Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 5:14 AM GMT Updated On
date_range 2018-03-20T10:44:57+05:30ഇന്ത്യ^വെസ്റ്റിൻഡീസ് ക്രിക്കറ്റ്: കെ.സി.എയുടെ ശ്രദ്ധക്ക് കൊച്ചി പഴയ കൊച്ചിയല്ല, കാര്യവട്ടവും
text_fieldsഇന്ത്യ-വെസ്റ്റിൻഡീസ് ക്രിക്കറ്റ്: കെ.സി.എയുടെ ശ്രദ്ധക്ക് കൊച്ചി പഴയ കൊച്ചിയല്ല, കാര്യവട്ടവും തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റിൻഡീസ് ക്രിക്കറ്റ് മത്സരം കൊച്ചിയിലേക്ക് കൊണ്ടുപോകുന്ന കേരള ക്രിക്കറ്റ് അസോസിയേഷെൻറ (കെ.സി.എ) നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. ക്രിക്കറ്റിനായി പൂർണമായി സജ്ജീകരിച്ച അഞ്ച് പിച്ചുകൾ ഗ്രീൻഫീൽഡിൽ ഉള്ളപ്പോൾ എന്തിനു വേണ്ടിയാണ് കോടികൾ മുടക്കി നിർമിച്ച കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ ഫുട്ബാൾ ടർഫ് കുത്തിപ്പൊളിക്കുന്നതെന്നാണ് ഫുട്ബാൾ ആരാധകരുടെയും ക്രിക്കറ്റ് പ്രേമികളുടെയും ചോദ്യം. ഫിഫ അണ്ടർ 17 ലോകകപ്പുമായി ബന്ധപ്പെട്ടാണ് കൊച്ചി സ്റ്റേഡിയത്തിലെ ക്രിക്കറ്റ് പിച്ചുകൾ പൊളിച്ച് 25 കോടി മുടക്കി ലോകനിലവാരത്തിലുള്ള ഫുട്ബാൾ ടർഫ് സംസ്ഥാന സർക്കാർ നിർമിച്ചത്. കൂടാതെ,കൊച്ചി സ്റ്റേഡിയം കേരള ബ്ലാസ്റ്റേഴ്സിെൻറ ഹോം ഗ്രൗണ്ട് കൂടിയാണ്. ഈ അവസ്ഥയിൽ കൊച്ചിയിൽ അടുത്തകാലത്തൊന്നും ഒരു ക്രിക്കറ്റ് മത്സരം നടത്താൻ കഴിയില്ലെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് കഴിഞ്ഞ വർഷം കെ.സി.എ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിെൻറ ഉടമസ്ഥരായ ഐ.എൽ ആൻഡ് എഫ്.എസുമായി 10 വർഷത്തെ കരാറിൽ ഒപ്പുവെച്ചതും ഇന്ത്യ-ന്യൂസിലൻഡ് ട്വൻറി20 പരമ്പരയിലെ അവസാന മത്സരം ഇവിടെ നടത്തിയതും. അന്ന് കനത്ത മഴയെ അതിജീവിച്ച് എട്ട് ഓവർ മത്സരം സംഘടിപ്പിക്കാൻ സാധിച്ചത് താരങ്ങളുടെയും ബി.സി.സി.ഐയുടെയും മനം ഒരുപോലെ കവർന്നിരുന്നു. അതുകൊണ്ടുതന്നെ ബി.സി.സി.ഐ ഇത്തവണ ഏകദിനവും ഗ്രീൻഫീൽഡിനാണ് നൽകിയത്. പക്ഷേ, കെ.സി.എ ഭരണസമിതി അത് അട്ടിമറിക്കുകയായിരുന്നു. മുൻകാലങ്ങളിൽ 60,000ത്തോളം കാണികളെ ഉൾക്കൊള്ളുമായിരുന്ന കലൂർ സ്റ്റേഡിയത്തിലെ ഇന്നത്തെ സ്ഥിതി പരമദയനീയമാണ്. കാലപ്പഴക്കവും ജനങ്ങളുടെ സുരക്ഷയും കണക്കിലെടുത്ത് പരമാവധി 32,000 പേർക്കേ നിലവിൽ പ്രവേശനം അനുവദിക്കാൻ കഴിയൂ. അതേസമയം, ഗ്രീൻഫീൽഡിൽ 55,000 പേർക്ക് കളികാണാനാകും. കൂടാതെ, നവംബർ കേരളത്തിൽ മഴ സീസണാണ്. 2010ൽ ആസ്ട്രേലിയക്കെതിരായ മത്സരം കൊച്ചിയിൽ മഴ മാറിയിട്ടും ഗ്രൗണ്ടിലെ വെള്ളക്കെട്ട് കാരണം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഹെലികോപ്ടർ ഉൾപ്പെടെ ഉപയോഗിച്ചിട്ടും ഗ്രൗണ്ട് ഉണക്കാൻ കഴിഞ്ഞില്ല. എന്നാൽ, ഗ്രീൻഫീൽഡിലെ അവസ്ഥ അങ്ങനെയല്ല. എത്ര കനത്ത മഴ പെയ്താലും അര മണിക്കൂർ കൊണ്ട് മത്സരം നടത്താം. അത്രത്തോളം മികച്ച ഡ്രെയിനേജ് സംവിധാനമാണ് സ്റ്റേഡിയത്തിലുള്ളത്. കൊച്ചിയിലെ ഫുട്ബാൾ ടർഫ് ക്രിക്കറ്റ് പിച്ചായി മാറ്റുന്നതിനെതിരെ കേരള ബ്ലാസ്റ്റേഴിസിെൻറ ആരാധകർ കെ.സി.എക്കെതിരെ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇവരുടെ ആരാധകഗ്രൂപ്പായ 'മഞ്ഞപ്പട' കൊച്ചിൻ വികസന അതോറിറ്റിക്ക് (ജി.സി.ഡി.എ) പരാതി നൽകാനുള്ള ഒരുക്കത്തിലാണ്.
Next Story