Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊല്ലം ലൈവ്​

കൊല്ലം ലൈവ്​

text_fields
bookmark_border
വിളക്കുടി തലവൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി ഗ്രാമമായ ആവണീശ്വരം പരാധീനതകളില്‍ ബുദ്ധിമുട്ടുകയാണ്. ബ്രോഡ്ഗേജ് പാതയിലെ പ്രധാന റെയില്‍വേ സ്റ്റേഷന്‍ അടക്കമുള്ള ആവണീശ്വരത്ത് അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ല. ജങ്ഷ​െൻറ കൂടുതല്‍ ഭാഗവും റെയില്‍വേ ഭൂമിയാണ്. ഇത് വികസനത്തിന് തടസ്സമാകുന്നു. കുന്നിക്കോട് പത്തനാപുരം ശബരി ബൈപാസ് കടന്നുപോകുന്ന ജങ്ഷനെ ദിവസേന നിരവധിയാളുകളാണ് ആശ്രയിക്കുന്നത്. പഞ്ചായത്തുകളുടെ അതിര്‍ത്തിയായതിനാല്‍ മിക്ക പദ്ധതികളും ആവണീശ്വരത്തിന് അന്യമാവുകയാണ്. ആദർശെന്ന് പറഞ്ഞിട്ട് എന്തുകാര്യം ആവണീശ്വരം റെയില്‍വേ സ്റ്റേഷനും അധികൃതരുടെ അവഗണന അനുഭവിക്കുകയാണ്. ആദര്‍ശ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച സ്റ്റേഷനാണ് ആവണീശ്വരം. വരുമാനത്തില്‍ മികച്ച റെയില്‍വേ സ്റ്റേഷനുകളിലൊന്നാണ് ആവണീശ്വരത്തേത്. മികച്ച സൗകര്യങ്ങള്‍ ഒരുക്കുമെന്ന വാഗ്ദാനം ഇതേവരെ പാലിക്കപ്പെട്ടിട്ടില്ല. പ്ലാറ്റ്ഫോമുകളും കൈവരികളും കാടുകയറി നാശത്തി​െൻറ വക്കിലാണ്. അടിസ്ഥാന സൗകര്യ പരിമിതിയില്‍ വീർപ്പുമുട്ടുന്ന സ്റ്റേഷനെ ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരാണ് ആശ്രയിക്കുന്നത്. മേൽപ്പാലം ഇല്ലാത്തതിനാല്‍ പാളങ്ങളിലൂടെ നടന്നാണ് യാത്രക്കാര്‍ അടുത്ത പ്ലാറ്റ്ഫോമിലേക്ക് പോകുന്നത്. ആവണീശ്വരം റെയില്‍വേ സ്‌റ്റേഷനില്‍ പ്ലാറ്റ്‌ഫോമുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആകാശനടപ്പാലം, കാൻറീന്‍, പാര്‍ക്കിങ് ഏരിയ, ശൗചാലയങ്ങൾ, ശുചീകരണ സംവിധാനങ്ങൾ, കുടിവെള്ളം, പ്ലാറ്റ്‌ഫോം ഷെല്‍റ്ററി​െൻറ മേല്‍ക്കൂര, ഹൈമാസ്റ്റ് ലൈറ്റ്, യന്ത്രപ്പടവുകള്‍ (എക്സ്‌കലേറ്റര്‍) എന്നിവ സ്ഥാപിക്കാൻ നടപടിയുണ്ടാക്കുമെന്ന പ്രഖ്യാപനവും ജലരേഖയായി. മധുര ഡിവിഷ​െൻറ കീഴില്‍വരുന്ന ആവണീശ്വരം റെയില്‍വേ സ്റ്റേഷനില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കുന്നത് തുച്ഛമായ പണമാണ്. പരിസരം വൃത്തിയാക്കല്‍ നിലച്ചിട്ട് വര്‍ഷങ്ങളാകുന്നു. ഇഴജന്തുക്കളുടെ ശല്യമുണ്ടെന്നും യാത്രക്കാര്‍ ആരോപിക്കുന്നുണ്ട്. എന്നൊഴിയും ഇൗ കാത്തിരിപ്പും ആശങ്കയും റെയിൽപാത മുറിച്ചുകടക്കുന്നതി​െൻറ ആശങ്കയാണ് ആവണീശ്വരത്തുകാരുടെ മനസ്സാകെ. റെയിൽവേ ഗേറ്റ് അടക്കുന്നതും തുറക്കുന്നതുമാണ് ഇവരെ അലട്ടുന്നത്. എന്നൊഴിയും ഇൗ ദുരിതമെന്നോർത്ത് അധികൃതരുടെ കനിവും കാത്തിരിക്കുകയാണ് ഇവിടത്തുകാർ. തിരക്കേറിയ വാളകം പത്തനാപുരം ശബരി ബൈപാസിൽ ആവണീശ്വരത്ത് മേൽപാലം വേണമെന്നത് യാത്രക്കാരുടെയും നാട്ടുകാരുടെയും വര്‍ഷങ്ങളായുള്ള ആവശ്യമാണ്. പ്രതിദിനം ആറ് മണിക്കൂറിലധികമാണ് ഗേറ്റ് അടഞ്ഞുകിടക്കുന്നത്. ദിവസവും 14 തവണയാണ് ലെവല്‍ക്രോസ് അടക്കുന്നത്. ഈ സമയം ഇരുപത് മുതല്‍ മുപ്പത് മിനിട്ടുവരെ വാഹനങ്ങള്‍ വഴിയില്‍ കാത്തുകിടക്കേണ്ടിവരും. ഇതിന് പുറമെ റെയില്‍പാതയിലെ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി അറിയിപ്പില്ലാതെ റെയില്‍വേ ഗേറ്റ് അടച്ചിടാറുമുണ്ട്. യാത്രക്കാരുടെയും പ്രദേശവാസികളുടെയും ദുരിതം പരിഹരിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. തെരഞ്ഞെടുപ്പ് കാലത്ത് മേൽപാലം നിർമിക്കുമെന്ന് വാഗ്ദാനം നല്‍കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളാകട്ടെ പിന്നീട് വാക്ക് മറക്കുകയും ചെയ്യും. കൊല്ലം -ചെങ്കോട്ട മീറ്റര്‍ഗേജ് പാതയായിരുന്നപ്പോള്‍തന്നെ മേൽപാലമെന്ന ആവശ്യമുണ്ടായിരുന്നു. പാത ബ്രോഡ്ഗേജ് ആകുന്നതോടെ മേൽപാലം നിർമിക്കുമെന്ന് വാഗ്ദാനവുമുണ്ടായതാണ്. യു.പി.എ സര്‍ക്കാറി​െൻറ കാലത്ത് സ്ഥലം എം.പി കൊടിക്കുന്നില്‍ സുരേഷ് നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതും ജലരേഖയായി. ശബരിമല ബൈപാസ് കടന്നുപോകുന്നതിനിടയിലാണ് ആവണീശ്വരം റെയില്‍വേ ലെവല്‍ക്രോസ്. ഇടമണ്‍ മുതല്‍ ചെങ്കോട്ടവരെയുള്ള പാതയുടെ നിർമാണംകൂടി പൂര്‍ത്തിയാകുന്നതോടെ സർവിസുകളുടെ എണ്ണം കൂടും. മെമു സർവിസുകളും ആരംഭിച്ചേക്കും. ഇതോടെ യാത്രക്കാരുടെ ദുരിതവും വര്‍ധിക്കും. കൊല്ലം- ചെങ്കോട്ട റെയില്‍പാതയില്‍ മേൽപാലം ഇല്ലാത്ത ഏകഭാഗം ആവണീശ്വരമാണ്. അടുത്ത മഴക്കാലം കടക്കുമോ മത്തായിപടി പാലം? ആവണീശ്വരം ഗ്രാമത്തിലേക്കുള്ള പ്രവേശനകവാടം മത്തായിപടി പാലമാണ്. പാലം