Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആർട്ട്​ ഗാലറി ഉടമയുടെ...

ആർട്ട്​ ഗാലറി ഉടമയുടെ 3.6 ലക്ഷം തട്ടിയ ഉത്തർപ്രദേശ്​ സ്വദേശി അറസ്​റ്റിൽ

text_fields
bookmark_border
തിരുവനന്തപുരം: അരക്കോടി രൂപയിലധികം വരുന്ന ബ്രിട്ടീഷ് പൗണ്ട് സമ്മാനം നേടിയതായി വ്യാജസന്ദേശം നൽകി ആർട്ട് ഗാലറി ഉടമയായ സ്ത്രീയിൽനിന്ന് 3.6 ലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റിൽ. ഉത്തർപ്രദേശ് ബറേലി സ്വദേശി ദീദാർ അൻസാരിയെയാണ് (31) പേട്ട പൊലീസ് പിടികൂടിയത്. സഹായികളാണെന്ന് കരുതുന്ന രണ്ടുപേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞവർഷം വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഒരു വർഷം കഴിഞ്ഞ് പ്രതി പിടിയിലായത്. വ്യാജസന്ദേശങ്ങൾ നൽകി പണം തട്ടുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പേട്ട സി.ഐ പറഞ്ഞു. വഞ്ചിയൂർ സ്വദേശിയായ യുവതി നൽകിയ പരാതിയെതുടർന്നാണ് ഇയാൾ പിടിയിലായത്. വിദേശത്തേക്ക് ഓർഡർ അനുസരിച്ച് ചിത്രങ്ങൾ വരച്ചുനൽകുന്ന വിദേശിയാണെന്നും ഇവരുടെ ചിത്രങ്ങൾ ഇഷ്ടപ്പെട്ടതിനാലാണ് വിളിക്കുന്നതെന്നും പറഞ്ഞാണ് ഇയാളുടെ ആദ്യ വിളി എത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇതിന് പിന്നാലെ ഇംഗ്ലണ്ടിൽനിന്ന് അരക്കോടി രൂപയോളം വരുന്ന സമ്മാനം ലഭിച്ചതായും ഇത് ഡൽഹിയിലേക്ക് അയച്ചിട്ടുള്ളതായും അറിയിച്ചു. ഏതാനും ദിവസത്തിനുശേഷം ഡൽഹിയിലെ കൊറിയർ കമ്പനിയിൽനിന്നാണെന്നും സമ്മാനം നാട്ടിലെത്തിക്കാനുള്ള സർവിസ് ചാർജായി പണം നൽകാനും ആവശ്യപ്പെട്ടു. പിന്നാലെ ഡൽഹിയിലെ കാനറാ ബാങ്കിലെ രണ്ട് അക്കൗണ്ട് നമ്പറുകൾ, യെസ് ബാങ്ക് അക്കൗണ്ട് എന്നിവയിലേക്ക് യുവതി മൂന്നു തവണയായി 3,60,000 രൂപ അയച്ചു നൽകിയതായി പൊലീസ് അറിയിച്ചു. പണം നൽകിയിട്ടും സമ്മാനം ലഭിക്കാതായതോടെയാണ് കബളിപ്പിക്കപ്പെട്ടതായി യുവതിക്ക് ബോധ്യമായത്. മൊബൈൽ ഫോൺ വിശദാംശങ്ങളും സമൂഹികമാധ്യമങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും വിജയം കണ്ടില്ല. പൊലീസ് അക്കൗണ്ട് നമ്പറുകൾ പരിശോധിച്ചെങ്കിലും അവയിലെ ഉടമകളുടെ വിവരങ്ങൾ വ്യാജമാണെന്ന് ബോധ്യപ്പെട്ടു. ഉത്തർപ്രദേശിൽ വ്യാപകമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാൾ പിടിയിലായത്. പൊലീസ് തിരിച്ചറിയുമ്പോൾ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു ദീദർ അൻസാരി. അവിടെയുള്ള കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയാണ് ഇയാളെ തലസ്ഥാനത്ത് എത്തിച്ചത്. ഇയാളുടെ സഹായികളായി പ്രവർത്തിച്ച ഹികേഷ്, പുരാഉമോ എന്നിവരെ പിടികൂടാനുള്ളതായി പൊലീസ് അറിയിച്ചു. ഡൽഹി കേന്ദ്രീകരിച്ച് തട്ടിപ്പു നടത്തുന്ന നൈജീരിയൻ സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. നൈജീരിയൻ സ്വദേശിയായ ജോൺസൻ എന്നയാളിനെക്കുറിച്ച് ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞതായും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുന്നതായും പേട്ട സി.ഐ സുരേഷ് വി. നായർ അറിയിച്ചു. ശംഖുംമുഖം അസി. കമീഷണർ ഷാനിഖാ​െൻറ മേൽനോട്ടത്തിൽ പേട്ട സി.െഎ സുരേഷ് വി. നായർ, എസ്.െഎ സുവർണകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story