Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2017 5:17 AM GMT Updated On
date_range 2017-11-06T10:47:59+05:30സൗഹൃദങ്ങൾ ബാക്കി; വെട്ടൂർ പുരുഷൻ ഇനി ഓർമ
text_fieldsവർക്കല: നാടക, സിനിമ ആസ്വാദകരെ കുടുകുടെ ചിരിപ്പിച്ച വെട്ടൂർ പുരുഷൻ യാത്രയായി. ഉയരക്കുറവിെൻറ പരിമിതികളെ കലാവൈഭവം കൊണ്ട് മറികടന്ന ഈ അഭിനയപ്രതിഭക്ക് സിനിമ ലോകം അർഹിക്കുന്ന പരിഗണനയും ആദരവും ഒരുകാലത്തും നൽകിയിരുന്നില്ല. ആരോടും പരിഭവിക്കാതെ കലാകാരെൻറ നിഷ്കളങ്കമായ സൗമ്യതയോടെയായിരുന്നു ഈ മനുഷ്യൻ വലിയ സൗഹൃദലോകം സമ്പാദിച്ചത്. വർക്കലക്കടുത്തുള്ള തീരഗ്രാമമായ വെട്ടൂരാണ് സ്വദേശം. നെടുങ്ങണ്ട എസ്.എൻ.വി ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ശ്രീനാരായണ ധർമസംഘം ട്രസ്റ്റിെൻറ കീഴിലുള്ള ശിവഗിരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. സൂപ്രണ്ടായാണ് വിരമിച്ചത്. അമേച്വർ നാടകങ്ങളിലൂടെയാണ് വെട്ടൂർ പുരുഷൻ പ്രഫഷനൽ നാടകത്തിലേക്കെത്തിയത്. ഇതിനിടയിൽ സിനിമയിലുമെത്തി. 1972ൽ ക്രോസ് ബെൽറ്റ് മണി സംവിധാനം ചെയ്ത 'നടീനടന്മാരെ ആവശ്യമുണ്ട്' സിനിമയിലൂടെ ചലച്ചിത്ര ലൊകത്തെത്തി. ഹാസ്യ കഥാപാത്രമായിരുന്നു ഈ സിനിമയിലെ വേഷം. 1975ൽ 'കുട്ടിച്ചാത്തൻ' സിനിമയിൽ കുട്ടിച്ചാത്തെൻറ വേഷത്തിലഭിനയിച്ചു. പിന്നീട് സിനിമയിൽ ധാരാളം അവസരങ്ങൾ തേടിയെത്തി. പെൺപട, നാരദൻ കേരളത്തിൽ, സൂര്യവനം, ഇതാ ഇന്നു മുതൽ, മുക്കുവനെ സ്നേഹിച്ച ഭൂതം, കാവടിയാട്ടം, അത്ഭുതദ്വീപ് തുടങ്ങി എഴുപതോളം സിനിമകളിൽ അഭിനയിച്ചു. 1988ൽ പുറത്തുവന്ന 'ലൂസ് ലൂസ് അരപ്പിരി ലൂസ്' സിനിമ വെട്ടൂർ പുരുഷനെ ഏറെ പ്രസിദ്ധനാക്കി. ഏറ്റവും ഒടുവിൽ അഭിനയിച്ചത് വിനയൻ സംവിധാനം ചെയ്ത 'അത്ഭുതദ്വീപി'ലായിരുന്നു. ഇതിൽ രാജഗുരുവായി വെട്ടൂർ പുരുഷൻ വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തി. അവസരങ്ങൾക്കായി 'അമ്മ'യിലെ അംഗത്വം എടുക്കണമെന്ന് സിനിമയിലെ സുഹൃത്തുക്കളുടെ ഉപദേശത്തെ അംഗീകരിക്കാനും അദ്ദേഹം തയാറായില്ല. 'അമ്മ'യിൽ അംഗത്വം തന്നാൽ സ്വീകരിക്കും. എന്നാൽ, അംഗത്വമെടുക്കാൻ കൈയിൽ പണമില്ല. ഇതായിരുന്നു വെട്ടൂർ പുരുഷെൻറ നിലപാട്. എങ്കിലും സിനിമക്കാരോടെല്ലാം നല്ല സൗഹൃദം സൂക്ഷിക്കുകയും ചെയ്തു. 15 പ്രഫഷനൽ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 'ജയഭേരി' നാടകത്തിൽ നടൻ ജി.കെ. പിള്ളക്കൊപ്പവും 'സ്നേഹിക്കാൻ സ്നേഹിക്കാൻ മാത്രം' നാടകത്തിൽ ഫയൽവാൻ റഷീദ്, കുരുതിക്കളം ഗോപി എന്നിവർക്കൊപ്പവും അരങ്ങിലെത്തുകയും ആയിരത്തിലധികം വേദികളിൽ അഭിനയിക്കുകയും ചെയ്തു. 1990ൽ ആറ്റിങ്ങൽ കേന്ദ്രമാക്കി സ്വന്തമായി നാടക ട്രൂപ്പ് തുടങ്ങി. രണ്ടു നാടകങ്ങൾ അരങ്ങിലെത്തിച്ചപ്പോഴേക്കും സാമ്പത്തിക ബാധ്യതകളേറി. ഒടുവിൽ ട്രൂപ്പ് പിരിച്ചുവിട്ടു. ശിവഗിരി മെഡിക്കൻ മിഷൻ ആശുപത്രിയിൽനിന്ന് വിരമിച്ചശേഷം ആറുവർഷം ദുബൈയിലെ ഹോട്ടലിൽ റിസപ്ഷനിസ്റ്റായും ജോലിനോക്കിയിരുന്നു. വർക്കലയിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന വെട്ടൂർ പുരുഷൻ സവിശേഷ വ്യക്തിത്വത്തിെൻറ ഉടമയുമായിരുന്നു. പ്രായഭേദമില്ലാത്ത സൗഹൃദ വലയത്താൽ സമ്പന്നമായിരുന്നു അദ്ദേഹത്തിെൻറ വ്യക്തിജീവിതം.
Next Story