Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശരണബാല്യം പദ്ധതി; ...

ശരണബാല്യം പദ്ധതി; ചൈല്‍ഡ് ​റസ്‌ക്യൂ ഫോഴ്‌സ് മോചിപ്പിച്ചത് 29 കുട്ടികളെ

text_fields
bookmark_border
തിരുവനന്തപുരം: തെരുവുബാല്യ വിമുക്ത കേരളത്തിനായി സര്‍ക്കാർ സഹായത്തോടെ വനിത-ശിശുവികസന വകുപ്പ് നടപ്പാക്കുന്ന ശരണബാല്യം പദ്ധതി പ്രകാരം 10 ദിവസത്തിനുള്ളില്‍ 29 കുട്ടികളെ മോചിപ്പിക്കാൻ കഴിഞ്ഞതായി ചൈല്‍ഡ് റസ്‌ക്യൂ ഫോഴ്‌സ് അറിയിച്ചു. പത്തനംതിട്ടയില്‍ കഴിഞ്ഞ മണ്ഡലകാലത്ത് ആരംഭിച്ച പദ്ധതി ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ക്കൂടി വ്യാപിപ്പിക്കുകയായിരുന്നു. നാല് ജില്ലകളിലെ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍മാരുടെ കീഴില്‍ ചൈല്‍ഡ് റസ്‌ക്യൂ ഫോഴ്‌സി​െൻറ പ്രവര്‍ത്തനം ആരംഭിച്ചത് 10 ദിവസം മുമ്പാണ്. പത്തനംതിട്ടയില്‍ ഏഴ് ആണ്‍കുട്ടികള്‍ അഞ്ച് പെണ്‍കുട്ടികള്‍, കോട്ടയത്ത് നാല് ആണ്‍കുട്ടികള്‍, ആലപ്പുഴയില്‍ രണ്ട് ആണ്‍കുട്ടികള്‍ രണ്ട് പെണ്‍കുട്ടികള്‍, കൊല്ലത്ത് മൂന്ന് ആണ്‍കുട്ടികള്‍ ആറ് പെണ്‍കുട്ടികള്‍ എന്നിങ്ങനെയാണ് ചൈല്‍ഡ് റസ്‌ക്യൂ ഫോഴ്‌സ് രക്ഷിച്ചത്. 29 കുട്ടികളില്‍ 22 കുട്ടികളും തമിഴ്‌നാട്, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് തീർഥാടന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് മാല, വള തുടങ്ങിയവ വില്‍പന നടത്തുന്നതിനും ഹോട്ടലുകളില്‍ ജോലിക്കായും കൊണ്ടുവന്നവരാണ്. പ്രയാസകരമായ സാഹചര്യത്തില്‍പ്പെട്ടതും ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ളതുമായ ആലപ്പുഴ, പത്തനംതിട്ട സ്വദേശികളായ മൂന്ന് പെണ്‍കുട്ടികളെയും മൂന്ന് ആണ്‍കുട്ടികളെയും ചൈല്‍ഡ് റസ്‌ക്യൂ ഫോഴ്‌സ് കണ്ടെത്തിയിരുന്നു. കുറഞ്ഞ കൂലിക്ക് കുട്ടികളെ കച്ചവട ആവശ്യത്തിനായി ലഭിക്കുമെന്നതിനാലാണ് വിദ്യാഭ്യാസം മുടക്കിയും കുട്ടികളെ കച്ചവട ആവശ്യത്തിനായി കൊണ്ടുവരുന്നത്. പല കുട്ടികളെയും വൃത്തിഹീനമായതും സുരക്ഷിതമല്ലാത്തതുമായ സാഹചര്യത്തിലാണ് താമസിപ്പിച്ചിരുന്നത്. മതിയായ ഭക്ഷണം ലഭിക്കാത്ത കുട്ടികളെയും കണ്ടെത്തിയിരുന്നു. പെണ്‍കുട്ടികളും മുതിര്‍ന്ന പുരുഷന്മാരുമൊക്കെ താൽക്കാലിക ഷെഡില്‍ ഒരുമിച്ച് താമസിക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. 29 കുട്ടികളെയും അതത് ജില്ലകളിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. ഇതര സംസ്ഥാന കുട്ടികളെ സംസ്ഥാനത്തെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി തുടര്‍സംരക്ഷണം ഏറ്റെടുത്തു. ഹോട്ടലില്‍ ജോലിക്ക് നിര്‍ത്തിയിരുന്ന പത്തനംതിട്ട സ്വദേശികളായ മൂന്ന് കുട്ടികളെ വിദ്യാഭ്യാസം ഇനി മുടക്കില്ല എന്ന ഉറപ്പിന്മേല്‍ രക്ഷിതാവിനൊപ്പം അയച്ചു. ഓച്ചിറയില്‍ രക്ഷിതാക്കള്‍ക്കൊപ്പം ബാലവേലയില്‍ ഏര്‍പ്പെട്ടിരുന്ന ഏഴ്കുട്ടികളെ ചൈല്‍ഡ് റസ്‌ക്യൂ ഫോഴ്‌സ് കണ്ടെത്തുകയും അവരെ സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. പത്തനംതിട്ട ജില്ലയില്‍നിന്ന് മോചിപ്പിച്ച രണ്ട് പെണ്‍കുട്ടികളെ രക്ഷിതാവ് എന്ന് അവകാശപ്പെട്ട് ഏറ്റെടുക്കാൻ വന്നവര്‍ യഥാര്‍ഥ രക്ഷിതാവ് ആണോ എന്ന് നിശ്ചയിക്കുന്നതിന് ഡി.എന്‍.എ പരിശോധനക്ക് നടപടി സ്വീകരിച്ചു. ആലപ്പുഴയില്‍ പോക്‌സോ കേസിലെ അതിജീവിതയായ പെണ്‍കുട്ടി വീണ്ടും അതിക്രമത്തിന് ഇരയാകുന്ന സാഹചര്യത്തിലാണ് ജീവിക്കുന്നതെന്ന് കണ്ടെത്തി കുട്ടിയെ സി.ഡബ്ല്യു.സി മുമ്പാകെ ഹാജരാക്കി ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story