അപകടത്തിലായിട്ട് നാളുകളേറെയാകുന്നു. വർഷങ്ങൾ പഴക്കമുള്ള പാലം മഴയെ അതിജീവിക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാർ. കഴിഞ്ഞവര്‍ഷത്തെ മഴയിൽ പാലത്തി​െൻറ നിരപ്പിൽ വെള്ളം ഉയർന്നിരുന്നു. ഇതിനുപുറമെ വളവില്‍ വീതി കുറഞ്ഞ പാലത്തില്‍ അപകടങ്ങള്‍ പതിവാകുകയാണ്. രണ്ടുമാസം മുമ്പ് അരി കയറ്റി വന്ന ലോറി ഇടിച്ച് പാലത്തി​െൻറ കൈവരികള്‍ തകര്‍ന്നിരുന്നു. പാതയിലെ ഏറ്റവും വീതി കുറഞ്ഞ പാലമാണിത്. ശബരി ബൈപാസില്‍ വാളകം മുതല്‍ പത്തനാപുരം വരെയുള്ള ഭാഗങ്ങള്‍ വീതികൂട്ടി പുനര്‍നിർമിച്ചെങ്കിലും പാലം പുനര്‍നിർമിക്കാന്‍ അധികൃതര്‍ തയാറായില്ല. ഇരുചക്രവാഹനങ്ങൾ അപകടത്തില്‍പെടുന്നത് നിത്യസംഭവമാണ്. കാലപ്പഴക്കം കാരണം പാലത്തി​െൻറ സംരക്ഷണഭിത്തിക്കും വിള്ളലുകളുണ്ട്. ശബരിമല സീസണിൽ നിരവധി വാഹനങ്ങളാണ് പാതയെ ആശ്രയിക്കുന്നത്. മഞ്ഞണിഞ്ഞ സ്മരണകളിൽ 'കാർഗിൽ' ഗ്രാമം കാര്‍ഗില്‍ എന്ന അതിര്‍ത്തി ഗ്രാമത്തി​െൻറ ഒാർമക്ക് ഇവിടെയുമുണ്ട് ഒരു കാര്‍ഗില്‍. തലവൂര്‍ ഗ്രാമപഞ്ചായത്തില്‍ ആവണീശ്വരത്താണ് കാര്‍ഗില്‍ എന്ന ഗ്രാമം. നെടുവന്നൂര്‍ എന്നറിയപ്പെട്ടിരുന്ന ഗ്രാമത്തിന് ഇന്ത്യ -പാക് യുദ്ധത്തിനുശേഷമാണ് കാര്‍ഗില്‍ എന്ന പേരുവന്നത്. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച വീരചക്ര സജീവ് ഗോപാലപിള്ളയുടെ സ്മരണാർഥം സജീവി​െൻറ വീട് ഉള്‍പ്പെടുന്ന സ്ഥലത്തിന് കാര്‍ഗില്‍ എന്ന് പേരിടുകയായിരുന്നു. കാര്‍ഗില്‍ ഗ്രാമത്തിലേക്കുള്ള പാത ആരംഭിക്കുന്നത് സജീവ് ഗോപാലപിള്ളയുടെ സ്മൃതിമണ്ഡപത്തില്‍നിന്നാണ്. കാര്‍ഗില്‍ വിജയദിനത്തില്‍ തങ്ങളുടെ പ്രിയ യോദ്ധാവി​െൻറ സ്മരണപുതുക്കാനുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളിലാണ് കാര്‍ഗില്‍ എന്ന ഗ്രാമം. ഇതിനുപുറമെ വീര ജവാൻ ഗ്രാമ ഗൗരയോജന പദ്ധതി പ്രകാരം സജീവി​െൻറ ഗ്രാമത്തെ ദത്തെടുക്കുന്നതിനുള്ള പരിപാടികളും തുടങ്ങിക്കഴിഞ്ഞു. സജീവ് പഠിച്ച സ്കൂളുകളുടെ നവീകരണം, ഗ്രാമത്തിലെ ശുചീകരണം, ശൗചാലയങ്ങളുടെ നിർമാണം എന്നിവയാണ് പദ്ധതി പ്രകാരം നടപ്പാക്കുക. പരിമിതിയിൽ വീർപ്പുമുട്ടി അഗ്നിശമനസേനാ നിലയം ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും അടിസ്ഥാനസൗകര്യ പരിമിതിയിൽ വീർപ്പുമുട്ടി