കൗണ്‍സിലറും റവന്യൂ ഇന്‍സ്‌പെക്ടറും തമ്മിൽ തർക്കം; നഗരസഭ സോണൽ ഒാഫിസ് പ്രവർത്തനം തടസ്സപ്പെട്ടു

05:03 AM
11/07/2019
വട്ടിയൂര്‍ക്കാവ്: പണം അടയ്ക്കുന്നതിനെ ചൊല്ലി വാര്‍ഡ് കൗണ്‍സിലറും റവന്യൂ ഇന്‍സ്‌പെക്ടറും തമ്മിൽ തർക്കം. നഗരസഭയുടെ നെട്ടയം സോണൽ ഒാഫിസ് പ്രവർത്തനം തടസ്സപ്പെട്ടു. നെട്ടയം വാർഡ് കൗൺസിലർ പി. രാജിമോളും നെട്ടയം സോണൽ ഓഫിസിൻെറ റവന്യൂ ഇന്‍സ്‌പെക്ടർ സിന്ധുവും തമ്മിലാണ് പോർവിളിയും തർക്കവുമുണ്ടായത്. ബുധനാഴ്ച രാവിലെ 10ന് തുടങ്ങിയ തർക്കവും വഴക്കും ഒരു മണിക്കൂറിലധികം നീണ്ടതോടെ സോണൽ ഒാഫിസ് പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു. രാവിലെ സോണല്‍ ഓഫിസിലെ കാഷ് കൗണ്ടറില്‍ ഉപഭോക്താവിൻെറ പണം അടയ്ക്കാനെത്തിയതായിരുന്നു രാജിമോള്‍. കാഷ് കൗണ്ടറിന് മുന്നില്‍ തിരക്കായിരുന്നതിനാല്‍ പതിവുപോലെ കൗണ്‍സിലര്‍ കൗണ്ടറിനുള്ളിലേക്ക് ചെന്ന് പണമടയ്ക്കാന്‍ ശ്രമിച്ചു. എന്നാൽ, കൗണ്ടർ ഉള്ളിൽനിന്ന് പൂട്ടിയനിലയിലായിരുന്നു. പലതവണ കൗൺസിലർ കൗണ്ടറിൽ മുട്ടിവിളിച്ചിട്ടും തുറക്കാൻ തയാറായില്ല. ഇതിൻെറ കാരണം അന്വേഷിച്ച കൗൺസിലറോട് പ്രകോപിതനായ റവന്യൂ ഇന്‍സ്‌പെക്ടര്‍ പരുഷമായി സംസാരിക്കുകയും മാറിനില്‍ക്കാന്‍ പറഞ്ഞ് കൗണ്ടറിൻെറ വാതില്‍ അടയ്ക്കുകയുമായിരുന്നു. രാജിമോള്‍ ഉടന്‍തന്നെ മുതിര്‍ന്ന നേതാവായ ശ്രീകുമാറിനെയും നെട്ടയത്തെ സി.പി.എം പ്രാദേശികനേതൃത്വത്തെയും വിവരമറിയിച്ചു. ശ്രീകുമാര്‍ രാജിമോള്‍ക്ക് അനുകൂലമായ നിലപാടെടുത്തെങ്കിലും പാര്‍ട്ടിനേതൃത്വം ഇവരെ തള്ളുകയായിരുന്നെന്നാണ് സൂചന. വാര്‍ഡ് കൗണ്‍സിലര്‍മാര്‍ ഇത്തരത്തില്‍ പണമടയ്ക്കാന്‍ കാഷ് കൗണ്ടറിന് മുന്നില്‍ വരാറുണ്ടെന്നും ഇതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അത് കോർപറേഷന്‍ സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തുകയാണ് വേണ്ടതെന്നുമായിരുന്നു രാജിമോളുടെ നിലപാട്. അടുത്തിടെ നഗരസഭയിലുണ്ടായ ചില സംഭവ വികാസങ്ങൾക്കുശേഷം കൗണ്ടർ അടച്ചിടാനും കൗണ്ടറിൽ ചാർജുള്ള ഉദ്യോഗസ്ഥരല്ലാതെ മറ്റാരെയും കടത്തേണ്ടെന്ന നിർദേശമുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.
Loading...
COMMENTS