Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 5:11 AM GMT Updated On
date_range 2018-04-26T10:41:59+05:30കടൽകയറ്റത്തിന് കാരണം ജലത്തിെൻറ താപവർധന കടലിലും കരയിലും മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടി
text_fieldsവലിയതുറ: സമുദ്രജലത്തിലെ താപവര്‍ധനയാണ് വേലിയേറ്റസമയത്ത് കടല്‍ കൂടുതലായി തീരത്തേക്ക് കയറാന്‍ കാരണമെന്ന് വിദഗ്ധര്‍. 100 വര്‍ഷത്തിനിടെ സമുദ്രജലനിരപ്പ് 10 മുതല്‍ 25 സെൻറീമീറ്റര്‍വരെ ഉയര്‍ന്നതായാണ് കണക്ക്. 1961 മുതല്‍ 2003വരെ സമുദ്രനിരപ്പിലെ വര്‍ധന പ്രതിവര്‍ഷം 1.8 മില്ലീമീറ്ററായിരുന്നു. സമീപവര്‍ഷങ്ങളില്‍ ഇത് 3.1 മില്ലീലിറ്ററായി ഉയര്‍ന്നു. ആഗോളതാപനമാണ് സമുദ്രനിരപ്പ് ഉയരുന്നതിെൻറ മറ്റൊരു കാരണം. സമുദ്രനിരപ്പ് ഉയരുമ്പോള്‍ സ്വാഭാവികമായി കടലിെൻറ താളം തെറ്റും. ഇത്തരം സാഹചര്യങ്ങളില്‍ വേലിയേറ്റമുണ്ടാകുമ്പോള്‍ കടൽ കൂടുതല്‍ തീരത്തേക്ക് കയറും. ഇതുമൂലം പല ഭാഗങ്ങളിലും തീരം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. പ്രകൃതിയെ പരിഗണിക്കാതെയുള്ള വികസനമാണ് തീരം നഷ്ടമാകാന്‍ കാരണം. നേരത്തേ മണ്‍സൂണ്‍ കാലത്ത് തീരത്തുനിന്ന് കടലെടുക്കുന്ന മണല്‍ തെക്കോട്ടൊഴുകുകയും മണ്‍സൂണ്‍ കഴിയുന്നതോടെ കടൽതന്നെ മണല്‍ തിരികെയെത്തിക്കുകയും ചെയ്യും. ഇൗ പ്രക്രിയയാണ് കടലിെൻറയും മത്സ്യത്തൊഴിലാളികളുടെയും ജിവിതത്തെ നൂറ്റാണ്ടുകളായി നിര്‍ണയിച്ചിരുന്നത്. ഇതുമൂലം ഒരിക്കലും തീരം നഷ്ടമാകാത്ത അവസ്ഥയായിരുന്നു. ഇതിന് വിപരീതമായി കടലെടുക്കുന്ന മണല്‍ തിരികെയെത്താത്ത അവസ്ഥയാണ് നിലവിൽ. സമുദ്രജലത്തിലെ താപവര്‍ധനയും മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയാണ്. സമുദ്രതാപം ഉയരുമ്പോള്‍ തണുപ്പുള്ള ജലാശയങ്ങള്‍ തേടി മത്സ്യങ്ങള്‍ നീങ്ങും. ലക്ഷദ്വീപുകളിലും മറ്റുമുള്ള പവിഴപ്പുറ്റുകൾ നശിക്കാൻ കാരണവും താപവർധനയാണ്. കടലിലെ താപവ്യതിയാനങ്ങളെക്കുറിച്ച് പഠിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്കാന് കേരളത്തില്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്ത അവസ്ഥയാണ്. ഉപഗ്രഹങ്ങളുടെ സഹായത്തോടെ മൈക്രോവേവ് റിമോട്ട് സെന്‍സിങ് വഴിയാണ് സാധാരണ പഠനം നടത്തുന്നത്. ഗവേഷണത്തിന് വേണ്ട പ്രത്യേക കപ്പലുകളില്ലാത്തതിനാല്‍ സംസ്ഥാനത്ത് പഠനങ്ങള്‍ നടക്കുന്നില്ല. നദീജല അടിത്തട്ട് ചൂടുപിടിക്കുന്ന പകല്‍ സമയത്ത് മത്സ്യങ്ങള്‍ താരതമ്യേന ചൂട് കുറഞ്ഞ അഴിമുഖങ്ങളിലേക്ക് നീങ്ങും. ഇത് മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനനത്തെയും പ്രജനനകേന്ദ്രങ്ങളെയും ബാധിക്കും. ഇതുമൂലം മത്സ്യങ്ങള്‍ പലപ്പോഴും കൂട്ടത്തോടെ അറബിക്കടല്‍ വിട്ട് ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങുന്ന അവസ്ഥയാണ്.
Next Story