പനി: ചെന്നിത്തല മുഖ്യമന്ത്രിയെ കണ്ടു

08:16 AM
19/06/2017
തിരുവനന്തപുരം: പകര്‍ച്ചപ്പനി നിയന്ത്രണാതീതമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ നേരിട്ടിറങ്ങി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർദേശം നല്‍കി. ഇതി​െൻറ ഭാഗമായി ത​െൻറ മണ്ഡലമായ ഹരിപ്പാട്ട് ചൊവ്വാഴ്ച പ്രതിപക്ഷ നേതാവ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. യു.ഡി.എഫി​െൻറ നേതൃത്വത്തിെല തദ്ദേശ സ്ഥാപനങ്ങളോട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിർദേശം നല്‍കി. അടിയന്തരമായി പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനെ വസതിയില്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. പനി തടയാൻ 11 നിർദേശങ്ങള്‍ അടങ്ങുന്ന മെമ്മോറാണ്ടം മുഖ്യമന്ത്രിക്ക് നല്‍കി. നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാൻ ഔദ്യോഗിക സംവിധാനങ്ങളോടോപ്പം എല്ലാ വിഭാഗം ജനകീയ സംഘടനകളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ജനകീയ യജ്ഞം സംഘടിപ്പിക്കണമെന്നതാണ് പ്രധാന നിർദേശങ്ങളിലൊന്ന്. എം.പിമാര്‍, എം.എല്‍.എമാര്‍, വാര്‍ഡ് അംഗങ്ങൾ, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ, വായനശാലകള്‍ തുടങ്ങി എല്ലാ വിഭാഗം ജനകീയ പ്രസ്ഥാനങ്ങളെയും സംഘടിപ്പിച്ച് കൂട്ടായ മാലിന്യ നിർമാര്‍ജന യജ്ഞം വേണമെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. പനി തടയുന്നതില്‍ ആരോഗ്യവകുപ്പ് പൂര്‍ണമായും പരാജയപ്പെട്ട സ്ഥിതിക്ക് മുഖ്യമന്ത്രിതന്നെ നേരിട്ട് കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ആവശ്യമെങ്കില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം. സ്ഥിതി അതിഗുരുതരമാണെന്ന് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം രമേശ് ചെന്നിത്തല വാര്‍ത്താ ലേഖകരോട് പറഞ്ഞു. ആരോഗ്യ മന്ത്രിയുമായും ഉദ്യോഗസ്ഥരുമായും മറ്റും നേരിട്ട് സംസാരിക്കുകയും പരിഹാരമുണ്ടാക്കുകയും ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി അദ്ദേഹം പറഞ്ഞു.
COMMENTS