സര്‍ക്കാര്‍ തീരദേശ ജനതയോട് മാപ്പ് പറയണം ^കോൺഗ്രസ്​

05:23 AM
07/12/2017
സര്‍ക്കാര്‍ തീരദേശ ജനതയോട് മാപ്പ് പറയണം -കോൺഗ്രസ് തിരുവനന്തപുരം: ഓഖി ചുഴലി കൊടുങ്കാറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ കണക്കുപോലുമില്ലാത്ത സര്‍ക്കാര്‍ തീരദേശ ജനതയോട് മാപ്പ് പറയണമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ കണക്കില്‍ 92 പേരെയാണ് കാണാനുള്ളത്. എന്നാല്‍ ലത്തീന്‍ അതിരൂപത ഇടവകകള്‍ കേന്ദ്രീകരിച്ച് എടുത്ത കണക്കില്‍ 204 പേരെ ഇനിയും കാണാനുണ്ട്. കുറച്ചുകൂടി വിശ്വസനീയം അതിരൂപതയുടെ കണക്കാണെന്ന് വാർത്തസമ്മേളനത്തില്‍ ഹസന്‍ പറഞ്ഞു. ദുരന്തത്തിന് ഇരയായവര്‍ക്കായി സർക്കാർ പ്രഖ്യാപിച്ച പാക്കേജ് അപര്യാപ്തമാണ്. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം 25 ലക്ഷമാക്കണം. 10 ലക്ഷം രൂപ ഫിഷറീസ് വകുപ്പില്‍നിന്ന് നിലവിലുള്ള ധനസഹായമാണ്. മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. പരിക്കേറ്റവര്‍ക്കുള്ള ധനസഹായവും വർധിപ്പിക്കണം. ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. കേന്ദ്ര സഹായത്തിനുള്ള റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ഇനിയും നല്‍കിയിട്ടില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങള്‍ മുന്നറിയിപ്പ് നേരത്തെ നല്‍കിയതിനാല്‍ മത്സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഈ വീഴ്ചക്ക് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. കാണാതായ അവസാനത്തെ ആളെയും കണ്ടെത്തുംവരെ തിരച്ചില്‍ നടത്തുമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ആവര്‍ത്തിക്കുമ്പോഴും രണ്ട് ദിവസമായി ഇക്കാര്യത്തില്‍ ഒരു പുരോഗതിയുമില്ലെന്ന് വാർത്തസമ്മേളനത്തിൽ സംബന്ധിച്ച എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍, എം. വിന്‍സ​െൻറ് എന്നിവര്‍ കുറ്റപ്പെടുത്തി. സ്വന്തംനിലക്ക് മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് ചിലരുടെ മൃതദേഹം കണ്ടെത്തിയത്. വീഴ്ച മറച്ചുപിടിക്കാന്‍ സര്‍ക്കാറി​െൻറ പ്രവര്‍ത്തനങ്ങളില്‍ രൂപതാധികാരികള്‍ സംതൃപ്തി രേഖപ്പെടുത്തിയെന്ന പ്രചാരണം മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തുകയാണെന്നും അവർ ആരോപിച്ചു.
COMMENTS