Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകല്ലിയൂരിൽ ദേശീയ വാഴ...

കല്ലിയൂരിൽ ദേശീയ വാഴ മഹോത്സവത്തിന് വർണാഭ തുടക്കം

text_fields
bookmark_border
* കേന്ദ്ര കൃഷിമന്ത്രി രാധ മോഹൻസിങ് ഉദ്ഘാടനം ചെയ്തു* സംസ്ഥാനത്ത് 21,200 ഹെക്ടറിൽ വാഴക്കൃഷി വർധിച്ചു നേമം: കാർഷികഗ്രാമമായ കല്ലിയൂരി​െൻറ യശസ്സ് ഉയർത്തി വെള്ളായണി ക്ഷേത്ര മൈതാനിയിൽ അഞ്ചു ദിവസം നീളുന്ന ദേശീയ വാഴ മഹോത്സവത്തിന് ഗംഭീര തുടക്കം. സ​െൻറർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷനും (സിസ്സ) കല്ലിയൂർ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് ദേശീയ വാഴ മഹോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. കേന്ദ്ര കൃഷിമന്ത്രി രാധ മോഹൻ സിങ് വാഴ മഹോത്സവം ഉദ്ഘാടനം ചെയ്തു. സുരേഷ് ഗോപി എം.പി പ്രദർശനോദ്ഘാടനം നിർവഹിച്ചു. കേന്ദ്ര, -സംസ്ഥാന സർക്കാറുകളുടെ കൂട്ടായ ശ്രമഫലമായി കേരളം കാർഷികമേഖലയിൽ അതിവേഗ വളർച്ചയുടെ പാതയിലാണെന്ന് മന്ത്രി രാധ മോഹൻ സിങ് പറഞ്ഞു. 2013-14 കാലഘട്ടത്തിൽ 1,18,697 ഹെക്ടർ പ്രദേശത്താണ് വാഴക്കൃഷി ചെയ്തിരുന്നത്. ഇപ്പോഴത്തെ കണക്കു പ്രകാരം 1,39,897 ഹെക്ടറിൽ വാഴക്കൃഷി ചെയ്യുന്നുണ്ട്. 21,200 ഹെക്ടർ അധികഭൂമിയിലേക്ക്‌ കൃഷി വ്യാപിച്ചിട്ടുണ്ട്. വ്യത്യസ്തയിനം വിളകളുടെ ഉൽപാദനം വർധിപ്പിക്കാനായി കേന്ദ്ര സർക്കാർ രൂപവത്കരിച്ച 32 പ്രത്യേക കാർഷിക മേഖലകൾ സംസ്ഥാനത്തെ കാർഷിക മേഖലയുടെ വളർച്ചക്ക് വലിയതോതിൽ വഴിയൊരുക്കും. വാഴക്കൃഷിക്കുള്ള പ്രത്യേക കാർഷിക മേഖലയായി തൃശൂർ ജില്ലയെ തെരഞ്ഞെടുത്തതായും മന്ത്രി പറഞ്ഞു. ദേശീയ വാഴ മഹോത്സവത്തി‍​െൻറ ഭാഗമായ സെമിനാറുകൾ വാഴക്കൃഷിയിലും സംസ്കരണത്തിലും മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണത്തിലുമെല്ലാമുള്ള പ്രശ്നങ്ങളെപ്പറ്റി ഗൗരവപൂർവം ചർച്ച ചെയ്യുമെന്നും അത് പുതിയതരം ഗവേഷണങ്ങളിലേക്ക് വഴിതുറക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വാഴക്കൃഷി മേഖലയിൽ കർഷകർ നേരിടുന്ന ഭാവി വെല്ലുവിളികളെ നേരിടാനും വളർച്ചക്കും വികസനത്തിനുമുള്ള വഴിയൊരുക്കാനും ഈ മഹോത്സവം കാരണമാവട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. സംസ്ഥാനത്ത് ആയുർദൈർഘ്യം വലിയതോതിൽ വർധിച്ചിട്ടുണ്ടെങ്കിലും ജീവിത ശൈലീരോഗങ്ങളും അർബുദം പോലുള്ള അപകടകരമായ അസുഖങ്ങളും വർധിക്കുന്നത് ഏറെ ആശങ്കജനകമാണെന്ന് ചടങ്ങിൽ അധ്യക്ഷതവഹിച്ച ടൂറിസം സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൃഷിയെ സ്നേഹിക്കുന്ന ജീവിതചര്യയും കാർഷിക സംസ്കൃതിയിലേക്കുള്ള മടങ്ങിപ്പോക്കുമാണ് ഈ അവസ്ഥയെ മറികടക്കാനുള്ള പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യവസ്തുക്കളിൽ നാം തെരഞ്ഞെടുപ്പ് നടത്തണമെന്നും ഒരു കാരണവശാലും ആരോഗ്യത്തിന് ഭക്ഷണത്തിലൂടെ ഹാനി സംഭവിക്കരുതെന്നും സുരേഷ് ഗോപി എം.