Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബ്രോഡ്ഗേജ് പാതയിൽ...

ബ്രോഡ്ഗേജ് പാതയിൽ സുരക്ഷ പരിശോധന ഇന്നും നാളെയും നടക്കും

text_fields
bookmark_border
പുനലൂർ: പുനലൂർ--ചെങ്കോട്ട പാതയിൽ ബ്രോഡ്ഗേജ് ലൈൻ പൂർത്തിയായിട്ടും ഇനിയും സർവിസ് തുടങ്ങാത്ത ഇടമൺ- ന്യൂ ആര്യങ്കാവ് പാതയിൽ സുരക്ഷ കമീഷണറുടെ പരിശോധന വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. പരിശോധനയുടെ അടിസ്ഥാനത്തിലാവും സർവിസ് ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാവുക. വെള്ളിയാഴ്ച രാവിലെ പത്തിന് ന്യൂ ആര്യങ്കാവ് സ്റ്റേഷനിൽ നിന്നാണ് സുരക്ഷ കമീഷണർ കെ.എം. മനോഹര​െൻറ നേതൃത്വത്തിൽ പരിശോധന തുടങ്ങുന്നത്. മധുര ഡിവിഷനൽ മാനേജർ നീനു ഇട്ട്യേര ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. വെള്ളിയാഴ്ച മോട്ടോർ ട്രോളിയിലും ശനിയാഴ്ച ട്രെയിൻ ഓടിച്ചുമാണ് പാത പരിശോധിക്കുന്നത്. പാതയിൽ ഗേജ് മാറ്റം നേരത്തെ പൂർത്തിയായ പുനലൂർ- ഇടമൺ, ചെങ്കോട്ട- ഭഗവതിപുരം റീച്ചുകളിൽ നിലവിൽ ട്രെയിൻ സർവിസുണ്ട്. ഇതിനിടയിലുള്ള ഭഗവതിപുരം മുതൽ ഇടമൺ വരെയുള്ള 25 കിലോമീറ്റർ ദൂരത്തിലാണ് സർവിസ് ആരംഭിക്കാനുള്ളത്. ഗേജ് മാറ്റം പൂർത്തിയായാൽ മുമ്പ് ഇതുവഴി ഉണ്ടായിരുന്ന മുഴുവൻ സർവിസുകളും ആരംഭിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. ഗാട്ട് സെക്ഷനിൽ ഉൾപ്പെട്ട റീച്ചുകളായതിനാലാണ് ഗേജ്മാറ്റത്തിന് കൂടുതൽ സമയം വേണ്ടിവന്നതെന്നാണ് അധികൃതർ പറയുന്നത്. സർവിസ് ആരംഭിക്കാൻ ട്രാക്കും സ്റ്റേഷനുകളും അടക്കം സംവിധാനങ്ങൾ പൂർത്തിയായെങ്കിലും അനുബന്ധമായ ധാരാളം ജോലികൾ പൂർത്തിയാക്കാനുണ്ട്. തെന്മല എം.എസ്.എല്ലിന് അടുത്തുള്ള മൂന്നു തുരങ്കങ്ങളിൽ പുതുതായി നിർമിച്ച തുരങ്കത്തി​െൻറ അനുബന്ധജോലികൾ പൂർത്തിയായിട്ടില്ല. പാറകൾ അടർന്നുവീഴാൻ സാധ്യതയുള്ളതിനാൽ ഇവിടെ തുരങ്കത്തി​െൻറ ഇരുകവാടങ്ങളും കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ ശേഷിക്കുന്നു. മറ്റ് തുരങ്കങ്ങളുടെ കവാടം കോൺക്രീറ്റ് സ്ലാബ് പാകി ബലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പുതിയ തുരങ്കത്തിൽ ഇതിനുപകരം തകിട്പാകിയാണ് കോൺക്രീറ്റ് ചെയ്യുന്നത്. തുരങ്കത്തിനുള്ളിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ട്രെയിനേജ് സംവിധാനവും പൂർത്തിയായിട്ടില്ല. അതേസമയം ഇടമൺ റെയിൽവേ സ്റ്റേഷനോടനുബന്ധിച്ച് രണ്ടു തവണ എൻജിൻ പാളംതെറ്റിയ ഭാഗത്ത് ട്രാക്ക് മാറ്റിസ്ഥാപിക്കാനും നടപടിയില്ല. പുതുതായി മണ്ണ് നിറച്ച് പാളംസ്ഥാപിച്ച ഇവിടെ ഭാരം കയറുമ്പോൾ മണ്ണ് ഇരുത്തുന്നതാണ് പാളംതെറ്റലിന് ഇടയാക്കിയത്. ഈ ഭാഗത്ത് 200 മീറ്ററോളം ദൂരത്തിൽ തറ കൂടുതൽ ഉറപ്പിച്ച് പാളം സ്ഥാപിക്കണമെന്ന് ആവശ്യം നിലനിൽക്കുന്നു. കൂടാതെ മലയിൽനിന്ന് മഴവെള്ളവും മണ്ണും ഒലിച്ചിറങ്ങി ട്രാക്കിൽ തടസ്സം ഉണ്ടാകുന്ന നിരവധി ഭാഗങ്ങളിൽ ഓടയും കലുങ്കുകളും സ്ഥാപിക്കേണ്ടതുണ്ട്. സുരക്ഷ പരിശോധനക്ക് ശേഷം ഇത്തരം കാര്യങ്ങൾ പൂർത്തിയാക്കാൻ നടപടി ഉണ്ടായേക്കും.
Show Full Article
TAGS:LOCAL NEWS 
Next Story