ചുവരെഴുത്തിനെചൊല്ലി സംഘർഷം: രണ്ട് ബി.ജെ.പി പ്രവർത്തകർ അറസ്​റ്റിൽ

05:06 AM
11/02/2019
തിരുവനന്തപുരം: പേട്ട പാൽകുളങ്ങര കവറടി ജങ്ഷനിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട സി.പി.എം-ബി.ജെ.പി സംഘർഷത്തിൽ രണ്ട് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ. പാൽകുളങ്ങര കുളത്തിൻകര ലൈനിൽ മാവേലിവിളാകം വീട്ടിൽ സതീഷ്കുമാർ (28), വിഷ്ണു (28) എന്നിവരെയാണ് ഞായറാഴ്ച ഉച്ചയോടെ ശ്രീകണ്ഠേശ്വരത്ത് െവച്ച് വഞ്ചിയൂർ പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ വഞ്ചിയൂർ മേഖല സെക്രട്ടറി ദിനീത് (29), വഞ്ചിയൂർ യൂനിറ്റ് കമ്മിറ്റി അംഗം ഷാരോൺ (31) എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. ദിനീതിനെയും ഷാരോണിനെയും ആക്രമിച്ചെന്ന പരാതിയിലും സി.സി.ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് സതീഷ്കുമാറിനെയും വിഷ്ണുവിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കവറടി ജങ്ഷനിൽ ചുവരെഴുതിക്കൊണ്ടിരുന്ന സി.പി.എം പ്രവർത്തകരും ബൈക്കിലെത്തിയ ബി.ജെ.പി പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. അക്രമത്തിൽ ബി.ജെ.പി പ്രവർത്തകരായ ശ്യാം (25), ഷാജി (32) എന്നിവർക്ക് മാരകമായി വെട്ടേൽക്കുകയും ദിനീതിനും ഷാരോണിനും പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർ ഒളിവിലാണെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും വഞ്ചിയൂർ എസ്.എച്ച്.ഒ സി.എസ്. സുരേഷ്കുമാർ പറഞ്ഞു.
Loading...
COMMENTS