പാൽപുഞ്ചിരിയുമായി മനം കവർന്ന്​ അമ്പാടിക്കണ്ണന്മാർ

05:20 AM
13/09/2017
തിരുവനന്തപുരം: മനം മയക്കുന്ന പാൽപുഞ്ചിരിയും പീലിത്തിരുമുടിയും ഓടക്കുഴലുമായി അമ്പാടിക്കണ്ണന്മാർ നഗരത്തി​െൻറ മനം കവർന്നു. ശ്രീകൃഷ്ണവേഷത്തിൽ നടന്നുനീങ്ങിയ കുരുന്നുകളുടെ ചിരിയും കളിയും ഒാട്ടവുമെല്ലാമായി തലസ്ഥാനനഗരം വര്‍ണക്കടലായി. ബാലഗോകുലം ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി നടത്തിയ ശോഭായാത്രയിലാണ് കുട്ടികൾ അണിനിരന്നത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ പാളയം ഗണപതി കോവിലിന് മുന്നിൽനിന്നാണ് തുടങ്ങിയത്. ആയിരക്കണക്കിന് ബാലിക- ബാലന്മാർ യാത്രയിൽ അമ്പാടിക്കണ്ണന്മാരായി അണിനിരന്നു. ഇവർക്കൊപ്പം മുതിർ‍ന്നവരും പങ്കാളികളായി. താളമേളങ്ങളുടെ അകമ്പടിയിൽ ആഘോഷമായായിരുന്നു കുരുന്നുകൾ നഗരത്തിൽ ഒഴുകിനീങ്ങിയത്. നിശ്ചലദൃശ്യങ്ങളും ചെണ്ടമേളങ്ങളും ചേർന്നതോടെ ശോഭായാത്ര വർണശബളമായ ദ്യശ്യവിരുന്നായി. ജില്ലയിലെ വിവിധയിടങ്ങളിൽനിന്നുള്ള നൂറുകണക്കിന് െചറിയ യാത്രകൾ ഒന്നിച്ചുചേർന്നാണ് പാളയത്തുനിന്ന് മഹാശോഭായാത്രയായി മാറിയത്. കിഴക്കേകോട്ടയിൽ സമാപിച്ച യാത്രയിൽ മുത്തുക്കുടകൾ ചൂടിയ മുതിർന്ന കുട്ടികളും അണിനിരന്നു. ഭാരതാംബയുടെ വേഷം ധരിച്ച കുട്ടികളും മിഴിവേകി. യാത്രക്ക് മോടികൂട്ടിയെത്തിയ നിശ്ചലദൃശ്യങ്ങളിൽ ശ്രീകൃഷ്ണനും ശ്രീരാമനും മഹാവിഷ്ണുവും ശിവനും നിറഞ്ഞു. പാളയം മുതൽ കിഴക്കേകോട്ട വരെ റോഡി​െൻറ ഇരുവശങ്ങളിലും നിരവധിപേരാണ് ശോഭായാത്ര കാണാൻ കാത്തുനിന്നത്. ഇതോടനുബന്ധിച്ച് നഗരത്തിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തിയിരുന്നു. പാളയം ഗണപതി ക്ഷേത്രത്തിന് മുന്നിൽ ശിൽപി കാനായി കുഞ്ഞിരാമൻ ശോഭായാത്ര ഉദ്ഘാടനം ചെയ്തു. ഒ. രാജഗോപാൽ, കാനായി കുഞ്ഞിരാമൻ, ബി.ജെ.പി നേതാക്കളായ പി.കെ. കൃഷ്ണദാസ്, വി.വി. രാജേഷ്, കൗൺസിലർ എം.ആർ. ഗോപൻ എന്നിവർ പെങ്കടുത്തു.
COMMENTS