Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാജധാനി സ്പെഷൽ ട്രെയിൻ ...

രാജധാനി സ്പെഷൽ ട്രെയിൻ കേരളത്തിൽ

text_fields
bookmark_border
ആദ്യസംഘം രാത്രി പത്ത് മണിയോടെ കോഴിക്കോട്ടിറങ്ങി കോഴിക്കോട്: ലോക്ഡൗണിൽപെട്ട് ഉത്തരേന്ത്യയിൽ കുടുങ്ങിയവരുമായി ഡൽഹിയിൽനിന്നുള്ള രാജധാനി സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിൻ കേരളത്തിലെത്തി. സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട്ട് വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ട്രെയിനെത്തി. യാത്രക്കാരെ സ്വീകരിക്കാൻ വിപുലമായ കരുതലും ഒരുക്കങ്ങളുമാണ് കോഴിക്കോട്ട് സജ്ജമാക്കിയിരുന്നത്. മലബാറിലെ വിവിധ ജില്ലകളിലുള്ള 165 പേരാണ് കോഴിക്കോട്ടിറങ്ങിയത്. അടുത്ത സ്റ്റേഷനായ എറണാകുളത്ത് 258 പേരും തിരുവനന്തപുരത്ത് 602 പേരുമാണിറങ്ങിയത്. വിദ്യാർഥികളും രോഗികളും ഗർഭിണികളും വിനോദയാത്രക്കുേപായി കുടുങ്ങിയവരും ട്രെയിനിലുണ്ട്. യാത്രക്കാരെ വിവിധ ജില്ലകളിൽ എത്തിക്കാൻ 15 കെ.എസ്.ആർ.ടി.സി ബസുകൾ കോഴിക്കോട്ട് സജ്ജമാക്കിയിരുന്നു. സാമൂഹിക അകലവും കോവിഡ് നിബന്ധനകളും പാലിച്ചാണ് യാത്രക്കാരെ സ്വീകരിച്ചത്. ആരോഗ്യ പ്രശ്നമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങളും റെയിൽവേ സ്റ്റേഷന് സമീപം ഒരുക്കിയിരുന്നു. ചികിത്സക്കും ജോലിതേടിയും വിനോദയാത്രക്കും പോയി കുടുങ്ങിയവർ ട്രെയിനിലുണ്ടായിരുന്നു. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഡൽഹിയിലെത്തി ട്രെയിനിൽ കയറുകയായിരുന്നു പലരും. വരും ദിവസങ്ങളിലും ട്രെയിൻ സർവിസുണ്ടാകും. എറണാകുളം സൗത്തിലും സ്റ്റോപ്പുള്ള ട്രെയിൻ വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്താണ് യാത്ര അവസാനിപ്പിച്ചത്. രാജസ്ഥാനിലെ കോട്ട, ഗുജറാത്തിലെ വഡോദര, മഹാരാഷ്ട്രയിലെ പൻവേൽ, ഗോവയിലെ മഡ്ഗാവ്, കർണാടകയിലെ മംഗളൂരു എന്നീ സ്റ്റേഷനുകളിലും ട്രെയിനിന് സ്റ്റോപ്പുണ്ടായിരുന്നു. ഒരു എ.സി ഫസ്റ്റ് ക്ലാസ്, അഞ്ച് സെക്കൻഡ് എ.സി, 11 തേർഡ് എ.സി കോച്ചുകളാണ് പ്രത്യേക ട്രെയിനിലുണ്ടായിരുന്നത്. കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്കും അവസാന സ്റ്റോപ്പായ തിരുവനന്തപുരത്തേക്കും ഓൺലൈൻ വഴി ബുക്ക് ചെയ്ത് യാത്ര ചെയ്യാമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും വ്യാഴാഴ്ച ഈ തീരുമാനം റദ്ദാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story