പീലിത്തിരുമുടി ചൂടി വീഥികൾ നീളെ ഉണ്ണിക്കണ്ണന്മാർ

05:20 AM
13/09/2017
കൊല്ലം: നഗരഗ്രാമവീഥികളെ അമ്പാടിയാക്കി ശോഭായാത്രകൾ നടന്നു. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ചാണ് ചൊവ്വാഴ്ച ബാലഗോകുലത്തി​െൻറ ആഭിമുഖ്യത്തിൽ ജില്ലയിലെ 420 കേന്ദ്രങ്ങളിൽ ശോഭായാത്രകൾ സംഘടിപ്പിച്ചത്. ആയിരക്കണക്കിന് കുരുന്നുകൾ അണിനിരന്നു. മഞ്ഞ പട്ടുടയാടയും പീലിത്തിരുമുടിയുമായി ഉണ്ണിക്കണ്ണന്മാരും രാധാ ഗോപികമാരും വീഥികളെ അമ്പാടിയാക്കി. വിവിധസ്ഥലങ്ങളിൽ സാംസ്കാരികസമ്മേളനം, ഉറിയടി, ഗോപികാ നൃത്തം തുടങ്ങിയവയും ഉണ്ടായിരുന്നു. കൊല്ലം നഗരം, ശക്തികുളങ്ങര, ചാത്തന്നൂർ, പരവൂർ, കുണ്ടറ, പുത്തൂർ, കൊട്ടാരക്കര, പുനലൂർ, ചടയമംഗലം, പട്ടാഴി എന്നിവിടങ്ങളിൽ മഹാശോഭായാത്രകൾ നടന്നു. കൊല്ലം നഗരത്തിൽ കച്ചിക്കടവ്, പാപനാശം കടപ്പുറം, എച്ച്.ആൻഡ് സി, പുതിയകാവ്, കപ്പലണ്ടിമുക്ക്, ഉളിയക്കോവിൽ, തേവള്ളി എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ ലക്ഷ്മിനടയിൽ സംഗമിച്ച് മഹാശോഭായാത്രയായി മെയിൻ റോഡ് വഴി പുതിയകാവ് ക്ഷേത്രത്തിൽ സമാപിച്ചു. കാവനാട്: മുളങ്കാടകത്തുനിന്ന് ആരംഭിച്ച ശോഭായാത്ര വെള്ളയിട്ടമ്പലം, രാമൻകുളങ്ങര വഴി വള്ളിക്കീഴ് ക്ഷേത്രത്തിൽ സമാപിച്ചു. ശക്തികുളങ്ങരയിൽനിന്ന് ആരംഭിച്ച ശോഭായാത്ര കപ്പിത്താൻ ജങ്ഷൻ വഴി വള്ളിക്കീഴ് ക്ഷേത്രത്തിൽ സമാപിച്ചു.
COMMENTS