അനധികൃത യാത്രാബത്ത: ഇടത്​ സംഘടനാനേതാവിന്​ സസ്​പെൻഷൻ

05:03 AM
11/07/2019
തിരുവനന്തപുരം: അനധികൃത യാത്രാബത്ത എഴുതിവാങ്ങിയ സെക്രേട്ടറിയറ്റ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സെക്രട്ടേറിയറ്റിലെ സി.പി.എം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നിർവാഹക സമിതി അംഗവും സ്റ്റോർ പര്‍ച്ചേസ് വകുപ്പ് സെക്ഷൻ ഓഫിസറുമായ പ്രമോദിനെയാണ് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ സസ്പെൻഡ് ചെയ്തത്. ഇദ്ദേഹത്തിൻെറ കഴിഞ്ഞ രണ്ടുവർഷത്തെ യാത്രാ ബില്ലുകൾ പരിശോധിക്കാനും നിർദേശിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പിന് പ്രമോദ് ലക്ഷദ്വീപിൽ പോയ കാലയളവിൽത്തന്നെ സംസ്ഥാനത്തെ പല ജില്ലകളിലും സ്റ്റോർ പർേച്ചസ് ഇൻസ്പെക്ഷന് യാത്ര നടത്തിയെന്ന പേരിൽ യാത്രാബത്തയായി 24,783 രൂപ വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇദ്ദേഹത്തിനെതിരെ നേരത്തേ ഉയർന്ന ആരോപണങ്ങൾ കൂടി പരിഗണിച്ചാണ് കഴിഞ്ഞ രണ്ടുവർഷത്തെ ബില്ലുകൾ പരിശോധിക്കാൻ നിർദേശിച്ചത്.
Loading...