മലയോര ഹൈവേ നിർമാണം: മനുഷ്യാവകാശ ലംഘനത്തിന്​ പരാതി നല്‍കാനൊരുങ്ങി നാട്ടുകാര്‍

05:02 AM
08/11/2019
കുളത്തൂപ്പുഴ: മലയോര ഹൈവേ നിര്‍മാണം പുരോഗമിക്കവേ കരാറുകാരനെതിരെ മനുഷ്യാവകാശ ലംഘനത്തിന് പരാതി നല്‍കാനൊരുങ്ങി നാട്ടുകാര്‍. മണ്ണ് നീക്കിയും മണ്ണിട്ടും മെറ്റല്‍ നിറച്ചും റോഡ് നിർമിക്കുന്നതിനിടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഉയരുന്ന പൊടി പടലം നിയന്ത്രിക്കുന്നതിനു യാതൊരു സംവിധാനവുമൊരുക്കാന്‍ കരാറുകാര്‍ തയാറായിട്ടില്ല. കലുങ്ക് നിർമാണത്തിനായി മാസങ്ങളായി കുഴിതോണ്ടിയും ഇതിനു സമീപത്തായി മണ്ണിട്ടുയര്‍ത്തിയിടത്തുമാണ് പൊടിപടലം. തുടക്കത്തില്‍ പാതയിലൂടെ വിദ്യാര്‍ഥികള്‍ കടന്നുപോകുന്ന രാവിലെയും വൈകുന്നേരങ്ങളിലും വലിയ ടാങ്കര്‍ ലോറികളില്‍ വെള്ളം കൊണ്ടുവന്ന് പൊടി ഉയരുന്ന സ്ഥലങ്ങളില്‍ തളിച്ചിരുന്നു. എന്നാല്‍, ക്രമേണ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ നനക്കുകയും പിന്നീട് നാട്ടുകാരില്‍ നിന്ന് പ്രതിഷേധമുയരുന്നില്ലെന്നു കണ്ടതോടെ കരാറുകാരന്‍ ഈ സംവിധാനം പൂര്‍ണമായി അവസാനിപ്പിച്ചു. ഇടക്ക് മഴയുണ്ടായിരുന്നതിനാല്‍ പൊടിശല്യം രൂക്ഷമായിരുന്നില്ല. എന്നാല്‍, മഴമാറിയതോടെ പൊടി പടലം രൂക്ഷമായി. വികസനത്തിൻെറ പേരു പറഞ്ഞ് നാട്ടുകാരുടെ പ്രതിഷേധങ്ങളുടെ മുനയൊടിക്കുന്ന അധികൃതര്‍ നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഇതിനെതിരെ മനുഷ്യാവകാശ കമീഷന് പരാതി നല്‍കാനൊരുങ്ങുകയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. കില ഇ.ടി.സിയിൽ മലയാള ഭാഷ വാരാചരണം സമാപിച്ചു കൊട്ടാരക്കര: കില ഇ.ടി.സിയിൽ നടത്തിയ മലയാള ഭാഷ വാരാചരണം സമാപിച്ചു. ഉദ്യോഗസ്ഥർക്കും പരിശീലനാർഥികൾക്കുമായി ഭരണഭാഷ പരിശീലനം, പഴഞ്ചൊല്ല്, കേട്ടെഴുത്ത്, കവിത പാരായണം തുടങ്ങിയ മത്സരങ്ങൾ നടത്തി. ഫാക്കൽറ്റി അംഗങ്ങളായ എസ്. രമേശൻനായർ, മനോജ് ആർ.എസ്, വി.പി. റഷീദ്, സമീറ ആർ, ഡോ. ജുന എൽ പോൾ, ഡോ.റിൻസി.എം.അലി, സൂപ്രണ്ട് കെ. സുരേഷ്, സ്റ്റാഫ് സെക്രട്ടറി രഞ്ജിനി ജി.എസ് എന്നിവർ സംസാരിച്ചു.
Loading...