Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപത്മഭൂഷൺ മടവൂർ...

പത്മഭൂഷൺ മടവൂർ വാസുദേവൻ നായർ കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു

text_fields
bookmark_border
അഞ്ചൽ: പ്രശസ്ത കഥകളി ആചാര്യൻ പത്മഭൂഷൺ മടവൂർ വാസുദേവൻ നായർ (89) കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. കൊല്ലം അഞ്ചലിെല അഗസ്ത്യക്കോട് മഹാദേവർ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തി​െൻറ ഭാഗമായി 'രാവണ വിജയം' കഥകളി അവതരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കുഴഞ്ഞുവീണയുടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രാത്രി പേത്താടെ രാവണ വേഷം ധരിച്ച് കഥകളി പുറപ്പാട് രംഗത്തിനായി വേദിയിലെത്തിയ സമയത്താണ് ഹൃദയാഘാതമുണ്ടായത്. അദ്ദേഹത്തി​െൻറ മരണം സ്ഥിരീകരിക്കും വരെ മുക്കാൽ മണിക്കൂറോളംവേദിയിൽ കഥകളി തുടരുകയും ചെയ്തു. കഥകളിയിലെ സമകാലിക തെക്കൻ കളരിയുടെ പരമാചാര്യനായിരുന്നു മടവൂർ വാസുദേവൻ നായർ. തെക്കൻ കളരിസമ്പ്രദായത്തി​െൻറ അവതരണചാരുതകൾ കാത്തുസൂക്ഷിക്കുകയും അനന്തരതലമുറയിലേക്കു കൈമാറുകയും ചെയ്ത പ്രതിഭാശാലിയാണ്. താടിവേഷങ്ങൾ ഒഴിച്ചുനിർത്തിയാൽ മറ്റെല്ലാ വിഭാഗം കഥകളിവേഷങ്ങളിലും നാട്യപ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്. പുരാണബോധം, മനോധർമവിലാസം, പാത്രബോധം, അരങ്ങിലെ സൗന്ദര്യസങ്കൽപനം എന്നിവ അദ്ദേഹത്തി​െൻറ വേഷങ്ങളെ അവിസ്മരണീയമാക്കി. 1929 ഏപ്രിൽ ഏഴിന് തിരുവനന്തപുരം ജില്ലയിലെ മടവൂരിൽ കരോട്ട് വീട്ടിൽ രാമചന്ദ്രക്കുറുപ്പി​െൻറയും കല്യാണിയമ്മയുടെയും മൂന്നാമത്തെ മകനായാണ് ജനനം. മടവൂർ പരമേശ്വരൻ പിള്ളയുടെ ശിഷ്യനായി കച്ച കെട്ടി. പഠനമാരംഭിച്ച് ആറാം മാസത്തിൽതന്നെ ഉത്തരാസ്വയംവരത്തിൽ ഭാനുമതിയും തുടർന്ന് ഉത്തരനും ആയി അരങ്ങേറ്റം. ചെങ്ങന്നൂർ രാമൻപിള്ളയുടെ വീട്ടിൽ ഗുരുകുലസമ്പ്രദായമനുസരിച്ച് 12 വർഷം നീണ്ട കഥകളിയഭ്യസനമാണ് മടവൂരിലെ പ്രതിഭയ്ക്ക് മാറ്റുകൂട്ടിയത്. 1967 മുതൽ 1977 വരെ കലാമണ്ഡലത്തിൽ തെക്കൻ കളരിയിൽ അധ്യാപകനായി. 1978ൽ കൊല്ലം ജില്ലയിൽ പാരിപ്പള്ളിക്കടുത്ത് 'കലാഭാരതി കഥകളി വിദ്യാലയം' എന്ന പേരിൽ തെക്കൻ കളരിക്കായി കഥകളികേന്ദ്രം ആരംഭിച്ചു. കേരളകലാമണ്ഡലം പുരസ്കാരം, തുളസീവനം പുരസ്കാരം, സംഗീതനാടക അക്കാദമി പുരസ്കാരം, കേന്ദ്ര സർക്കാർ ഫെലോഷിപ്, കോട്ടക്കൽ ആര്യവൈദ്യശാലയുടെ 'രംഗകുലപതി' പുരസ്കാരം, കലാദർപ്പണ പുരസ്കാരം, ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കലാ സാംസ്കാരിക സമിതി പുരസ്കാരം, 1997ൽ കേരള ഗവർണറിൽനിന്ന് വീരശൃംഖല തുടങ്ങിയവ നേടി. കൊല്ലം കാവനാട് വള്ളിക്കീഴ് 'കേളീമന്ദിര'ത്തിലായിരുന്നു താമസം. മൃതദേഹം അഞ്ചലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: സാവിത്രിയമ്മ. മക്കൾ: മധു, മിനി, ഗംഗ തമ്പി (ഭരതനാട്യം നർത്തകി).
Show Full Article
TAGS:LOCAL NEWS 
Next Story