സർക്കാർ ഉത്തരവുകൾ ഉണ്ടായിട്ടും കൈയേറ്റഭൂമി ഒഴിപ്പിക്കുന്നില്ലെന്ന് പരാതി

05:17 AM
14/09/2017
പള്ളിക്കൽ: തഹസീൽദാറി​െൻറ ഒന്നിലധികം ഉത്തരവുകൾ ഉണ്ടായിട്ടും കൈയേറിയ പഞ്ചായത്ത് പുറമ്പോക്ക് നടവഴി സ്വകാര്യവ്യക്തി ഒഴിയുന്നില്ലെന്ന് പരാതി. കയ്യേറ്റക്കാരനെതിരെ അധികൃതർ നടപടി കൈക്കൊള്ളുന്നില്ലെന്നും ആക്ഷേപമുണ്ട്. പള്ളിക്കൽ പഞ്ചായത്തിലെ 10ാം വാർഡിൽ സൊസൈറ്റി ജങ്ഷനിലെ കൂത്തോട്ട് ഏലായിലേക്കുള്ള വഴിയാണ് സ്വകാര്യവ്യക്തി കൈയേറിയത്‌. ഇതു സംബന്ധിച്ച് തൊടിയിൽ വീട്ടിൽ അനിൽ കുമാർ വില്ലേജ് ഓഫിസ്, പഞ്ചായത്ത്, വർക്കല താലൂക്ക് ഓഫിസ്, ജില്ല കലക്ടർ എന്നിവർക്ക് പരാതി നൽകിയിരുന്നു. പള്ളിക്കൽ വില്ലേജിൽ ബ്ലോക്ക് നമ്പർ 25, റീസർവേ 285 (7) ൽ സർക്കാർ റോഡ് പുറമ്പോക്കായി രേഖപ്പെടുത്തിയ അഞ്ച് സെേൻറാളം ഭൂമിയാണ് സ്വകാര്യവ്യക്തി കൈയേറിയത്. പരാതിയിന്മേൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ഏപ്രിൽ 4 കെ- 3 -24025/2015 നമ്പർ കത്ത് പ്രകാരം തഹസീൽദാർ പഞ്ചായത്ത് സെക്രട്ടറിക്ക് അറിയിപ്പ് നൽകിയിരുന്നു. തുടർന്ന് അതേ മാസം 29ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിലും കൈയേറ്റ ഭൂമി ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഇക്കഴിഞ്ഞ ജൂൺ 29 നും ഇതേ ആവശ്യം ഉന്നയിച്ച് വർക്കല താലൂക്ക് തഹസീൽദാർ (എൽ.ആർ) പള്ളിക്കൽ പഞ്ചായത്ത് സെക്രട്ടറിക്ക് രണ്ടാമതും കത്ത് നൽകി. എന്നാൽ ഉത്തരവുകൾ നിരവധി ഉണ്ടായിട്ടും നടപടി ഉണ്ടായില്ലെന്ന് അനിൽകുമാർ അടക്കമുള്ള പ്രദേശവാസികൾ പറയുന്നു.
COMMENTS