രാജീവ് ജ്യോതി യാത്രക്ക്​ സ്വീകരണം നല്‍കി

05:03 AM
18/05/2019
തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28ാമത് രക്തസാക്ഷിത്വ ദിനാചരണത്തിൻെറ ഭാഗമായി കര്‍ണാടകയില്‍നിന്ന് പുറപ്പെട്ട രാജീവ് ജ്യോതി യാത്രക്ക് ഇന്ദിരഭവനില്‍ സ്വീകരണം നല്‍കി. ഇന്ദിരഭവനിലെത്തിയ രാജീവ് ജ്യോതി സദ്ഭാവനാ യാത്രയെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആൻറണി സ്വീകരിച്ചു. ജനാധിപത്യത്തിൻെറ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിന് പ്രവര്‍ത്തിച്ച ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധിയെന്ന് എ.കെ. ആൻറണി പറഞ്ഞു. രാജ്യത്ത് വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ നടത്തുന്ന ജനാധിപത്യ ധ്വംസന പ്രവൃത്തികളുടെ പശ്ചാത്തലത്തില്‍ രാജീവ് ഗാന്ധി ഉയര്‍ത്തിപ്പിച്ച ആദര്‍ശങ്ങളുടെ പ്രസക്തി വർധിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലേബര്‍ സെല്‍ ചെയര്‍മാന്‍ എസ്.എസ്. പ്രകാശമാണ് രാജീവ് ജ്യോതിയാത്ര നയിക്കുന്നത്. മേയ് 15ന് ബംഗളൂരുവില്‍നിന്ന് പുറപ്പെട്ട രാജീവ് ജ്യോതി യാത്ര 16ന് ഉച്ചക്ക് കേരളത്തില്‍ പ്രവേശിച്ചു. പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കിയ രാജീവ് ജ്യോതി യാത്ര ഇന്നലെ രാത്രി കന്യാകുമാരിയിലേക്ക് പുറപ്പെട്ടു. രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്പത്തൂരില്‍ 21ന് സമാപിക്കും. കർണാടകം, കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലൂടെയാണ് രാജീവ് ജ്യോതിയാത്ര പര്യടനം നടത്തുന്നത്.
Loading...
COMMENTS