Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 5:26 AM GMT Updated On
date_range 2017-11-02T10:56:58+05:30അഞ്ചു തുഴപ്പാടുകൾക്ക് ആവേശവിജയം
text_fieldsകൊല്ലം: അഞ്ചു തുഴപ്പാടുകളുടെ മുന്നേറ്റം സെൻറ് പയസ് ടെന്‍ത് ചുണ്ടന് സമ്മാനിച്ചത് ആറാമത് പ്രസിഡൻഷ്യൽ ട്രോഫി. ഹീറ്റ്സ് മത്സരങ്ങളിൽ ചില വള്ളങ്ങൾ ഏകപക്ഷീയമായി ഫിനിഷ് ചെയ്തപ്പോള്‍ വള്ളംകളിയുടെ സൗന്ദര്യവും ആവേശവും നിറച്ചതായിരുന്നു അന്തിമപോരാട്ടം. ആദ്യ പാദത്തിൽ എതിരാളികളെ അനായാസം മറികടന്ന മഹാദേവിക്കാട് കാട്ടിൽ തെക്കതില്‍, രണ്ടാം പാദത്തിലെ ജേതാവ് സെൻറ് ഫ്രാൻസിസ് ബോട്ട് ക്ലബ് പട്ടം തുരുത്ത് കൊല്ലത്തിെൻറ സെൻറ് പയസ് ടെൻത്‍, മൂന്നാം പാദത്തിലെ വിജയി സംഘം കന്നേറ്റിയുടെ കാരിച്ചാൽ, നാലാം പാദത്തിൽ ഒന്നാമതെത്തിയ ഗ്ലോബൽ നീലിക്കുളം കരുനാഗപ്പള്ളിയുടെ നടുഭാഗം എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് അന്തിമപോരാട്ടത്തിന് അണിനിരന്നത്. മറ്റ് മത്സരങ്ങളെല്ലാം അവസാനിച്ചതോടെ ആരാണ് ജലരാജാവാകുന്നതെന്ന ആകാംക്ഷയിലായിരുന്നു കാണികളും വള്ളംകളി പ്രേമികളും. ഫൈനല്‍ ആരംഭിച്ചെന്ന അറിയിപ്പ് വന്നതോടെ അങ്ങകലെ വള്ളങ്ങള്‍ കുതിക്കുന്നത് കാണാന്‍ ടെലിവിഷന്‍ സ്ക്രീനുകളിലേക്കായിരുന്നു ഫിനിഷിങ് പോയൻറിലിരുന്ന എല്ലാവരുടെയും കണ്ണുകൾ. സ്റ്റാർട്ടിങ് പോയൻറിൽ കൊടി ഉയർന്നതോടെ കുതിച്ചുപാഞ്ഞ നാലു വള്ളങ്ങളും ഒപ്പത്തിനൊപ്പം തുഴഞ്ഞുവരുന്ന കാഴ്ച. ഒന്നാം ട്രാക്കില്‍ കാട്ടില്‍തെക്കതില്‍, രണ്ടാം ട്രാക്കില്‍ കാരിച്ചാൽ, മൂന്നാം ട്രാക്കില്‍ നടുഭാഗം, നാലാം ട്രാക്കില്‍ സെൻറ് പയസ് ടെന്‍ത് ഇങ്ങനെയായിരുന്നു കുതിപ്പ്. പിന്നീട് മൂന്നര മിനിറ്റിലധികം കാണികളും വള്ളം കളിപ്രേമികളും ശ്വാസം അടക്കിപിടിച്ചിരുന്ന നിമിഷങ്ങളായിരുന്നു. ട്രാക്കിെൻറ ഏതാണ്ട് മുക്കാൽ ഭാഗവും നാലു ചുണ്ടന്മാരും ഒപ്പത്തിനൊപ്പമുള്ള പോരാട്ടം. പിന്നീട് സെൻറ് പയസ് ടെന്‍തിന് നേരിയ ലീഡ്. വീണ്ടും ഒപ്പത്തിനൊപ്പം. തൊട്ടടുത്ത നിമിഷത്തിൽ നടുഭാഗം മുന്നിലെത്തി. സെക്കൻഡുകൾക്കുള്ളിൽ സെൻറ് പയസ്ടെന്തിെൻറ കുതിപ്പ്. അവസാന ലാപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ സെൻറ് പയസ് ടെന്‍ത് പ്രസിഡൻഷ്യൽ ട്രോഫിയിൽ മുത്തമിട്ടു. ഉടനെ വിജയിയെ പ്രഖ്യാപിച്ച് അറിയിപ്പും വന്നു. തുഴകൾ ഉയർത്തി ആവേശം പ്രകടിപ്പിച്ച സെൻറ് പയസ് ടെന്‍തിലെ താരങ്ങളോടൊപ്പം ആർപ്പുവിളികളുമായി കാണികളും കൂടി. ആ ആവേശം ഒാളപ്പരപ്പുകളിൽ പുതിയൊരു ചരിത്രം കുറിക്കപ്പെട്ടതിെൻറ പ്രതിഭലനങ്ങൾ തീർത്തു.
Next Story