ആവണീശ്വരത്തെ അഗ്നിശമനസേനാ നിലയം. പ്രവർത്തനം ആരംഭിച്ച് ഒരുമാസത്തിനകം പൂർണ സജ്ജമാകുമെന്ന ആഭ്യന്തരമന്ത്രിയുടെ വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടില്ല. സിംഗിൾ സ്റ്റേഷൻ കാറ്റഗറിയിൽ ഉൾപ്പെടുന്ന നിലയത്തിലെ സ്റ്റാഫ് പാറ്റേൺപോലും പൂർണമായിട്ടില്ല. 24 ഫയർമാൻ, നാല് ലീഡിങ് ഫയർമാൻ, ഏഴ് ഡ്രൈവർമാർ, ഒാരോ സ്റ്റേഷൻ ഓഫിസർ, അസി. സ്റ്റേഷൻ ഓഫിസർ, ക്ലർക്ക്, സ്വീപ്പർ, ഡ്രൈവർ, മെക്കാനിക് എന്നിങ്ങനെയാണ് പത്തനാപുരം സ്റ്റേഷനിലേക്ക് ആവശ്യമുള്ള ജീവനക്കാർ. നാൽപത് സ്റ്റാഫുകൾ വേണ്ടയിടത്ത് തസ്തികകൾ ഇനിയും ഒഴിഞ്ഞുകിടക്കുകയാണ്. ആവശ്യത്തിന് വാഹനങ്ങളോ ഫയർഫൈറ്റിങ് ഉപകരണങ്ങളോ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. മൂന്ന് യൂനിറ്റ് ഫയർ എൻജിനുകളാണ് ഇവിടെയുള്ളത്. രെണ്ടണ്ണമേ പ്രവർത്തനസജ്ജമായിട്ടുള്ളൂ. ഫയർ ടാങ്കുകളിലേക്കുള്ള ജലം നിറക്കണമെങ്കിൽതന്നെ പതിനഞ്ച് കിലോമീറ്റർ സഞ്ചരിച്ച് പുനലൂരിൽ എത്തേണ്ട സ്ഥിതിയാണ്. സമീപത്ത് നെടുവന്നൂർ വലിയതോട് ഉണ്ടെങ്കിലും ഇവിടെനിന്ന് ജലം എടുക്കുന്നതിനുള്ള കിണറോ പമ്പിങ് സംവിധാനമോ ഒരുക്കിയിട്ടില്ല. താൽക്കാലിക കെട്ടിടത്തിലാണ് ഉദ്യോഗസ്ഥരുടെ താമസം. പ്രവർത്തനസജ്ജമായാൽ ഫയർഎൻജിനുകൾ സ്ഥാപിക്കാൻ പുതിയ കെട്ടിടം നിർമിക്കുമെന്ന വാഗ്ദാനവും വെള്ളത്തിലെ വരയായി. പിറവന്തൂർ, പത്തനാപുരം, വിളക്കുടി, തലവൂർ, പട്ടാഴി, പട്ടാഴി വടക്ക് എന്നീ പഞ്ചായത്തുകൾക്ക് പ്രയോജനപ്രദമാകുന്നരീതിയിലാണ് ഫയർസ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ, പൂർണമായും ഫയർസ്റ്റേഷനിലേക്ക് സൗകര്യങ്ങൾ എത്താത്തത് ജീവനക്കാർക്ക് എറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കളമൊഴിഞ്ഞ് ഇഷ്ടികകൾ ജില്ലയുടെ കളിമണ്‍ വ്യവസായത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്ന പ്രദേശമാണ് ആവണീശ്വരം. ഒരു കാലത്ത് തെക്കന്‍ ജില്ലകളിലേക്ക് ഇഷ്ടികകള്‍ വില്‍പന നടത്തിയിരുന്നത് ഇവിടെനിന്നാണ്. എന്നാല്‍, കളിമണ്ണി​െൻറ ലഭ്യതക്കുറവ് കാരണം മേഖലയിലെ ഇഷ്ടികക്കളങ്ങള്‍ വിസ്മൃതിയിലാവുകയാണ്. തെക്കന്‍ കേരളത്തിലെ ഓട് വ്യവസായവും കടുത്ത പ്രതിസന്ധിയിലാണ്. പശിമയുള്ള മണ്ണ് അച്ചുകളില്‍ വാര്‍ത്തെടുത്ത് ഉണക്കിയശേഷം അട്ടിയാക്കി ചുട്ടെടുത്താണ് ചുടുകട്ട നിര്‍മിക്കുന്നത്. പത്തിലധികം ചുടുകട്ട ഫാക്ടറികൾ ഉണ്ടായിരുന്ന മേഖലയിൽ നിലവിൽ രണ്ടെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതിനിടെ തമിഴ്‌നാട്ടിലെ കമ്പം, തേനി, ചിന്നമന്നൂര്‍ എന്നിവിടങ്ങളില്‍നിന്ന് വന്‍തോതില്‍ ചുടുകട്ട കേരളത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍, വാഹനക്കൂലിയും ഇഷ്ടികയുടെ വിലയും വന്‍തോതില്‍ വർധിച്ചതോടെ ചുടുകട്ടകൊണ്ടുള്ള കെട്ടിടനിര്‍മാണം ഏവരും ഉപേക്ഷിക്കുകയായിരുന്നു. മണ്ണ‌് അടക്കം തമിഴ്നാട്ടില്‍നിന്ന് എത്തിക്കേണ്ടിവന്നതോടെ വ്യവസായം നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഓടുനിര്‍മാണ കമ്പനികള്‍ തറയോട്, കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ പതിക്കുന്ന ഓട് നിര്‍മാണത്തിലേക്ക് മാറിയെങ്കിലും ഇവര്‍ക്കും പിടിച്ചുനില്‍ക്കാനാകാത്ത അവസ്ഥയാണ്. മണ്‍ശേഖരമുള്ള മേഖലകള്‍ കണ്ടെത്തി ഖനനത്തിന് അനുമതി നല്‍കാന്‍ ജിയോളജി വകുപ്പിന് അധികാരമുണ്ടെങ്കിലും ഇവയൊന്നും നടക്കുന്നുമില്ല. വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർതലത്തിൽ പദ്ധതികളൊന്നും നടപ്പാക്കുന്നില്ലെന്നും പരാതിയുണ്ട്. എ.ടി.എം കണ്ടുപിടിക്കാൻ നെേട്ടാട്ടം പ്രധാന റെയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ ഒരു എ.ടി.എം സൗകര്യം പോലുമില്ല. കുന്നിക്കോടിനെയോ പത്തനാപുരത്തിനെയോയാണ് ആളുകള്‍ ആശ്രയിക്കുന്നത്. ജങ്ഷനില്‍ ബാങ്ക് ശാഖ വേണമെന്നാവശ്യത്തിനും ഏറെനാളത്തെ പഴക്കമുണ്ട്. തീവണ്ടി ഗതാഗതത്തിലൂടെ ദിവസേന നിരവധി ആളുകള്‍ എത്തുന്ന ആവണീശ്വരത്ത് എ.ടി.എം കൗണ്ടര്‍ വേണമെന്ന ആവശ്യം ശക്തമാണ്. തിരക്കേറിയ ഇവിടെ കംഫര്‍ട്ട് സ്റ്റേഷന്‍ പോലുമില്ല. എം.എൽ.എ ഫണ്ട് വിനിയോഗിച്ച് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചിരുന്നു. ബസുകൾക്ക് സ്റ്റോപ്പില്ലാത്ത കാത്തിരിപ്പുകേന്ദ്രം പ്രയോജനമില്ലാതെ നശിക്കുകയാണ്. പഞ്ചായത്ത് പൊതുകിണറും സംരക്ഷണമില്ലാതെ നശിക്കുന്നു. വേനൽ ശക്തമാകുന്നതോടെ കുടിവെള്ളത്തിനായി പൊതുജനം നെട്ടോട്ടത്തിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story