Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2017 5:15 AM GMT Updated On
date_range 2017-11-09T10:45:00+05:30പുല്ലുവിള സാമൂഹികാരോഗ്യകേന്ദ്രത്തിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി
text_fieldsകാഞ്ഞിരംകുളം: പുല്ലുവിള സാമൂഹികാരോഗ്യകേന്ദ്രത്തിൽ ആരോഗ്യവകുപ്പ് സംഘം പരിശോധന നടത്തി. മെഡിക്കൽ ഓഫിസർക്കെതിരെ അതിയന്നൂർ ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ രാജി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. െഡപ്യൂട്ടി ഡി.എം.ഒയുടെ നേതൃത്വത്തിലെ സംഘമാണ് പരിശോധനക്കെത്തിയത്. രാവിലെ പത്തരയോടെ എത്തിയ സംഘം ആശുപത്രിരേഖകൾ പരിശോധിക്കുകയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡി. ശൈലജ, ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ രാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഫ്രാങ്ക്ലിൻ കുമാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ആശുപത്രിയുടെ വികസനപ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡി. ശൈലജ കുറ്റപ്പെടുത്തി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ആശുപത്രി വികസനസമിതി യോഗം ചേരാൻ മെഡിക്കൽ ഓഫിസർ കൂട്ടാക്കുന്നില്ലെന്നും അവർ ആരോപിച്ചു. ഇതേതുടർന്ന് വകുപ്പുമന്ത്രി, ആരോഗ്യവകുപ്പ് ഡയറക്ടർ, ഡി.എം.ഒ എന്നിവർക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. ആശുപത്രിയിലെ മാലിന്യ നിർമാർജനത്തിന് ബജറ്റിൽ നീക്കിവെച്ചിട്ടുള്ള ഫണ്ട് മെഡിക്കൽ ഓഫിസറുടെ അനാസ്ഥ കാരണം പാഴായിപ്പോകുമെന്ന് ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ രാജി, അംഗം ഫ്രാങ്ക്ലിൻ കുമാർ എന്നിവർ ചൂണ്ടിക്കാട്ടി. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പുല്ലുവിള, വിഴിഞ്ഞം, വെൺപകൽ എന്നിവിടങ്ങളിലായി മൂന്ന് സാമൂഹികാരോഗ്യ കേന്ദ്രങ്ങളാണുള്ളത്. പുല്ലുവിള ഒഴികെയുള്ളയിടത്തെല്ലാം പദ്ധതികൾ ആവിഷ്കരിച്ചുകഴിഞ്ഞതായും അവർ അറിയിച്ചു. മെഡിക്കൽ ഓഫിസറുടെ നിലപാടുകളിൽ പ്രതിഷേധിച്ച് കോൺഗ്രസ് കരുംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിൽ പ്രതിഷേധസമരം നടത്തുമെന്ന് ഫ്രാങ്ക്ലിൻ കുമാർ അറിയിച്ചു. അതേസമയം ആശുപത്രി പ്രവർത്തനം നല്ലരീതിയിലാണെന്ന് മെഡിക്കൽ ഓഫിസർ ഡോ. നെബു ജോൺ പ്രതികരിച്ചു. മാലിന്യസംസ്കരണം സംബന്ധിച്ച പദ്ധതികൾ രണ്ടുദിവസത്തിനുള്ളിൽ ബന്ധപ്പെട്ടവർക്ക് സമർപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
Next Story