Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമെഡിക്കല്‍ കോളജില്‍...

മെഡിക്കല്‍ കോളജില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന് സര്‍ക്കാര്‍ അംഗീകാരം

text_fields
bookmark_border
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നതിന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സമര്‍പ്പിച്ച പ്രപ്പോസല്‍ സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവായി. അപകടത്തില്‍പ്പെട്ടോ മറ്റ് അസുഖങ്ങള്‍ ബാധിച്ചോ എത്തുന്നവർക്ക് അടിയന്തര വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി ആരോഗ്യ വകുപ്പ് മുന്നോട്ടുെവച്ച സമഗ്ര ട്രോമ കെയര്‍ സംവിധാനത്തി​െൻറ ആദ്യപടിയാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മറ്റ് മെഡിക്കല്‍ കോളജുകളിലും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഉടന്‍ തുടങ്ങും. അത്യാഹിത വിഭാഗത്തില്‍ മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോപീഡിക്‌സ് തുടങ്ങിയ പല വിഭാഗങ്ങളുണ്ടെങ്കിലും അവയുടെ ഏകീകരണമില്ലാത്തതിനാല്‍ പലപ്പോഴും ചികിത്സക്ക് കാലതാമസമുണ്ടാകാറുണ്ട്. ഇത് കണക്കിലെടുത്ത് വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ച് ചികിത്സ ലഭ്യമാക്കാനാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം തുടങ്ങുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിനാവശ്യമായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെ ഉടന്‍ നിയമിക്കും. എയിംസിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെയാണ് അത്യാഹിത വിഭാഗത്തില്‍ ട്രോമ കെയര്‍ സംവിധാനം ഒരുക്കുക. ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെ മൂന്നു മേഖലകളാക്കി തിരിച്ചാണ് അത്യാഹിത വിഭാഗ ചികിത്സ ക്രമീകരിക്കുന്നത്. അതീവ തീവ്രപരിചരണം ആവശ്യമുള്ളതാണ ചുവന്ന മേഖല. അത്ര ഗുരുതരമല്ലാത്ത രോഗികളെ മഞ്ഞ മേഖലയില്‍ ചികിത്സിക്കും. സാരമായ പ്രശ്‌നങ്ങളില്ലാത്ത രോഗികളെ പച്ച മേഖലയില്‍ ഉള്‍പ്പെടുത്തും. ഓപറേഷന്‍ തിയറ്ററുകള്‍, തീവ്രപരിചരണ വിഭാഗങ്ങള്‍, സ്‌കാനിങ് തുടങ്ങി വിവിധ പരിശോധന സംവിധാനങ്ങളും ഇവിടെയുണ്ടാകും. വിവിധ വിഭാഗങ്ങളിലെ സീനിയര്‍ െറസിഡൻറുമാര്‍, ജൂനിയര്‍ െറസിഡൻറുമാര്‍, ഹൗസ് സര്‍ജന്‍മാര്‍ എന്നിവരെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ നിയോഗിക്കും. കൂടാതെ 50 ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെ നിയമിക്കാനായി പ്രപ്പോസലും സമര്‍പ്പിച്ചു. അടിസ്ഥാന സൗകര്യ വികസനം, ഫര്‍ണിച്ചറുകള്‍, ഉപകരണങ്ങള്‍ എന്നിവക്കായി 42 കോടിയുടെ പ്രപ്പോസലും സമര്‍പ്പിച്ചിട്ടുണ്ട്. ഇത് സര്‍ക്കാറി​െൻറ സജീവ പരിഗണനയിലാണ്. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തി​െൻറയും ട്രോമ കെയര്‍ സംവിധാനത്തി​െൻറയും നിർമാണപുരോഗതി വിലയിരുത്താന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോണ്‍, ഡോ. സന്തോഷ് കുമാര്‍, നോഡല്‍ ഓഫിസര്‍ ഡോ. കെ.വി. വിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോര്‍ കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story