പുതിയ റേഷൻ കാർഡിൽ ആദിവാസികളുടെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതായി പരാതി

08:19 AM
17/07/2017
പത്തനാപുരം: പുതിയ റേഷൻ കാർഡ് നിലവിൽ വന്നതോടെ ആദിവാസികളുടെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതായി പരാതി. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ ആവണിപ്പാറ ആദിവാസി കോളനിയിലുള്ളവർക്കാണ് ഈ ദുരവസ്ഥ. രണ്ടുമാസം മുമ്പുവരെ അഞ്ച് ലിറ്റർ മണ്ണെണ്ണ ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ പ്രതിമാസം അര ലിറ്റർ മാത്രമാണ് ലഭിക്കുന്നത്. മഞ്ഞ നിറത്തിലുള്ള കാർഡാണ് ഇവർക്കുള്ളത്. വൈദ്യുതി കണക്ഷൻ ഉണ്ടെന്ന കാരണത്താലാണ് മണ്ണെണ്ണ വിഹിതം കുറച്ചതത്രേ. എന്നാൽ, അച്ചൻകോവിലാറി​െൻറ മറുകരയിൽ ഒറ്റപ്പെട്ട് കഴിയുന്ന നാൽപതോളം കുടുംബങ്ങളാണ് ആവണിപ്പാറയിൽ ഉള്ളത്. 10 വർഷം മുമ്പ് സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി ഊരിലെ കുടുംബങ്ങൾക്ക് സോളാർ പാനൽ നൽകിയിരുന്നു. എന്നാൽ, അധികം താമസിയാതെ പാനലുകൾ തകരാറിലായി. അറ്റകുറ്റപ്പണി നടത്തണമെന്ന് നിരവധി തവണ അധികൃതരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. വന്യമൃഗങ്ങൾ ഉള്ളതിനാൽ വനത്തിനുള്ളിലൂടെയുള്ള വൈദ്യുതിബന്ധവും സാധ്യമല്ല. ആറിനു കുറുകെ വൈദ്യുതികമ്പികൾ വലിക്കാൻ കഴിയില്ലെന്ന് വകുപ്പുകൾ പറഞ്ഞതോടെ കുടുംബങ്ങൾ പൂർണമായും ഇരുട്ടിലായി. പിന്നെയുണ്ടായിരുന്ന ഏകാശ്രയം മണ്ണെണ്ണ വിളക്കുകളായിരുന്നു. എന്നാൽ, വിഹിതം വെട്ടിക്കുറച്ചതോടെ അതും ലഭിക്കുന്നില്ല. അച്ചൻകോവിൽ റേഷൻ കടയിൽനിന്നാണ് ഇവർക്ക് ആവശ്യമായ സാധനങ്ങൾ ലഭിച്ചിരുന്നത്. പുതിയ തീരുമാനം കാരണം ഉണ്ടായ പ്രയാസം ആരെ അറിയിക്കണമെന്നറിയാതെ ബുദ്ധിമുട്ടിലാണ് ഇവർ. യൂനിറ്റ് കൺവെൻഷൻ കൊല്ലം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ വടക്കേവിള യൂനിറ്റ് കൺവെൻഷനും അംഗത്വ വിതരണോദ്ഘാടനവും പുന്തലത്താഴം വൈ.എം.വി.എ ഗ്രന്ഥശാല ഹാളിൽ നടന്നു. മുൻ ജില്ല ട്രഷറർ കെ.ആർ. ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന സെക്രട്ടറി പി. ജഗദൻപിള്ള മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി കെ. രാജേന്ദ്രൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് വനിതാ കൺവീനർ കെ. സുമതി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് സെക്രട്ടറി പി. പുഷ്പാംഗദൻ, വി. സലിംബാബു, വടക്കേവിള യൂനിറ്റ് സെക്രട്ടറി എൻ. മണിപ്രസാദ്, ജോയൻറ് സെക്രട്ടറി ആർ. രാജേന്ദ്രൻനായർ എന്നിവർ സംസാരിച്ചു.
COMMENTS