസ്.എച്ച്.ഒ ഉൾെപ്പടെ 15 പൊലീസുകാർ നിരീക്ഷണത്തിലായി. സ്റ്റേഷൻെറ പ്രവർത്തനത്തിൽ കൂടുതൽ മുൻകരുതൽ നടപടി സ്വീകരിച്ചു. പട്ടണത്തിൽ ഗവ.എച്ച്.എസ്.എസിന് സമീപം കപ്പലണ്ടിക്കട നടത്തുന്ന 65 കാരനെയാണ് കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം എസ്.ഐയും സംഘവും അറസ്റ്റ് ചെയ്തത്. കോവിഡ് പരിശോധനക്കും മറ്റുമായി ഒരു ദിവസം മുഴുവൻ സ്റ്റേഷനിൽ പ്രതിയെ സൂക്ഷിച്ചിരുന്നു. കോടതി നടപടിയുടെ ഭാഗമായി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വ്യാപാരിക്ക് കോവിഡ് ടെസ്റ്റിന് സാമ്പിൾ ശേഖരിച്ചിരുന്നു. ഇതിനിടെ പ്രതി ജാമ്യത്തിലിറങ്ങി. കോവിഡ് ടെസ്റ്റിൻെറ ഫലം പോസിറ്റിവായി ചൊവ്വാഴ്ച രാവിലെ ലഭിച്ചതോടെ ആരോഗ്യവകുപ്പ് അധികൃതർ വ്യാപാരിയെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. എസ്.എച്ച്.ഒ കൂടാതെ, പ്രതിയെ അറസ്റ്റ് ചെയ്ത ക്രമസാധാന ചുമതലയുള്ള എസ്.ഐ, അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഉൾപ്പെടെ 15 പൊലീസുകാരാണ് നിരീക്ഷണത്തിലായത്. സ്റ്റേഷനും പരിസരവും അഗ്നിശമനസേനയെത്തി അണുമുക്തമാക്കി. വ്യാപാരിയെ സ്റ്റേഷനിൽ എത്തിച്ച ശേഷമുള്ള ദിവസങ്ങളിൽ സ്റ്റേഷനിൽ എത്തിയവരുടെയും വിവരങ്ങൾ ശേഖരിച്ചുതുടങ്ങി. സമ്പർക്കത്തിലൂടെ വ്യാപാരിക്ക് കോവിഡ് വരാനുള്ള സാധ്യതയാണ് അധികൃതർ സൂചിപ്പിക്കുന്നത്. ആശ്രയമായി നെറ്റിയാട് പൗരസമിതി (ചിത്രം) ചവറ: ആശ്രയമറ്റെത്തിയ കുടുംബത്തിന് കരുതലിൻെറ തണലൊരുക്കിയും ഓൺലൈൻ പഠനത്തിന് ടെലിവിഷൻ വാങ്ങി നൽകിയും പന്മന നെറ്റിയാട് പൗരസമിതി. കോട്ടയം ഈരാറ്റുപേട്ട സ്വദേശിക്കാണ് കച്ചവടം ചെയ്യാൻ ഉന്തുവണ്ടിയും പച്ചക്കറികളും നൽകിയത്. ഏപ്രിലിലാണ് ഈരാറ്റുപേട്ട സ്വദേശിയും ഭാര്യയും നാല് പെൺമക്കളുമായി കരുനാഗപ്പള്ളിയിൽ എത്തിയത്. തഹസിൽദാർ സജിതാബീഗം അറിയിച്ചതനുസരിച്ച് പൗരസമിതി ഇവരുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. വീട് വാടകക്ക് എടുത്തു നൽകിയതും ഭക്ഷ്യധാന്യങ്ങൾ എത്തിച്ചതും ഉന്തുവണ്ടിയും പച്ചക്കറിയും എടുത്തുനൽകിയതും ലിവ് ഫാർമ ഉടമ നല്ലാന്തറയിൽ ഫിറോസ് ആയിരുന്നു. ഓൺലൈൻ പഠനത്തിന് ടെലിവിഷൻ സ്പോൺസർ ചെയ്തത് വെറൈറ്റി മാർബിൾസ് ഉടമ നവാസും കേബിൾ സൗകര്യം ഏർപ്പെടുത്തിയത് ശരവണാ കേബിൾ വിഷൻ ഉടമ രാജുവുമാണ്. പന്മന നെറ്റിയാട്ട് മുക്കിൽ നടന്ന ചടങ്ങിൽ ഫിറോസിൻെറ പിതാവ് യൂസുഫ് കുഞ്ഞ്, ആദിൽ മുഹമ്മദ്, നെറ്റിയാട് പൗരസമിതി പ്രസിഡൻറ് നെറ്റിയാട്ട് റാഫിക്ക്, ജീവകാരുണ്യ പ്രവർത്തകനായ സിദ്ദീഖ് മംഗലശ്ശേരി, അയണിവേലിക്കുളങ്ങര വില്ലേജ് ഓഫിസർ സജീവ്, പന്മന ബാലകൃഷ്ണൻ, കോക്കാട്ട് റഹിം, ഷാജി, ആദിൽ എന്നിവർ സംബന്ധിച്ചു.
Loading...