Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാടും കാടനുഭവവും...

കാടും കാടനുഭവവും ആസ്വദിച്ച് കുട്ടിക്കൂട്ടങ്ങൾ

text_fields
bookmark_border
നെയ്യാറ്റിൻകര: ക്ലാസ് മുറിയിൽ കാടൊരുക്കി കഥ പറയാൻ മുത്തശ്ശിയെത്തിയപ്പോൾ കുട്ടികൾക്ക് കൗതുകവും ആഹ്ലാദവും അമ്പരപ്പും. കഥ കേൾക്കാനും പാട്ടു പാടാനും അവർ മുത്തശ്ശിക്കൊപ്പം കൂടി. പിന്നെ കൃത്രിമഗുഹയിലൂടെ മുത്തശ്ശിയായി വന്ന ടീച്ചറോടൊപ്പം വനയാത്രയും. കട്ടൗട്ടിൽ ഒരുക്കിയ മൃഗങ്ങളെയും പക്ഷികളെയും കണ്ട് 'കാട്ടിലെ' പഴവർഗങ്ങളും ഭക്ഷിച്ച് വെള്ളച്ചാട്ടം ആസ്വദിച്ച് നടത്തിയ യാത്ര അവസാനിച്ചത് വ്യത്യസ്തമായ പഠനമൂലകളിൽ. ഒടുവിൽ പാട്ടും കളിയും ചിരിയുമായി അവർ വട്ടം കൂടി. സർവശിക്ഷാ അഭിയാൻ ജില്ലയിലെ ഭിന്നശേഷിയുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി 12 വിദ്യാഭ്യാസ ഉപജില്ലകളിലും വെള്ളിയാഴ്ച ആരംഭിച്ച ദ്വിദിന സഹവാസ ക്യാമ്പാണ് അക്കാദമിക് മികവ് കൊണ്ട് വേറിട്ട അനുഭവമായത്. ഉദ്ഘാടനത്തിനുശേഷം മുത്തശ്ശിക്കഥയോടെയാണ് യാത്ര തുടങ്ങിയത്. കഥ പറഞ്ഞ മുത്തശ്ശി കുട്ടികളെ വിസ്മയക്കൂടാരത്തിലേക്ക് കൊണ്ടുപോയി. കാട്ടിലെ വിശേഷങ്ങൾ കണ്ടറിഞ്ഞ് സമ്മാനമരത്തിനടുത്തേക്ക്. മരച്ചില്ലകളിൽ സ്വന്തം പേരെഴുതിയ കടലാസ് സഞ്ചികളിൽ വർണ്ണ പെൻസിലുകളും പേനയും കട്ടറും റബറും പ്രവർത്തന പുസ്തകങ്ങളും ക്യാമ്പ് അംഗങ്ങൾക്കായി ഒരുക്കിയിരുന്നു. ഉച്ചക്കുശേഷം പ്രത്യേകം തയാറാക്കിയ അഞ്ച് കോർണറുകളിലായിട്ടായിരുന്നു പ്രവർത്തനങ്ങൾ. ഗണിതപ്പാട്ട് പാടിയും രൂപങ്ങൾ നിർമിച്ചും നിറം നൽകിയും പഠനം നടന്നപ്പോൾ കാട്ടിലെ 'ആരണ്യക' ത്തിൽ കുട്ടികൾ മൃഗങ്ങളെ പരിചയപ്പെട്ടു. 'വനശ്രീ'യിൽ പ്രകൃതിയിലെ സസ്യലതാദികളെ കണ്ടറിഞ്ഞു.'കിളിക്കൊഞ്ചലിൽ' ഭാഷാ പ്രവർത്തനങ്ങളും 'മലർവാടി'യിൽ നിർമാണപ്രവർത്തനങ്ങളും അരങ്ങേറി. പാറശ്ശാല ബി.ആർ.സിയിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. സുരേഷ് അധ്യക്ഷനായി. എസ്.എസ്.എ ജില്ല പ്രോജക്ട് ഒാഫിസർ ബി. ശ്രീകുമാരൻ, സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ ചെയർമാൻ പരശുവയ്ക്കൽ മോഹനൻ, എസ്.എസ്.എ സംസ്ഥാന പ്രോഗ്രാം ഒാഫിസർ സുരേഷ് കുമാർ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മഞ്ചു സ്മിത, ബ്ലോക്ക് അംഗം പി.പി. ഷിജു, എസ്. അജികുമാർ എന്നിവർ സംസാരിച്ചു. ബി.പി.ഒ എസ്. കൃഷ്ണകുമാർ സ്വാഗതവും ആർ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു. ബി.ആർ.സി പരിശീലകൻ എ.എസ്. മൻസൂർ, റിസോഴ്സ് അധ്യാപകരായ കെ. സിന്ധു, വി.എസ്. സരിത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. നിർമാണപ്രവർത്തനങ്ങളിലൂടെ സാമൂഹികവത്കരണ പ്രക്രിയ ശക്തിപ്പെടുത്തുക, സർഗവാസനകൾ പരിപോഷിപ്പിക്കുക, പഞ്ചേന്ദ്രിയാനുഭവങ്ങൾ ലഭ്യമാക്കുക എന്നിവയാണ് ക്യാമ്പി​െൻറ ലക്ഷ്യങ്ങൾ. 70 പേർ പങ്കെടുക്കുന്ന വിസ്മയക്കൂടാരം ശനിയാഴ്ച സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story