കുട്ടികള്‍ക്കെതിരായ അതിക്രമം തടയാന്‍ സന്ധിയില്ലാ യുദ്ധം ^കൈലാഷ്​ സത്യാർഥി

05:20 AM
13/09/2017
കുട്ടികള്‍ക്കെതിരായ അതിക്രമം തടയാന്‍ സന്ധിയില്ലാ യുദ്ധം -കൈലാഷ് സത്യാർഥി തിരുവനന്തപുരം: കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണത്തിനും കുട്ടിക്കടത്തിനുമെതിരെ നൊേബൽ സമ്മാന ജേതാവ് കൈലാഷ് സത്യാർഥി നടത്തുന്ന ഭാരതയാത്രക്ക് തലസ്ഥാന നഗരിയിൽ ഉജ്ജ്വല വരവേൽപ്. കന്യാകുമാരിയിൽനിന്ന് ചൊവ്വാഴ്ച ആരംഭിച്ച യാത്ര തലസ്ഥാനത്ത് പ്രവേശിച്ചതോടെ പങ്കാളിത്തമുറപ്പാക്കാൻ നൂറുകണക്കിന് പേരാണ് എത്തിയത്. രാവിലെ സർവോദയ ഹാളിൽ രണ്ടായിരത്തോളം വരുന്ന കുട്ടികളെയും രക്ഷാകർത്താക്കളെയും അദ്ദേഹം അഭിസംബോധന ചെയ്തു. കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവും കുട്ടിക്കടത്തും അവസാനിപ്പിക്കേണ്ടതി​െൻറ പ്രാധാന്യത്തെക്കുറിച്ചും കൈലാഷ് സത്യാർഥി സംസാരിച്ചു. പിന്നീട് മാനവീയം വീഥിയിൽനിന്ന് കാൽനടയായി ടാഗോർ ഹാളിലേക്ക് നടത്തിയ യാത്രക്ക് െഎക്യദാർഢ്യവുമായി വിവിധ സന്നദ്ധ സംഘടന പ്രവർത്തകരെത്തി. അഭിവാദ്യമർപ്പിച്ചും മധുരം വിതരണം ചെയ്തുമാണ് ഇവർ യാത്രയെ വരവേറ്റത്. സാമൂഹിക പുരോഗതിയിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വെള്ളമുണ്ടും ഷർട്ടും അണിഞ്ഞ് കേരളീയ വേഷത്തിൽ ടാഗോർ ഹാളിലെത്തിയ സത്യാർഥി കുട്ടികളുമായി സംവദിച്ചു. രാജ്യത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ സന്ധിയില്ലാത്ത യുദ്ധം പ്രഖ്യാപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബാലവേല, ലൈംഗിക ചൂഷണം തുടങ്ങിയ തിന്മകള്‍ സഹിക്കാവുന്നതിലും അധികമാണിന്ന്. ഇതു മറച്ചു വെക്കുന്നത് അപകടകരമായ സ്ഥിതിവിശേഷമുണ്ടാക്കും. തുടക്കത്തില്‍ ഫലം കാണുക അസാധ്യമെന്ന് തോന്നുന്ന ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നീട് വലിയ ഫലം കാണാന്‍ കഴിയുമെന്നാണ് ത​െൻറ അനുഭവമെന്നും അദ്ദേഹം പറഞ്ഞു. അതിക്രമങ്ങൾക്കെതിരെ നിശ്ശബ്‌ദത പാലിക്കുന്നവർ അറിഞ്ഞോ അറിയാതെയോ ചൂഷകരെ പിന്തുണക്കുകയാണ്. ഇന്ത്യ ജീവിക്കുന്നത് കുട്ടികളിലാണ്. സ്വപ്നം കാണുകയും അതിനായി പ്രവർത്തിക്കുകയുമാണ് ചെയ്യേണ്ടതെന്നും കൈലാഷ് സത്യാർഥി കുട്ടികളെ ഒാർമപ്പെടുത്തി. 'സുരക്ഷിത കുട്ടിക്കാലം, സുരക്ഷിത ഭാരതം' എന്നതാണ് യാത്രയുടെ മുദ്രാവാക്യം. 22 സംസ്ഥാനങ്ങളിലൂടെ 11,000 കിലോമീറ്റർ സഞ്ചരിക്കുന്ന യാത്ര ഒക്ടോബർ 16ന് ന്യൂഡൽഹിയിൽ സമാപിക്കും.
COMMENTS