വ്യോമസേനയെ 'തൊട്ടറിഞ്ഞും നേരിട്ടറിഞ്ഞും' വിദ്യാർഥികൾ

05:36 AM
23/01/2019
ശംഖുംമുഖം: ഒാപറേഷന്‍ സിനര്‍ജി, കരുണ എന്നിവയിലൂടെ സംസ്ഥാനത്തുണ്ടായ പ്രകൃതിക്ഷോഭത്തിൽ രക്ഷാപ്രവര്‍ത്തനം നടത്തി അഭിമാനമായ വ്യോമസേനയെ നേരിട്ടറിയാന്‍ കുട്ടികളെത്തി. വിമാനങ്ങളുടെയും ആയുധങ്ങളുടെയും നിശ്ചലപ്രദര്‍ശനം കാണാന്‍ നഗരത്തിലെ വിവിധ സ്കൂളുകളില്‍നിന്നും കോളജുകളില്‍നിന്നും നൂറ് കണക്കിന് വിദ്യാർഥികളായിരുന്നു ചൊവ്വാഴ്ച്ച ശംഖുംമുഖം ടെക്നിക്കല്‍ ഏരിയയിൽ എത്തിയത്. റിപ്പബ്ലിക്ദിന ആഘോഷങ്ങളുടെ ഭാഗമായി 'സേനയെ അറിയാന്‍' ക്യാമ്പയിനി​െൻറ ഭാഗമായി സ്കൂള്‍-കോളജ് വിദ്യാർഥികള്‍ക്കിടയില്‍ വ്യോമസേനയെ കുറിച്ച് അവബോധം വളര്‍ത്താനും ഭാവിതലമുറയെ സേനയില്‍ അംഗമാക്കാൻ പ്രോത്സാഹിപ്പിക്കുന്നതി​െൻറയും ഭാഗമായായിരുന്നു പ്രദർശനം. സംസ്ഥാനം വിറങ്ങലിച്ച ദുരന്തങ്ങളായ ഓഖിയിലും പ്രളയമുഖത്തും രക്ഷാപ്രർത്തനം നടത്തിയ എം.ഐ -17, എ.എല്‍.എച്ച്, സാരംഗ് എ.എന്‍-32 ഹെലികോപ്ടറുകളും വിമാനങ്ങളും നേരിട്ട് കാണാന്‍ കഴിഞ്ഞത് കുട്ടികളെ ആവേശത്തിലാഴ്ത്തി. ഗരുഡ് കമാന്‍ഡോ സേന ഉപയോഗിക്കുന്ന പ്രത്യേക ആയുധങ്ങള്‍, യുദ്ധസാമഗ്രികള്‍, മിസൈല്‍ വിക്ഷേപണി എന്നിവയും പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു. രാജ്യത്ത് നിരവധി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അനുഭവങ്ങള്‍ ഗരുഡ് കമാന്‍ഡോസ് കുട്ടികള്‍ക്ക് വിവരിച്ചുകൊടുത്തു. എയര്‍ഫോഴ്സ് സ്റ്റേഷന്‍ ഗ്രൂപ് കമാന്‍ഡര്‍ പി.കെ. അവസ്തി പ്രദർശനം ഉദ്ഘാടനം ചെയ്തു. ദക്ഷിണ വ്യോമസേന മേധാവി എയര്‍ മാര്‍ഷല്‍ ബി. സുരേഷ് കുട്ടികളുമായി ആശയവിനിമയം നടത്തി.
Loading...