കോക്കനട്ട്​ കോൺഫറൻസ്​: വെബ്സൈറ്റ് ലോഞ്ചിങ്ങും ലോഗോ പ്രകാശനവും നടത്തി

05:03 AM
11/07/2019
തിരുവനന്തപുരം: ആഗസ്റ്റ് 17,18 തീയതികളില്‍ കോഴിക്കോട് നടക്കുന്ന ഇൻറര്‍നാഷനല്‍ കോക്കനട്ട് കോണ്‍ഫറന്‍സിൻെറ ഔദ്യോഗിക വെബ്സൈറ്റ് ലോഞ്ചിങ്ങും ലോഗോ പ്രകാശനവും ബ്രോഷര്‍ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന കോക്കനട്ട് ചലഞ്ചിൻെറ പ്രഖ്യാപനം മന്ത്രി ഇ.പി. ജയരാജന്‍ നിര്‍വഹിച്ചു. വ്യവസായവികസന കോര്‍പറേഷന്‍ (കെ.എസ്‌.ഐ.ഡി.സി), കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ്, കേരള സ്റ്റാര്‍ട്ടപ് മിഷന്‍ എന്നിവയുടെ സഹകരണത്തോടെ സംസ്ഥാന സര്‍ക്കാറും നാളികേര വികസന ബോര്‍ഡും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. നാളികേരമേഖലയെ പുരോഗതിയിലേക്ക് നയിക്കുന്നതിന് ആവശ്യമായ മാർഗനിര്‍ദേശങ്ങള്‍ രൂപവത്കരിക്കുകയാണ് സമ്മേളനത്തിൻെറ ലക്ഷ്യം. പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനങ്ങളും ഒരുക്കും. സംസ്ഥാനത്തെ തെങ്ങുകൃഷി, നാളികേരാധിഷ്ഠിത വ്യവസായം എന്നിവക്കായി സുസ്ഥിരവും സംയോജിതവുമായ വികസന മാതൃക രൂപകല്‍പന ചെയ്യാന്‍ സമ്മേളനം സഹായകരമാകും. സമ്മേളനത്തോടനുബന്ധിച്ച് ദേശീയ കോക്കനട്ട് ചലഞ്ചും സംഘടിപ്പിക്കും. സ്റ്റാർട്ടപ്പുകള്‍, വ്യക്തികള്‍, വിദ്യാർഥികള്‍ എന്നിവരുടെ ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സുവര്‍ണാവസരമാണ് ചലഞ്ച്. സമ്മേളനത്തില്‍ പങ്കെടുക്കുന്ന 70 പ്രഭാഷകരില്‍ 14 പേര്‍ വിദേശത്തുനിന്നാണ്. കാര്‍ഷിക ശാസ്ത്രജ്ഞൻ ഡോ. എം.എസ്. സ്വാമിനാഥന്‍, ഇൻറര്‍നാഷനല്‍ കോക്കനട്ട് കമ്യൂണിറ്റിയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ഉറോണ്‍ സാലൂം, നാളികേര വികസന ബോര്‍ഡ് അധ്യക്ഷ ഉഷാറാണി എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
Loading...