Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശ്രേഷ്​ഠഭാഷയായിട്ടും...

ശ്രേഷ്​ഠഭാഷയായിട്ടും മലയാളം ഇപ്പോഴും വെയിലത്ത്​ ^സുഗതകുമാരി

text_fields
bookmark_border
ശ്രേഷ്ഠഭാഷയായിട്ടും മലയാളം ഇപ്പോഴും വെയിലത്ത് -സുഗതകുമാരി തിരുവനന്തപുരം: ശ്രേഷ്ഠഭാഷയെന്ന സിംഹാസനം കിട്ടിയിട്ടും മലയാളത്തെ ഇപ്പോഴും വെയിലത്ത് നിർത്തിയിരിക്കുകയാണെന്ന് കവയിത്രി സുഗതകുമാരി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച മാതൃഭാഷാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വലിയ പദ്ധതികൾ നടപ്പാക്കുന്നതിൽ അതിവേഗമാണെങ്കിലും മാതൃഭാഷയുടെ കാര്യത്തിൽ അക്ഷന്തവ്യമായ ഇഴച്ചിലും കാലവിളംബവുമാണ്. നിയമങ്ങളും കോടതി വിധികളും മലയാളത്തിലാക്കണമെന്ന് ആവശ്യമുയർന്നിട്ട് ഏറെ നാളായെങ്കിലും ഇനിയും പ്രാവർത്തികമായിട്ടില്ല. പി.എസ്.സി മലയാളിത്തിൽ ചോദ്യങ്ങൾ തയാറാക്കുമെന്ന് പറഞ്ഞിട്ടും ഇതുവരെ നടന്നില്ല. ഇതിനൊക്കെ എന്താണിത്ര കാലതാമസമെന്ന് അറിഞ്ഞുകൂടാ. മാതൃഭാഷയെ ഇത്രയധികം അനാദരിക്കുന്ന നാട് മറ്റൊന്നുണ്ടാവില്ല. നാവ് തിരിയാത്ത കുഞ്ഞുങ്ങളെ ഇംഗ്ലീഷ് നിർബന്ധമായും പഠിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. പ്ലേ സ്കൂളുകളുടെ ഇൗ നീക്കം ശരിക്കും ഞെട്ടലുളവാക്കുന്നതാണ്. മാതൃഭാഷയിൽ കാലും ചൊല്ലും ഉറച്ചിട്ട് മതി കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കൽ. ഇതു കേരളമാണ്. ഇവിടെ ഭരിക്കുന്നത് സായിപ്പൻമാരല്ല. സ്വകാര്യ സ്കൂളുകളെ വരുതിക്ക് നിർത്താൻ സർക്കാറിന് കഴിയണം. നമ്മുടെ കുഞ്ഞുങ്ങൾ മലയാളത്തെ അവഗണിക്കുകയാണെന്ന കാര്യം മറന്നുകൂടാ. ഇൗണവും താളവുമൊന്നുമില്ലാതെ അർഥം മാത്രം പറഞ്ഞുകൊടുത്ത് കവിതയെ സ്കൂളുകളിൽ ക്രൂരമായി കൊല്ലുകയാണ്. സ്കൂളുകളിൽ മലയാളകവിത പഠിപ്പിക്കേണ്ടെന്ന് ഉത്തരവിട്ടത് ഏതു മഹാനായ മന്ത്രിയാണെന്ന് അറിയില്ലെന്നും അവർ പറഞ്ഞു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ.വി. കാർത്തികേയൻ നായർ, ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ, പ്രഫ. വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള, ഡോ.പി. സോമൻ എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ ഭാഷാപ്രതിജ്ഞയെടുക്കലും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story