ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ഭരണപക്ഷം ബഹിഷ്കരിച്ചു

05:17 AM
11/11/2017
അഞ്ചൽ: ഇടതുമുന്നണി ഭരിക്കുന്ന ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം സി.പി.ഐ, സി.പി.എം അംഗങ്ങൾ ബഹിഷ്കരിച്ചതിനാൽ ക്വാറം തികയാതെ പിരിഞ്ഞു. ഇടമുളയ്ക്കൽ സർവിസ് സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്ന ഗ്രാമപഞ്ചായത്തംഗം കൈപ്പള്ളിൽ മാധവൻകുട്ടി പഞ്ചായത്ത് സമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയതിൽ പ്രതിഷേധിച്ചാണ് എൽ.ഡി.എഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചത്. സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിഞ്ഞ മാധവൻകുട്ടി ഹൈകോടതിയിൽനിന്ന് ലഭിച്ച ഉത്തരവ് പ്രകാരം പൊലീസ് സംരക്ഷണയിലാണ് യോഗത്തിനെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടിയ എൽ.ഡി.എഫ് പ്രവർത്തകർ കൂക്കിവിളിച്ചാണ് പ്രതിഷേധിച്ചത്. കോൺഗ്രസ് അംഗമാണ് മാധവൻകുട്ടി. കഴിഞ്ഞ ദിവസം രാവിലെ 10.30ന് യോഗഹാളിൽ മാധവൻകുട്ടിയെത്തിയെങ്കിലും ഭരണകക്ഷിയിലെ സി.പി.ഐ, സി.പി.എം അംഗങ്ങളായ 14 പേരും യോഗം ബഹിഷ്കരിച്ചു. കോൺഗ്രസ് അംഗങ്ങളായ അഞ്ചുപേരും ബി.ജെ.പിയുടെ ഒരാളും കമ്മിറ്റി കൂടാനെത്തി. യു.ഡി.എഫിലെ കേരള കോൺഗ്രസ് (ജെ) പ്രതിനിധിയും ബി.ജെ.പിയുടെ ഒരംഗവും പങ്കെടുത്തില്ല. തന്മൂലം കമ്മിറ്റി കൂടുന്നതിനുള്ള ക്വാറം തികയാഞ്ഞതിനാൽ ഔദ്യോഗികമായി കമ്മിറ്റി കൂടിയില്ല. ഈ വിവരം സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുടർച്ചയായി കമ്മിറ്റികളിൽ പങ്കെടുക്കാതിരുന്നാൽ മാധവൻകുട്ടിയുടെ ഗ്രാമപഞ്ചായത്തംഗത്വം നഷ്ടപ്പെടും. ഇതൊഴിവാക്കാൻ വേണ്ടിയാണ് പൊലീസ് സംരക്ഷണയിൽ അദ്ദേഹമെത്തിയത്. കൊല്ലിയിൽ ആയില്യം ഇന്ന് അഞ്ചൽ: ഏറം കൊല്ലിയിൽ ദുർഗാദേവീ ക്ഷേത്രത്തിലെ ആയില്യംപൂജ ചടങ്ങുകൾ ശനിയാഴ്ച നടക്കും. ക്ഷേത്രംതന്ത്രി ഈശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. ഉച്ചക്ക് 12ന് കഞ്ഞിസദ്യയും വൈകീട്ട് അഞ്ചിന് നൂറുംപാലും ഊട്ടും നടക്കും.
COMMENTS