കൊല്ലം ബൈപാസ്; ഉദ്ഘാടന വേദിക്കായി നെട്ടോട്ടം

05:02 AM
11/01/2019
പ്രധാനമന്ത്രി പെങ്കടുക്കുന്നതിനാൽ ഏറ്റവും അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ശ്രമം കൊല്ലം: ബൈപാസ് ഉദ്ഘാടനത്തിന് സുരക്ഷിതമായ വേദി തേടി ഉദ്യോഗസ്ഥസംഘത്തി​െൻറ ഓട്ടം തുടരുന്നു. ബൈപാസ് കടന്നുപോകുന്ന ഭാഗങ്ങളിൽ വേദിക്കായി സ്ഥലം തിരഞ്ഞെങ്കിലും അന്തിമ തീരുമാനത്തിലെത്താനായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നതിനാൽ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്താനുള്ള ഉന്നതസംഘത്തി​െൻറ കൂടിയാലോചന തുടരുകയാണ്. കല്ലുംതാഴം, കാവനാട് ടോൾ പ്ലാസ, ആശ്രാമം മൈതാനം, ആശ്രാമം െഗസ്റ്റ് ഹൗസ് മൈതാനം എന്നിവയിൽ ഒരിടത്ത് വേദി സജ്ജമാക്കാനുള്ള സാധ്യതകളാണ് സംഘം പരിശോധിക്കുന്നത്. കലക്ടർ ഡോ.എസ്. കാർത്തികേയൻ, സി.ബി.സി.ഐ.ഡി സെക്യൂരിറ്റി ഡി.ഐ.ജി എ. അക്ബർ, എസ്.പി.ജി എ.ഐ.ജി അരവിന്ദ് സിങ്, ദേശീയപാത അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘം വ്യാഴാഴ്ചയും ബൈപാസിലും ആശ്രാമം മൈതാനത്തും സന്ദർശനം നടത്തി. വലിയ ജനപങ്കാളിത്തം ഉണ്ടായാൽ ഉൾക്കൊള്ളാനാവുന്ന തരത്തിൽ വേദി നിർമിക്കാനുള്ള സൗകര്യം ബൈപാസിലും പരിസരത്തുമില്ല. അതിനാലാണ് ആശ്രാമത്ത് ഉദ്ഘാടനവേദിയൊരുക്കാനുള്ള ആലോചന ഉണ്ടായത്. ബൈപാസിൽ തന്നെ വേദിയൊരുക്കണമെന്നാണ് ഉപരിതല ഗതാഗത മന്ത്രാലയത്തി​െൻറ താൽപര്യമെന്നാണ് അറിയുന്നത്. വേദി സംബന്ധിച്ച് അന്തിമതീരുമാനം വെള്ളിയാഴ്ച ഉണ്ടാകും. പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങൾക്കായി വേദിയുടെ വിവരം എസ്.പി.ജി സംഘത്തിന് കൈമാറേണ്ടതുണ്ട്. ബൈപാസ് ഉദ്ഘാടനശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന ബി.ജെ.പി റാലി നടക്കുന്ന പീരങ്കിമൈതാനത്ത് സുരക്ഷാസംവിധാനമൊരുക്കാനുള്ള തയാറെടുപ്പിലാണ്. എസ്.പി.ജി ഐ.ജി ഉൾപ്പെടെയുള്ള ഉന്നതസംഘവും വ്യോമസേനാസംഘവും വെള്ളിയാഴ്ച എത്തും. ഹെലികോപ്ടർ ഇറങ്ങേണ്ട ആശ്രാമം മൈതാനത്തെ ഹെലിപാഡും ബൈപാസി​െൻറ ഉദ്ഘാടനവേദിയും പീരങ്കിമൈതാനവും സുരക്ഷാസംഘത്തി​െൻറ നിരീക്ഷണത്തിലാകും.
Loading...
COMMENTS