Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൃഗവേട്ട; ആർ.പി.എൽ,...

മൃഗവേട്ട; ആർ.പി.എൽ, ഓയിൽപാം മേഖലയിൽ ഭീതിയോടെ ജനം

text_fields
bookmark_border
അഞ്ചൽ: കിഴക്കൻ വനമേഖലയായ ആർ.പി.എൽ, ഓയിൽപാം തോട്ടങ്ങളിൽ വ്യാപകമായി നടക്കുന്ന മൃഗവേട്ട നാട്ടുകാരുടെയും തോട്ടം തൊഴിലാളികളുടെയും സ്വൈരജീവിതം തകർക്കുന്നു. കൃഷി നശിപ്പിക്കാനെത്തുന്ന വന്യ ജീവികളെ തുരത്താനെന്ന വ്യാേജന പലയിടത്തായി സ്ഥാപിച്ചിട്ടുള്ള പന്നിപ്പടക്കം പൊട്ടിയുള്ള അപകടങ്ങൾ അടിക്കടിയുണ്ടാകുന്നു. എസ്റ്റേറ്റുകളിലുള്ളവർ തന്നെയാണ് ഇതിന് പിന്നിലെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ദിവസം തോട്ടത്തിലെ റോഡിലൂടെ ബൈക്കിൽ സഞ്ചരിച്ച ആർ.പി.എൽ എസ്റ്റേറ്റിലെ റബർ ടാപ്പിങ് തൊഴിലാളിയായ രാമകൃഷ്ണന് പന്നിപ്പടക്കം പൊട്ടി പരിക്കേറ്റു. ഒരുമാസം മുമ്പ് ഇവിടെ പന്നിപ്പടക്കം പൊട്ടി പശുവി​െൻറ തല തകരുകയും ദിവസങ്ങൾക്ക് ശേഷം പുഴുവരിച്ച് ചാവുകയും ചെയ്തു. ഇത്തരത്തിൽ വളർത്തു മൃഗങ്ങൾക്കും ഭീഷണിയാകുന്നു. വേട്ടയാടിപ്പിടിക്കുന്ന മൃഗങ്ങളുടെ മാംസം വൻ വിലയ്ക്കാണ് നാട്ടിൻപുറങ്ങളിലെത്തിച്ച് വിൽപന നടത്തുന്നത്. ഇതേപ്പറ്റി പൊലീസിനോടോ ഫോറസ്റ്റ് അധികൃതരോടോ വിവരം പറഞ്ഞാൽ അവരെ നായാട്ട് സംഘത്തിൽപ്പെട്ടവർ മർദിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുമെന്നുള്ളതിനാൽ ആരും പ്രതികരിക്കാൻ തയാറല്ല. നിരോധിത സ്ഫോടകവസ്തുക്കൾ തോട്ടം മേഖലയിലെത്തുന്നത് എങ്ങിനെയെന്ന് പൊലീസും വനംവകുപ്പും അന്വേഷിക്കുന്നുണ്ടെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാട്ട് ജന്തുക്കൾ കടന്നുവരാൻ സാധ്യതയുള്ള ചില പ്രത്യേകസ്ഥലങ്ങളിൽ കെണിയൊരുക്കിെവച്ച ശേഷം മൃഗങ്ങളെ ഓടിച്ച് കെണിയിൽ വീഴ്ത്തി കൊല്ലുന്ന രീതിയുമുണ്ട്. ഇത്തരത്തിൽ കെണിയിൽ വീഴ്ത്താൻ ഓടിച്ച മ്ലാവ് ഏതാനും ദിവസം മുമ്പ് ഗതിമാറി നെട്ടയത്ത് ജനവാസ മേഖലയിലെത്തി. ഇതിനെ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി തെന്മല വനത്തിൽ വിട്ടു. തോട്ടം മേഖലയിൽ ചോദ്യംചെയ്യപ്പെടാതെ വളരുന്ന നായാട്ട് മാഫിയ സംഘത്തെ അമർച്ച ചെയ്യുന്നതിനും ജനങ്ങൾക്ക് സ്വൈരജീവിതം ഉറപ്പുവരുത്തുന്നതിനുമുള്ള നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story