Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 5:29 AM GMT Updated On
date_range 2018-04-03T10:59:59+05:30ബാലൻ പേരിൽമാത്രം, മൈതാനത്ത് ചാണക്യൻ
text_fieldsതിരുവനന്തപുരം: പേരിൽ ബാലനാണെങ്കിലും മൈതാനത്ത് തന്ത്രങ്ങളുടെ ആശാനാണ് സതീവൻ ബാലൻ. അതുകൊണ്ടാകാം ഈ തിരുവനന്തപുരത്തുകാരന് പിന്നിൽ ഭാഗ്യവും വിജയാരവങ്ങളും എന്നും ഒപ്പമുണ്ട്. കാൽപ്പന്തുകളിക്കാരന്‍ കായികബലത്തിനൊപ്പംതന്നെ പ്രധാനമാണ് തലച്ചോറെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് സതീവനും. 2015ൽ 173ാം റാങ്കിൽ കിടന്ന ഇന്ത്യൻ ഫുട്ബാളിനെ 2017ൽ 96ാം റാങ്കിലെത്തിക്കാൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റൻറയിൻ പുറത്തെടുത്ത 'മാജിക്' തന്നെയായിരുന്നു അദ്ദേഹത്തിെൻറ ശിഷ്യനായ സതീവനും ഇത്തവണ കേരളത്തിനായി പുറത്തെടുത്തത്. ഇന്ത്യൻ ഫുട്ബാൾ ഭൂപടത്തിൽ ഒന്നുമല്ലാതായിക്കൊണ്ടിരുന്ന സംസ്ഥാനം ഈസ്റ്റർ ദിനത്തിൽ ഈ കുറിയ മനുഷ്യെൻറ ചുമലിലേറി ഉയിർത്തെഴുന്നേറ്റു. എം.ജി കോളജിലെ പഠന കാലത്താണ് സതീവന്‍ ആദ്യമായി പന്തുതട്ടിത്തുടങ്ങിയത്. കളിയിൽ കമ്പം കേറിയതോടെ കാര്യവട്ടം എല്‍.എന്‍.സി.പി.ഇയില്‍ പരിശീലക കോഴ്സിന് ചേര്‍ന്നു. സ്കോളര്ഷിപ്കിട്ടിയതോടെ ക്യൂബയിലേക്ക് പറന്നു. തിരിച്ചെത്തി സായിയില്‍ പരിശീലകനായി ചേര്‍ന്നു. ഇപ്പോഴത്തെ ഇന്ത്യൻ ഫുട്ബാൾ ടീം കോച്ച് സ്റ്റീഫൻ കോൺസ്റ്റൻറയിൻ ആദ്യം ഇന്ത്യയിലേക്ക് എത്തുമ്പോൾ അദ്ദേഹത്തിെൻറ അസിസ്റ്റൻറായി ജോലി നോക്കാൻ സതീവൻ ബാലന് അവസരം ലഭിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള രണ്ടാംവരവിലും അദ്ദേഹം ആദ്യം തിരക്കിയതും സതീവനെയാണ്. കാരണം ഇന്ത്യൻ ഫുട്ബാളിെൻറ തളർച്ച കോൺസ്റ്റൻറയിന് മനസ്സിലാക്കിക്കൊടുത്തത് സതീവനായിരുന്നു. പിന്നീട് കോൺസ്റ്റൻറയിൻതന്നെ മുൻകൈയെടുത്ത് യൂത്ത് െഡവലപ്മെൻറ് പരിപാടിയുടെ ചുമതലക്കാരനായി. തുടർന്ന് ഇന്ത്യന്‍ അണ്ടര്‍ 19 ടീമിെൻറ മുഖ്യപരിശീലകനുമായി. വെയില്‍സില്‍ നടന്ന ഇയാന്‍ കപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കി. പാകിസ്താനില്‍ നടന്ന സാഫ് അണ്ടര്‍ 19 കപ്പില്‍ റണ്ണറപ്പ്. പിന്നീട് കേരള യൂനിവേഴ്സിറ്റിയുടെ പരിശീലകനായി. 2013ല്‍ സന്തോഷ് ട്രോഫി ടീമിെൻറ സഹപരിശീലക കുപ്പായമണിച്ചു. പിന്നീട് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലേക്ക് ചുവടുമാറി. മൂന്നു തവണയാണ് അന്തര്‍ സര്‍വകലാശാല ഫുട്ബാളില്‍ കാലിക്കറ്റിനെ സതീവൻ ചാമ്പ്യന്മാരാക്കിയത്. കുമ്മായ വരക്ക് പുറത്തുള്ള ഈ ചാണക്യ തന്ത്രങ്ങളിലായിരുന്നു കേരള ഫുട്ബാൾ അസോസിയേഷൻ ഇത്തവണ വിശ്വാസമർപ്പിച്ചത്. ആ വിശ്വാസം സതീവൻ കാത്തു.
Next Story