ന്യൂസിലൻഡിൽ വിഷം കലർന്ന ആഹാരം കഴിച്ച മലയാളി കുടുംബം സുഖം പ്രാപിക്കുന്നു

05:23 AM
07/12/2017
കൊല്ലം: ന്യൂസിലൻഡിൽ വിഷം കലർന്ന ആഹാരം കഴിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൊട്ടാരക്കര നീലേശ്വരം സ്വദേശികളായ ഷിബു ഭവനത്തിൽ ഷിബു കൊച്ചുമ്മൻ, ഭാര്യ സുബി, ഷിബുവി​െൻറ മാതാവ് ഏലിക്കുട്ടി എന്നിവർ സുഖം പ്രാപിച്ചുവരുന്നതായി കൊടിക്കുന്നിൽ സുരേഷ് എം.പിയെ ന്യൂസിലൻഡിലെ ഇന്ത്യൻ ഹൈകമീഷണർ അറിയിച്ചു. വിദഗ്ധ ചികിത്സ നൽകുന്നതിനായി ഇവരെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നതായും എം.പി പറഞ്ഞു. ആഹാരത്തിൽ വിഷം കലർന്നതിനെ തുടർന്ന് അബോധാവസ്ഥയിലായിരുന്ന ഇവർ ന്യൂസിലൻഡിലെ വൈകാട്ടോയിെല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവർ കഴിച്ച ഇറച്ചിയിൽനിന്നുള്ള വിഷാംശം മൂലമാണ് ഗുരുതരാവസ്ഥയിലായത്. ബോട്ടുലിസം എന്ന രോഗമാണ് ഇവരെ ബാധിച്ചിരിക്കുന്നത്. അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന മലയാളി കുടുംബത്തിന് ആവശ്യമായ വിദഗ്ധ ചികിത്സനൽകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്ര വിദേശകാര്യമന്ത്രിയോടും ന്യൂസിലൻഡിലെ ഇന്ത്യൻ ഹൈകമീഷണറോടും നേരിട്ടും ഇ-മെയിൽ സന്ദേശം മുഖേനയും അഭ്യർഥിച്ചിരുന്നു. കുടുംബത്തെ ഇന്ത്യയിലെത്തിക്കാനുള്ള മുഴുവൻ ചെലവും കേന്ദ്ര സർക്കാർ വഹിക്കുന്ന കാര്യത്തെ സംബന്ധിച്ച് വിദേശകാര്യ മന്ത്രിയുമായി വീണ്ടും ചർച്ച നടത്തുമെന്നും എം.പി അറിയിച്ചു.
COMMENTS