പി പറഞ്ഞു. വാഴ മഹോത്സവത്തോടനുബന്ധിച്ച് നടന്ന ദേശീയ സെമിനാറിൽ യുനെസ്കോ ഇക്കോളജിക്കൽ സയൻസസ് നാഷനൽ പ്രോഗ്രാം ഓഫിസർ ഡോ. രാം ഭൂജ് മുഖ്യപ്രഭാഷണം നടത്തി. സിസ്സ പ്രസിഡൻറ് ഡോ. ജി.ജി. ഗംഗാധരൻ അധ്യക്ഷതവഹിച്ചു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ. ജയലക്ഷ്മി സംസ്ഥാനത്തെ ആദ്യ കൃഷി ഡയറക്ടറും കൃഷി ശാസ്ത്രജ്ഞനുമായ ആർ. ഹേലി അടക്കമുള്ള അതിഥികളെ പൊന്നാടയണിയിച്ച് ആദരിച്ചു. എം.എൽ.എമാരായ ഒ. രാജഗോപാൽ, എം. വിൻസ​െൻറ്, ഐ.ബി. സതീഷ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു എന്നിവർ അതിഥികളായി. കെ.വി.ഐ.സി ദക്ഷിണമേഖല അംഗം ജി. ചന്ദ്രമൗലി, ബി.ജെ.പി ജില്ല പ്രസിഡൻറ് എസ്. സുരേഷ്, സി.പി.ഐ ജില്ല സെക്രട്ടറി ജി.ആർ. അനിൽ എന്നിവർ ആശംസകൾ നേർന്നു. സിസ്സ ജനറൽ സെക്രട്ടറി ഡോ. സി. സുരേഷ്‌കുമാർ, പ്രസിഡൻറ് ഡോ.ജി.ജി. ഗംഗാധരൻ, വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജി.എസ്. ശ്രീകല, ജില്ല പഞ്ചായത്ത് അംഗം വി. ലതാകുമാരി, നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിളപ്പിൽ രാധാകൃഷ്ണൻ, കല്ലിയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ജയന്തി, നേമം ബ്ലോക് പഞ്ചായത്ത് അംഗം എം. വിനുകുമാർ, കൗൺസിലർമാരായ എം.ആർ. ഗോപൻ, എസ്. സഫീറബീഗം എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ഇരുന്നൂറോളം സ്റ്റാളുകൾ വാഴ മഹോത്സവത്തി​െൻറ ഭാഗമായി ഇരുന്നൂറോളം പ്രദർശന സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ഇതിൽ എഴുപതോളം സ്റ്റാളുകൾ കേരളത്തിന് പുറത്തുനിന്നുള്ളവയാണ്. ജമ്മു-കശ്മീർ, രാജസ്ഥാൻ, മഹാരാഷ്ട്ര, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, കർണാടക, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള വ്യത്യസ്ത തരം ഭക്ഷ്യോൽപന്നങ്ങളും വാഴയുടെ നാരും പോളയും അടക്കമുള്ള വസ്തുക്കൾ ഉപയോഗിച്ചുള്ള വസ്ത്രങ്ങളും കരകൗശല ഉൽപന്നങ്ങളും കാർഷികോൽപന്ന -സംസ്കരണ യന്ത്രങ്ങളുമെല്ലാം മേളയിലുണ്ട്. മേളയുടെ ഭാഗമായി കർഷകസംഗമം, സാംസ്കാരിക സമ്മേളനം, കവി സമ്മേളനം, പാചകമത്സരം, കുട്ടികളുടെ ചിത്രരചന മത്സരം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story